Connect with us

Ongoing News

ഹാട്രിക്കിനായി പ്രദീപ്കുമാര്‍; തടയാന്‍ സുരേഷ്ബാബു

Published

|

Last Updated

ഇരുമുന്നണികളെയും മാറി മാറി പരീക്ഷിട്ടുണ്ട് കോഴിക്കോട് നോര്‍ത്ത് മണ്ഡലം.എങ്കിലും ഏറ്റവുമൊടുവില്‍ നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും നോര്‍ത്ത് വിജയിപ്പിച്ചത് എല്‍ ഡി എഫിനെയാണ്. യു ഡി എഫില്‍ നിന്ന് സീറ്റ് പിടിച്ചെടുത്ത എ പ്രദീപ്കുമാറിനെ തന്നെയാണ് സീറ്റ് നിലനിര്‍ത്താനായി ഇത്തവണയും നിയോഗിച്ചത്. ജില്ലയിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സി പി എമ്മിലും പരാതികള്‍ ഉയര്‍ന്നു വന്നുവെങ്കിലും എ പ്രദീപ്കുമാറിനെ മൂന്നാമതും മത്സരിപ്പിക്കുന്ന കാര്യത്തില്‍ എതിരഭിപ്രായമൊന്നുമുണ്ടായില്ല. സീറ്റ് നിലനിര്‍ത്തുകയെന്നതാണ് ലക്ഷ്യമെന്നത് കൊണ്ട് തന്നെ അതിന് യോഗ്യന്‍ പ്രദീപ്കുമാര്‍ തന്നെയെന്ന് പാര്‍ട്ടിക്ക് അഭിപ്രായവ്യത്യാസമൊന്നുമുണ്ടായില്ല.
കോഴിക്കോട് നഗരത്തിന്റെ നേര്‍ പകുതിയാണ് കോഴിക്കോട് നോര്‍ത്ത് മണ്ഡലം. തുടര്‍ച്ചയായി രണ്ട് തവണ കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ നിന്ന് എം എല്‍ എയായ പ്രദീപ്കുമാര്‍ ഹാട്രിക് പ്രതീക്ഷയുമായാണ് ഇത്തവണ അങ്കത്തിനിറങ്ങുന്നത്. നിലവിലെ സാഹചര്യത്തില്‍ പ്രദീപ്കുമാറിന് അനായാസം ജയിച്ചുകയറാന്‍ സാധിക്കുമെന്നാണ് എല്‍ ഡി എഫിന്റെ കണക്കുകൂട്ടല്‍.
ഒത്തു പിടിച്ചാല്‍ മണ്ഡലം പിടിക്കാനാകുമെന്ന് തന്നെയാണ് യു ഡി എഫിന്റെ അവകാശവാദം. കരുത്തനായ സ്ഥാനാര്‍ഥിയെ നേരിടാന്‍ കെ പി സി സി ജനറല്‍ സെക്രട്ടറിയായ അഡ്വ. പി എം സുരേഷ്ബാബുവിനെയാണ് കോണ്‍ഗ്രസ് നിയോഗിച്ചത്. കോഴിക്കോട് കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവുകൂടിയായ ഇദ്ദേഹത്തിന് സീറ്റ് തിരിച്ചുപിടിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷ യു ഡി എഫിനുണ്ട്.
നാദാപുരത്തിനടുത്ത ചേലക്കാട് സ്വദേശിയായ പ്രദീപ്കുമാര്‍ ഇപ്പോള്‍ ഈസ്റ്റ്ഹില്ലിലാണ് താമസം. എസ് എഫ് ഐയിലൂടെ പൊതുപ്രവര്‍ത്തനം തുടങ്ങി. എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി, ദേശീയ വൈസ് പ്രസിഡന്റ് എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാല യൂനിയന്‍ ജനറല്‍ സെക്രട്ടറി ആയിരുന്നു. നിലവില്‍ സി പി എം സംസ്ഥാന കമ്മിറ്റി അംഗവും കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമാണ്.
വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് സുരേഷ്ബാബു പൊതുരംഗത്തെത്തിയത്. 1977ല്‍ കെ എസ് യു സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, ഡി സി സി ജനറല്‍ സെക്രട്ടറി, എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 1998, 99 വര്‍ഷങ്ങളില്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായിരുന്നു.
ബി ജെ പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ. പി ശ്രീശനാണ്. യുവമോര്‍ച്ചയുടെ ജില്ലാ ജനറല്‍ സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, ബി ജെ പി ജില്ലാ പ്രസിഡന്റ്, ഉത്തരമേഖലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നി ചുമതലകളും വഹിച്ചിട്ടുണ്ട്. രണ്ട് തവണ വടകരയിലും ഓരോ തവണ കോഴിക്കോട്, തൃശൂര്‍ മണ്ഡലങ്ങളില്‍ നിന്നും പാര്‍ലിമെന്റിലേക്ക് മത്സരിച്ചു. രണ്ട് തവണ ബേപ്പൂരിലും ഒരു തവണ ബാലുശ്ശേരിയിലും നിയമസഭയിലേക്കും മത്സരിച്ചു.
കോഴിക്കോട് കോര്‍പറേഷനിലെ 31 ഡിവിഷനുകളാണ് മണ്ഡലത്തില്‍ ഉള്‍ക്കൊള്ളുന്നത്. 77,871 പുരുഷവോട്ടര്‍മാരും 87,153 സ്ത്രീവോട്ടര്‍മാരും ചേര്‍ന്ന് 1,65,024 സമ്മതിദായകരാണ് നോര്‍ത്ത് മണ്ഡലത്തിലുള്ളത്. 2011 വരെ കോഴിക്കോട് ഒന്ന് എന്ന പേരിലാണ് നോര്‍ത്ത് മണ്ഡലം അറിയപ്പെട്ടത്. കഴിഞ്ഞ തവണ പുനര്‍വിഭജനം നടത്തിയതോടെയാണ് കോഴിക്കോട് നോര്‍ത്ത് മണ്ഡലമുണ്ടായത്. നേരത്തെ കോഴിക്കോട് രണ്ടിന്റെ ഭാഗമായിരുന്ന ചെലവൂര്‍, മൂഴിക്കല്‍ പ്രദേശങ്ങള്‍ നോര്‍ത്തിലേക്ക് കൂട്ടിച്ചേര്‍ക്കുകയും മാങ്കാവിനെ കോഴിക്കോട് സൗത്തിലേക്ക് മാറ്റുകയുമായിരുന്നു. മാവൂര്‍ റോഡിന്റെ വടക്കു ഭാഗം നോര്‍ത്ത് മണ്ഡലത്തിലും തെക്കു ഭാഗം സൗത്ത് മണ്ഡലത്തിലുമാണ്.
1957 ലും 60 ലും കോണ്‍ഗ്രസിന്റെ ഒ ടി ശാരദാ കൃഷ്ണനാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 65 മുതല്‍ മണ്ഡലത്തിന്റെ രാഷ്ട്രീയ ചരിത്രം മാറി. പി സി രാഘവന്‍ നായരിലൂടെ മണ്ഡലം സി പി എം പിടിച്ചെടുത്തു. 67 ലും അദ്ദേഹം തന്നെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. 1970 ല്‍ പി വി ശങ്കരനാരായണനിലൂടെ കോണ്‍ഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചുവെങ്കിലും 77 ല്‍ മണ്ഡലം കോണ്‍ഗ്രസിനെ കൈവിട്ടു. 1977ല്‍ ശങ്കരനാരായണന്‍ പരാജയപ്പെടുകയും സി പി എമ്മിലെ എന്‍ ചന്ദ്രശേഖരക്കുറുപ്പ് വിജയിക്കുകയും ചെയ്തു. 1980ലും 1982ലും എന്‍ ചന്ദ്രശേഖരക്കുറുപ്പിനായിരുന്നു വിജയം. 1987ല്‍ സി പി എമ്മിലെ എം ദാസന്‍ വിജയിയായി. എം കമലമായിരുന്നു എതിരാളി. 1991 ല്‍ എ. സുജനപാലിലൂടെ വീണ്ടും കോണ്‍ഗ്രസ് തിരിച്ചെത്തി. 1996 ല്‍ എം ദാസന്‍ തിരിച്ചെത്തി. 2001 ല്‍ സുജനപാലിനായിരുന്നു ജയം. എം ദാസന്റെ ഭാര്യ പി സതീദേവിയെയാണ് സുജനപാല്‍ തോല്‍പ്പിച്ചത്. എന്നാല്‍ 2006 ല്‍ സുജനപാലിനെ വീഴ്ത്തി പ്രദീപ്കുമാര്‍ എം എല്‍ എ ആയി. 7705 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പ്രദീപ്കുമാര്‍ വിജയിച്ചത്. 2011 ല്‍ പി വി ഗംഗാധരനെ 8998 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി പ്രദീപ്കുമാര്‍ രണ്ടാം തവണയും നിയമസഭയിലെത്തി.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിനും നിയമസഭ, കോര്‍പറേഷന്‍ തിരഞ്ഞെടുപ്പുകളില്‍ എല്‍ ഡി എഫിനും ലീഡ് നല്‍കി കൊടുക്കുന്നതാണ് കോഴിക്കോട് നോര്‍ത്തിന്റെ രീതി. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇവിടെ യു ഡി എഫിന് 1519 വോട്ടിന്റെ ലീഡ് ലഭിച്ചപ്പോള്‍ തൊട്ടു പിന്നാലെ നടന്ന കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ എണ്ണായിരത്തിലേറെ വോട്ടിന്റെ മേല്‍ക്കൈ എല്‍ ഡി എഫിനു നല്‍കിയിരുന്നു. നോര്‍ത്തില്‍ ഉള്‍പ്പെടുന്ന മൂന്ന് വാര്‍ഡുകളില്‍ ബി ജെ പിയും വിജയിച്ചു.
മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് എ പ്രദീപ്കുമാറിന്റെ പ്രതീക്ഷ. വിദ്യാഭ്യാസ രംഗത്തുള്‍പ്പെടെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ എം എല്‍ എയാണ് പ്രദീപ്കുമാര്‍. എതിരാളികള്‍ക്ക് പോലും വിമര്‍ശനമില്ലാത്ത എം എല്‍ എ എന്നത് തന്നെയാണ് എല്‍ ഡി എഫിന് വിജയ പ്രതീക്ഷ നല്‍കുന്നത്.
എന്നാല്‍ മണ്ഡലം തിരിച്ചു പിടിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ഥിയാണ് തങ്ങളുടേതെന്ന് യു ഡി എഫ് അവകാശപ്പെടുന്നു. രാഷ്ട്രീയവും വികസനവും തന്നെയാണ് നോര്‍ത്തിന്റെ തിരഞ്ഞെടുപ്പ് ചര്‍ച്ചാ വിഷയവും. ഇരു മുന്നണികളിലും അടിയൊഴുക്കുണ്ടാകാനിടയില്ലെന്ന് തന്നെയാണ് സൂചന. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ നേരത്തെ അഭിപ്രായവ്യത്യാസവും പ്രതിഷേധവുമൊക്കെ ഉയര്‍ന്നു വന്നിരുന്നു.എ ഗ്രൂപ്പിനെയും ഐ ഗ്രൂപ്പിനെയും മറി കടന്ന് വി എം സുധീരന്റെ ആളെന്ന നിലയിലായിരുന്നു സുരേഷ്ബാബുവിന് സീറ്റ് ലഭിച്ചത്.

കോഴിക്കോട് നോര്‍ത്ത്
കോഴിക്കോട് കോര്‍പറേഷനിലെ 1-16, 39,40, 42-51 വരെയുള്ള വാര്‍ഡുകള്‍

വോട്ടുരേഖ
2011ലെ നിയമസഭാ തിരഞ്ഞെടുപ്പ്
എ പ്രദീപ്കുമാര്‍ (സി പി എം) 57,123
പി വി ഗംഗാധരന്‍ (കോണ്‍ഗ്രസ് ) 48,125
പി രഘുനാഥ് (ബി ജെ പി) 9,894
ഭൂരിപക്ഷം 8,998

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്
(കോഴിക്കോട് നോര്‍ത്ത്)
എം കെ രാഘവന്‍ (കോണ്‍ഗ്രസ്) 47,899
എ വിജയരാഘവന്‍ (സി പി എം ) 46,380
സി കെ പത്മനാഭന്‍ (ബി ജെ പി) 19,918
ഭൂരിപക്ഷം 1,519

2015ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം
എല്‍ ഡി എഫ് 20 വാര്‍ഡുകള്‍
യു ഡി എഫ് എട്ട് വാര്‍ഡുകള്‍
ബി ജെ പി മൂന്ന് വാര്‍ഡുകള്‍

Latest