മൂന്ന് യുവാക്കള്‍ ലോറിയിടിച്ച് മരിച്ച സംഭവം; ഡ്രൈവര്‍ അറസ്റ്റില്‍

Posted on: April 29, 2016 11:21 am | Last updated: April 29, 2016 at 11:21 am
SHARE

വളാഞ്ചേരി: കോട്ടപ്പുറത്ത് മൂന്ന് യുവാക്കള്‍ ലോറിയിടിച്ച് മരിക്കാനിടയായ സംഭവത്തിലെ ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തു. അപകടത്തിന് ശേഷം ഒളിവില്‍ പോയ എടക്കര സ്വദേശി ദേവസ്യ എന്ന ബേബിയെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 24ന് പുലര്‍ച്ചെയാണ് സുഹൃത്തുക്കളായ മൂന്ന് യുവാക്കള്‍ ലോറിയിടിച്ച് മരിച്ചത്. കോട്ടപ്പുറം ജുമാമസ്ജിദിന് സമീപം പുലര്‍ച്ചെ 4.30ന് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കഴിഞ്ഞ് മടങ്ങുകയായിരുന്ന നാല് പേരടങ്ങുന്ന കൂട്ടുകാര്‍ റോഡരികില്‍ ബൈക്ക് നിര്‍ത്തി സംസാരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ലോറി െൈബക്കുകളില്‍ ഇടിക്കുകയായിരുന്നു. അപകടം നടന്നയുടന്‍ ലോറി ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇത്തരം അപകടങ്ങള്‍ ഉണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ ഡ്രൈവര്‍മാര്‍ പോലീസില്‍ കീഴടങ്ങുകയാണ് പതിവ്. എന്നാല്‍ ദേവസ്യ പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ പോയതായിരുന്നു.
വ്യാഴാഴ്ച രാവിലെ നിലമ്പൂരില്‍ നിന്നുമാണ് ഇയാളെ പോലീസ് പിടികൂടിയത്. ഉറങ്ങിപ്പോയതുകൊണ്ടാണ് വാഹനം നിയന്ത്രണം വിട്ട് അപകടത്തില്‍ പെട്ടതെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു. ലോറി ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുത്തു. ഇയാളെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here