Connect with us

Kerala

കടുത്ത ചൂടില്‍ ജോലി ചെയ്യാന്‍ആകാത്തവര്‍ക്ക് സൗജന്യ റേഷന്‍

Published

|

Last Updated

തിരുവനന്തപുരം: കേരളത്തില്‍ സൂര്യാതപമേറ്റ് മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ നാല് ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സയും നല്‍കും. സംസ്ഥാനത്തെ കടുത്ത വരള്‍ച്ച കണക്കിലെടുത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മാര്‍ഗരേഖ വരുന്നതിനുമുമ്പ് മരിച്ചവരുടെ കുടുംബത്തിന് ഈ തുക ലഭിക്കും. സൂര്യാതപമേറ്റാണ് മരിച്ചതെന്ന ആരോഗ്യ വകുപ്പിന്റെ സര്‍ട്ടിഫിക്കറ്റ് അവര്‍ ഹാജരാക്കണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാകും തുക ലഭ്യമാക്കുകയെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച റവന്യൂമന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. കേരളത്തെ വരള്‍ച്ചാബാധിത സംസ്ഥാനമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. ഇതിനായി പ്രധാനമന്ത്രി, കൃഷിമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി എന്നിവര്‍ക്ക് മുഖ്യമന്ത്രി കത്തെഴുതും. അഭൂതപൂര്‍വമായ ചൂടാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തില്‍ നിലവിലുള്ള മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടും. കടുത്ത ചൂടില്‍ ജോലിചെയ്യാനാകാത്തവര്‍ക്ക് കലക്ടര്‍മാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സൗജന്യ റേഷന്‍ അനുവദിക്കും. കനത്ത ചൂടില്‍ കൃഷിനാശമുണ്ടായ 1,038 ഹെക്ടറിന് അടിയന്തര സാമ്പത്തിക സഹായം നല്‍കാനും യോഗത്തില്‍ തീരുമാനമായി.
രൂക്ഷമായ വരള്‍ച്ച ബാധിച്ചിട്ടുള്ളത് കാസര്‍കോട്, കൊല്ലം, പാലക്കാട് ജില്ലകളിലാണ്. ജലസ്രോതസ്സുകളില്‍ ഉപ്പുവെളളം കയറിയ കാസര്‍കോട് ജില്ലയില്‍ റിവേഴ്‌സ് ഓസ്‌മോസിസ് പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കും. ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും കുഴല്‍ക്കിണര്‍ നിര്‍മാതാക്കളോടും വാഹനങ്ങളുമായി കാസര്‍കോട്ടെത്താന്‍ അടിയന്തര നിര്‍ദേശം നല്‍കി. ആറ്് ജില്ലകളില്‍ നിന്നുള്ള ജിയോളജിസ്റ്റുകള്‍ വെള്ളിയാഴ്ച കാസര്‍ഗോട് എത്തും. കാസര്‍കോട് ജില്ലയിലെ വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് അഡീഷണല്‍ ചീഫ് സെക്രട്ടറി വി ജെ കുര്യനെ ചുമതലപ്പെടുത്തി. കൊല്ലം ടൗണ്‍, പന്മന തുടങ്ങിയ പ്രദേശങ്ങളില്‍ തെന്മല ഡാമില്‍ നിന്ന് കുടിവെളളം എത്തിക്കവാന്‍ നടപടി തുടങ്ങി.
ഉദ്യോഗസ്ഥരടക്കമുള്ളവര്‍ കാസര്‍കോട്് ക്യാമ്പ് ചെയ്തായിരിക്കും പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുക. ജില്ലയിലെ ഉപ്പുവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് 10 ആര്‍ ഒ പ്ലാന്റുകള്‍ ഉടന്‍ സ്ഥാപിക്കും. പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലെ കുടിവെള്ള ക്ഷാമം നേരിടുന്നതിന് തെന്‍മല ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളമെത്തിക്കും. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലേക്കുള്ള കനാലുകള്‍ തുറന്നുവിടുന്നതിന് പ്രത്യേക നിര്‍ദേശം നല്‍കും. മെയ് മൂന്നോടുകൂടി കൊല്ലം ജില്ലയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണും. മലമ്പുഴ ഡാമിലെ ജലം കുടിവെള്ളത്തിന് മാത്രമായി വിനിയോഗിക്കും. തിരുവനന്തപുരം ജില്ലക്കായി നെയ്യാര്‍ ഡാമില്‍ നിന്ന് കൂടുതല്‍ ജലമെത്തിക്കും. ജലക്ഷാമം അനുഭവപ്പെടുന്ന ജില്ലകളില്‍ കുടിവെള്ളമെത്തിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. പ്രതിസന്ധി ഘട്ടത്തെ നേരിടാന്‍ നടന്‍ മമ്മൂട്ടി അടക്കുമുള്ളവര്‍ മുന്നോട്ടുവന്നിട്ടുണ്ട്. ഇത്തരം ആളുകളെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ തണ്ണീര്‍പ്പന്തലുകള്‍ സ്ഥാപിച്ച് കുടിവെള്ളം ലഭ്യമാക്കും. ഇതിനായി 13 കോടി രൂപ കലക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ തുക നല്‍കും. കന്നുകാലികളുടെ സംരക്ഷണത്തിനായി മരുന്നുകള്‍ വാങ്ങുന്നതിന് ജില്ലാ മൃഗസംരക്ഷണ വകുപ്പിന് രണ്ട് ലക്ഷം രൂപ അനുവദിച്ചതായും റവന്യൂമന്ത്രി അറിയിച്ചു.
സമാനതകളില്ലാത്ത വരള്‍ച്ചയാണ് ഇത്തവണ കേരളത്തിലുണ്ടായിരിക്കുന്നതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും യോഗം വിലയിരുത്തി. വരള്‍ച്ച തടയുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കേണ്ടതിലേക്കായി കൂടുതല്‍ കേന്ദ്രസഹായം ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറ്റിയുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. ഉന്നതതല യോഗത്തില്‍ ആഭ്യന്തരമന്ത്രിയും ബന്ധപ്പെട്ട വകുപ്പുകളിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു.