Connect with us

Ongoing News

അഭിമുഖീകരിക്കുന്നത് കടുത്ത മത്സരം: സുധീരന്‍

Published

|

Last Updated

തൃശൂര്‍: നിയസഭാ തിരഞ്ഞെടുപ്പില്‍ കടുത്ത മത്സരമാണ് ഇരു മുന്നണികളും അഭിമുഖീകരിക്കുന്നതെന്നും എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേടിയതിനെക്കാള്‍ കൂടുതല്‍ സീറ്റോടെ യു ഡി എഫ് ഭരണം തുടരുമെന്നും കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. തൃശൂര്‍ പ്രസ് ക്ലബിന്റെ “പോരിന്റെ പൂര”ത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയത്തെ ആദ്യഘട്ടത്തില്‍ പിന്തുണച്ച പിണറായി ഉള്‍പ്പെടെയുള്ളവര്‍ പിന്നീട് നിലപാട് മാറ്റിയത് രാഷ്ട്രീയപ്രേരിതമാണ്. വിഷയത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് സി പി എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മദ്യ നിരോധമാണ് നടപ്പിലാക്കേണ്ടതെന്ന് നിര്‍ദേശിച്ചെങ്കിലും പ്രചാരണ വേളയില്‍ എല്‍ ഡി എഫ് നേതാക്കള്‍ അതു ചെവിക്കൊള്ളാന്‍ തയ്യാറായിട്ടില്ല. ബാറുടമകള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ക്കാണ് അവര്‍ മുന്‍ഗണന നല്‍കുന്നത്. സംസ്ഥാന ഇടതുപക്ഷ നേതൃത്വത്തിന്റെ മദ്യനയം മദ്യലോബികളുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണ്. ദേശീയ- അന്തര്‍ദേശീയ തലത്തിലുള്ള മദ്യലോബികളുടെയും സ്ഥാപിത താത്പര്യക്കാരുടെയും എതിര്‍പ്പുകളെ അതിജീവിച്ചാണ് യു ഡി എഫ് മദ്യനിരോധമെന്ന നയം കൊണ്ടു വന്നത്. ഇനിയും ഇക്കാര്യത്തില്‍ ഉറച്ചു നില്‍ക്കും. പത്ത് വര്‍ഷം കൊണ്ട് സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യ നിരോധം പ്രാബല്യത്തില്‍ വരുത്തും.
തിരഞ്ഞെടുപ്പില്‍ എത്ര സീറ്റ് ലഭിക്കുമെന്നത് ഉറപ്പിച്ചു പറയാനാകില്ല. കെ ബാബുവിന്റെയും അടൂര്‍ പ്രകാശിന്റെയും സ്ഥാനാര്‍ഥിത്വത്തെ പിന്തുണക്കുമോ എന്ന ചോദ്യത്തിന് പാര്‍ട്ടി നിര്‍ത്തിയിട്ടുള്ള എല്ലാ സ്ഥാനാര്‍ഥികളെയും പിന്തുണക്കുമെന്നും അവര്‍ക്കായി പ്രചാരണത്തിനിറങ്ങുമെന്നും അദ്ദേഹം മറുപടി നല്‍കി. എ ഐ സി സിക്ക് രമേശ് ചെന്നിത്തല അയച്ചതായി വി എസ് അച്യുതാനന്ദന്‍ ഉയര്‍ത്തിക്കാട്ടിയ കത്ത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിന് മുതിരുന്നില്ല. അയച്ചിട്ടില്ലെന്ന് ചെന്നിത്തലയും കിട്ടിയിട്ടില്ലെന്ന് എ ഐ സി സിയും വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ആരോപണങ്ങളെല്ലാം തിരഞ്ഞെടുപ്പ് പ്രചാരണ രംഗങ്ങളില്‍ സാധാരണമാണ്.
സാധാരണക്കാരന്റെ നേരെയുള്ള കടന്നുകയറ്റമായ അഴിമതി എല്ലാകാലത്തും അവസാനിപ്പിക്കേണ്ടത് ആവശ്യമാണ്. എന്നാല്‍ അഴിമതിയെ രാഷ്ട്രീയ അടിസ്ഥാനത്തിലാണ് എതിര്‍ക്കുന്നത്. തങ്ങളുടെ കൂടെയുള്ളവര്‍ തെറ്റ് ചെയ്താല്‍ കണ്ണടക്കുകയും മറ്റുള്ളവരുടെ തെറ്റിനെ എതിര്‍ക്കുകയും ചെയ്യുന്ന നിലപാട് മാറേണ്ടതുണ്ട്. ബാലകൃഷ്ണപിള്ളയെ അഴിമതിയുടെ പേരില്‍ ജയിലിലടച്ച എല്‍ ഡി എഫ് തന്നെ പിള്ള പിന്നീട് യു ഡി എഫ് വിട്ടപ്പോള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. ഇതു തന്നെ അവരുടെ രാഷ്ട്രീയ നയത്തിലെ ഇരട്ടത്താപ്പാണ് കാണിക്കുന്നത്. സംസ്ഥാനത്ത് സ്റ്റേറ്റ് വിജിലന്‍സ് കമ്മീഷനെന്ന പേരില്‍ അഴിമതി തുടച്ചു നീക്കുന്നതിന് സ്വതന്ത്ര അന്വേഷണ സംഘത്തെ രൂപവത്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.