വോട്ടിനായോട്ടം, നെട്ടോട്ടം…

Posted on: April 29, 2016 6:00 am | Last updated: April 28, 2016 at 11:53 pm
SHARE

ഓട്ടമാണ്. നെട്ടോട്ടം എന്ന് പറയാം. നെഞ്ചിനുള്ളില്‍ തീയാണ്. രാത്രിയായാല്‍ ആധിയാണ്. സീറ്റ് പോകുമോ എന്നാണ്. കാലും കൈയും മാത്രമല്ല, മനസ്സും നീറുകയാണ്. സ്ഥാനാര്‍ഥിയായത് മുതല്‍ ഇതാണ് സ്ഥിതി. മറ്റവന്‍ എവിടെയൊക്കെ പോകുന്നുവോ അവിടെയെല്ലാം എത്തണം. അയാള്‍ രണ്ട് കുഞ്ഞിനെ എടുത്ത് ലാളിച്ചെങ്കില്‍ മൂന്ന് കുഞ്ഞിനെ എടുക്കണം. തലോടണം. നൂറ് സെല്‍ഫി എടുത്തെങ്കില്‍ നൂറ്റൊന്ന് സെല്‍ഫിയെടുക്കണം. അങ്ങനെ വിടാന്‍ വരട്ടെ. സെല്‍ഫി സ്റ്റിക്കെവിടെ?
വേനല്‍ കത്തുമ്പോഴാണ് ഈ ഓട്ടവും ചാട്ടവും. ചിലപ്പോള്‍ ഓട്ടന്‍തുള്ളല്‍ തന്നെ വേണ്ടി വരും. വോട്ടല്ലേ, വോട്ട്, വിലയേറിയ വോട്ട്! അണികള്‍ അടുത്തു തന്നെയുണ്ട്. ചെവിയില്‍ മന്ത്രിക്കുന്നത് കൂടുകയാണ്. അവിടെ ഒരിളകുന്ന വോട്ടുണ്ട്. അങ്ങോട്ട് പോകാം. ഇളക്കം നിര്‍ത്തണം. ചൂട് 40 ഡിഗ്രി കഴിഞ്ഞെന്ന്. ഉള്ളിലെ ചൂടോ? അത് അളക്കാന്‍ ഒരു കാലാവസ്ഥക്കാരനുമാകില്ല. ഫലം വരുന്നത് വരെ ഇതാണ് സ്ഥിതി. കിതപ്പ് മാറ്റാന്‍ വരട്ടെ. മറ്റവന്‍ കോളനിയിലാണിപ്പോള്‍. അവനിറങ്ങുമ്പോള്‍ കയറണം. ഓടെടാ ഓട്ടം.
മാഷാണ്. ഇതേതാണ് മാസം. ഏപ്രില്‍. അടങ്ങിയൊതുങ്ങി വീട്ടിലിരിക്കേണ്ട മാസം. പറഞ്ഞിട്ടെന്താ. ഓട്ടം തുടങ്ങി. കുട്ടികള്‍ക്കായുള്ള ഓട്ടം. ഇനിയും പത്ത് പേരെങ്കിലും വേണം. അല്ലെങ്കില്‍ പോസ്റ്റ് കാണില്ല. മറ്റവന്‍മാര്‍ നിരങ്ങുകയാണ്. ഓഫറുകളുണ്ട്. സൗജന്യ കമ്പ്യൂട്ടര്‍ പഠനം, സ്‌പോക്കണ്‍ ഇംഗ്ലീഷ് എന്നിങ്ങനെ. വാഹനം വീട്ടുമുറ്റത്തെത്തും.
പുതുതായി ചേരാന്‍ പോകുന്ന ടീച്ചറെ ഉപയോഗിച്ചാണ് കുട്ടികളെ പിടിത്തം. അടുത്തയാഴ്ച റിസള്‍ട്ട് വരും. അതിനുമുമ്പേ ഉറപ്പിക്കണം. മറ്റവന്‍മാര്‍ ഇവിടെ കയറിക്കൂടിയാല്‍ തലവേദന തീരില്ല. പുകച്ചുപുറത്തുചാടിക്കുക തന്നെ. മാഷ് തല പുകച്ചു. നില്‍ക്കാന്‍ നേരമില്ല. ഓടെടാ ഓട്ടം.
ഒന്നുറങ്ങിയിട്ട് നാളേറെയായി. സ്ഥാനാര്‍ഥിയോ, മാഷോ ഒന്നുമല്ല. വെറുമൊരു വോട്ടര്‍. രാപകല്‍ എരിപൊരിസഞ്ചാരം. വെള്ളമില്ല. തുള്ളി കുടിക്കാനില്ലത്രേ എന്നാണ് സ്ഥിതി. പുറത്തും അകത്തും ചൂടാണ്. അകത്ത് എത്ര ഡിഗ്രി എന്ന് ആരാണ് കണക്കാക്കിയത്? കിണറുകളൊക്കെ വറ്റി. ദൂരെയുള്ള പൊതുകിണറാണ് ആശ്രയം. വെളുപ്പിന് അവിടെ എത്തിയില്ലെങ്കില്‍ വെള്ളം കിട്ടില്ല. പാത്രവുമെടുത്ത് കിണറിനടുത്തേക്ക് ഓട്ടം. മറ്റവന്‍മാര്‍ വരും മുമ്പേ എത്തണം. ഇല്ലെങ്കില്‍ തുള്ളി പോലും കാണില്ല. അടുത്തയാഴ്ച മഴ വരുമെന്നാ അറിയുന്നനത്. അതുവരെ തുടരും ഈ ഓടെടാ ഓട്ടം.
മാഷ് കുട്ടികള്‍ക്കായി ഓട്ടം. അങ്ങേതിലെ വീട്ടുകാര്‍ വെള്ളത്തിനായി ഓട്ടം. ഇങ്ങേതിലെ വീട്ടില്‍ കയറാം. വോട്ട് ചോദിക്കാം. ഇതാണ് പറ്റിയ സമയം. ഏയ്, വീട്ടിലാളില്ല. എവിടെ പോയി?
ഒടുവില്‍ അനുയായി പറഞ്ഞു. ഗൃഹനാഥന്‍ സ്ഥലത്തില്ല. മകന്‍ പത്താം ക്ലാസില്‍ ജയിച്ചു. സീറ്റ് ഉറപ്പിക്കാനുള്ള ഓട്ടത്തിലാണ്.
ഓടെടാ ഓട്ടം.

LEAVE A REPLY

Please enter your comment!
Please enter your name here