Connect with us

Ongoing News

ഏകീകൃത മെഡിക്കല്‍ പ്രവേശന പരീക്ഷ: കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി: ഏകീകൃത മെഡിക്കല്‍ പ്രവേശന പരീക്ഷ രണ്ടു ഘട്ടമായി നടത്തരുതെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. നീറ്റ് പരീക്ഷയില്‍ ഭേദഗതി വേണമെന്ന ആവശ്യവും കോടതി തള്ളി. പ്രാദേശിക ഭാഷയില്‍ വേണമെന്ന ആവശ്യവും അംഗീകരിച്ചില്ല. നേരത്തെ ഉത്തരവിട്ട പ്രകാരം രണ്ട് ഘട്ടമായി തന്നെ ഏകീകൃത മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ്) നടക്കും. മെയ് ഒന്നിന് ഒന്നാം ഘട്ടവും ജൂലൈ 24ന് രണ്ടാം ഘട്ടവും നടക്കും. സുപ്രീംകോടതി വിധിയോടെ സംസ്ഥാന തലത്തില്‍ നടന്ന മെഡിക്കല്‍ പ്രവേശന പരീക്ഷ അസാധുവാകും.

മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിനായുള്ള നാഷണല്‍ എന്‍ട്രന്‍സ് എലിജിബിലിറ്റി ടെസ്റ്റ് (നീറ്റ്)ഈ വര്‍ഷം നടത്തേണ്ടെന്ന് കാണിച്ച് സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോതി തള്ളിയത്. പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് മെഡിക്കല്‍ ഡെന്റല്‍ പ്രവേശനത്തിനായുള്ള ഏകീകൃത പ്രവേശന പരീക്ഷ ഈ വര്‍ഷം വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തത്.

വിവിധ സംസ്ഥാനങ്ങള്‍ പ്രവേശന പരീക്ഷയ്ക്കായുള്ള വിജ്ഞാപനം പുറപ്പെടുവിക്കുകയും ചിലര്‍ പരീക്ഷ നടത്തുകയും ചെയ്ത സാഹചര്യത്തില്‍ മെയ് ഒന്നിന് തിരക്കിട്ട് നീറ്റ് പരീക്ഷ നടത്തേണ്ട. ഈ പരീക്ഷ നടത്തണമെന്നാണ് കോടതി തീരുമാനമെങ്കില്‍ അത് രണ്ട് ഘട്ടമായി നടത്തുന്നതിന് പകരം ജൂലൈ 24ന് ഒറ്റഘട്ടമായി നടത്തണമെന്നുമായിരുന്നു കേന്ദ്രത്തിന്റെ ആവശ്യം.

മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിനായി രാജ്യവ്യാപകമായി ഏകീകൃത പ്രവേശന പരീക്ഷയായ നാഷണല്‍ എന്‍ട്രന്‍സ് എലിജിബിലിറ്റി ടെസ്റ്റ് നടത്താന്‍ സുപ്രീംകോടതി കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു.

മെയ് ഒന്നിന് നടക്കുന്ന അഖിലേന്ത്യാ പ്രീമെഡിക്കല്‍ ടെസ്റ്റ് ഒന്നാം ഘട്ടമായി പരിഗണിക്കുകയും ഇതിന് അപേക്ഷിക്കാത്തവര്‍ക്കായി ജൂലൈ 24ന് നീറ്റ് രണ്ടാം ഘട്ടം നടത്താനുമായിരുന്നു തീരുമാനം. കേന്ദ്രസര്‍ക്കാരും. സി.ബി.എസ്.ഇയും, മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും സമര്‍പ്പിച്ച സമയക്രമമാണ് കോടതി അംഗീകരിച്ചത്.

സംസ്ഥാന തലത്തില്‍ ഇന്നലെ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിടുമ്പോഴാണ് അവയുടെ പ്രസക്തി നഷ്ടപ്പെടുത്തി കോടതി വിധി വരുന്നത്. ഏകീകൃത പരീക്ഷ നടത്തുന്നതിനെ കേരളം, തമിഴ്‌നാട്, കര്‍ണാടക മെഡിക്കല്‍ കോളജ് അസോസിയേഷനുകള്‍ എതിര്‍ത്തിരുന്നു. നടപടി നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. സങ്കല്പ് ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന എന്‍.ജി.ഒ സംഘടന നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്.
അതേസമയം മെഡിക്കല്‍ പ്രവേശനത്തിന് ഏകീകൃത പരീക്ഷ നടത്തണമെന്ന സുപ്രീം കോടതി വിധിയെ വിയോജിച്ച് വിദ്യഭ്യാസ മന്ത്രി പികെ അബ്ദു റബ്ബ് രംഗത്തെത്തിയിരുന്നു. ഏകീകൃത മെഡിക്കല്‍ പ്രവേശനപരീക്ഷയോട് യോജിപ്പില്ല. ഇനി തീരുമാനം പറയേണ്ടത് മെഡിക്കല്‍ വിദ്യഭ്യാസ ബോര്‍ഡാണ്. പരീക്ഷാനടത്തിപ്പ് മാത്രമാണ് വിദ്യഭ്യാസ വകുപ്പിനുള്ളതെന്നും അബ്ദുറബ് പറഞ്ഞു.