Connect with us

International

പുതിയ നിയമം പാസായി; ചൈനയില്‍ വിദേശ സന്നദ്ധ സംഘടനകള്‍ക്ക് നിയന്ത്രണം

Published

|

Last Updated

ബീജിംഗ്: സര്‍ക്കാറിതര വിദേശ സന്നദ്ധ സംഘടനകള്‍ക്ക് മൂക്കുകയറിടുന്നത് ലക്ഷ്യമാക്കിയുള്ള പുതിയ നിയമം ചൈനീസ് പാര്‍ലിമെന്റ് പാസാക്കി. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളും വിദേശരാജ്യങ്ങളും ചൈനയുടെ പുതിയ നീക്കത്തില്‍ ആശങ്ക രേഖപ്പെടുത്തുകയും സര്‍ക്കാറിന്റെ നീക്കങ്ങളെ വിമര്‍ശിക്കുകയും ചെയ്ത് രംഗത്തെത്തി. ചൈനയില്‍ നിലവില്‍ പൗരസമൂഹം വിവിധ തരത്തിലുള്ള അടിച്ചമര്‍ത്തലുകള്‍ നേരിടുന്നുണ്ട്. പോലീസിന് അമിതാധികാരം നല്‍കിയ നടപടിയും വന്‍വിമര്‍ശമാണ് വിളിച്ചുവരുത്തുന്നത്.
ചൈനയില്‍ ആയിരത്തിലധികം വിദേശ സന്നദ്ധ സംഘടനകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. ഇതില്‍ കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്ന സംഘടനകള്‍, നിയമോപദേശം നല്‍കുന്ന സംഘടനകള്‍, ഗ്രീന്‍പീസ്, ചോംബേഴ്‌സ് ഓഫ് കൊമേഴ്‌സ്, സര്‍വകലാശാലാ സെന്ററുകള്‍ തുടങ്ങിയവയും ഇവയില്‍ ഉള്‍പ്പെടുന്നു.
നാഷനല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ നടന്ന വോട്ടെടുപ്പില്‍ 147 അംഗങ്ങളും ഈ പുതിയ നിമയത്തിന് അനുകൂലമായി വോട്ടു ചെയ്തു. ഒരംഗം മാത്രമാണ് എതിര്‍ത്ത് വോട്ടു രേഖപ്പെടുത്തിയത്.
അതേസമയം, പുതിയ നിയമത്തിന്റെ വിശദമായ രൂപം പുറത്തുവിട്ടിട്ടില്ല. സന്നദ്ധ സംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ ആശങ്കരേഖപ്പെടുത്തിയിരുന്ന വകുപ്പുകളെല്ലാം പുതിയ നിയമത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിദേശ സന്നദ്ധ സംഘടനകള്‍, ബിസിനസ് സംഘടനകള്‍, വിദ്യാഭ്യാസ സംഘടനകള്‍ തുടങ്ങിയവയെല്ലാം ചൈനീസ് സര്‍ക്കാറിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സികളോടൊപ്പമാണ് പ്രവര്‍ത്തിക്കേണ്ടതെന്നും ഇത്തരം സംഘടനകള്‍ അവരുടെ പ്രവര്‍ത്തന പദ്ധതികള്‍ സര്‍ക്കാറിന് റിപ്പോര്‍ട്ടായി നല്‍കണമെന്നും നിയമത്തിലുണ്ട്. വിദേശസന്നദ്ധ സംഘടനകള്‍ സമൂഹത്തിന്റെ സുസ്ഥിരതയെയും സുരക്ഷയെയും ഭീഷണിപ്പെടുത്തുന്ന രൂപത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി എന്‍ പി സി ഉദ്യോഗസ്ഥന്‍ ഴാംഗ് യോംഗ് മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചു. ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്ന് കണ്ടെത്തുന്ന പക്ഷം ഏത് സന്നദ്ധ സംഘടനയുടെയും പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ചൈനീസ് പോലീസിനും അധികാരമുണ്ടായിരിക്കും. രാജ്യത്ത് വിഘടനവാദത്തിനും സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കുന്ന സംഘടനകളുടെ പട്ടികയുണ്ടാക്കി നിരോധമേര്‍പ്പെടുത്താനും ഇനി മുതല്‍ പോലീസിനാകും.

---- facebook comment plugin here -----

Latest