പ്രതിഷേധാഗ്നിയായി വഖ്ഫ് ബോര്‍ഡ് മാര്‍ച്ച്

Posted on: April 28, 2016 6:12 am | Last updated: April 29, 2016 at 12:36 am
SHARE
muslim jamath
വഖഫ് ബോര്‍ഡ് ഡിവിഷണല്‍ ഓഫിസിലേക്ക് കേരള മുസ്ലിം ജമാഅത്ത് ആഭിമുഖ്യത്തില്‍ നടത്തിയ മാര്‍ച്ച് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് ഉദ്ഘാടനം ചെയ്യുന്നു.

മലപ്പുറം: കേരള വഖ്ഫ് ബോര്‍ഡിന്റെ ഏകപക്ഷീയ തീരുമാനങ്ങള്‍ക്കെതിരെ കേരള മുസ്‌ലിം ജമാഅത്ത് മഞ്ചേരി ഡിവിഷന്‍ ഓഫീസിലേക്ക് സംഘടിപ്പിച്ച റാലിയില്‍ പ്രതിഷേധമിരമ്പി. മഞ്ചേരി പട്ടണത്തെ പ്രകമ്പനം കൊള്ളിച്ച് ആയിരങ്ങള്‍ അണി നിരന്ന കരുത്തുറ്റ റാലി ഭരണാധികാരികള്‍ക്ക് കനത്ത താക്കീതായി. ഇനിയും സുന്നികളുടെ അവകാശം സംരക്ഷിക്കാത്ത നിലപാട് തുടര്‍ന്നാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നും മാര്‍ച്ച് ഓര്‍മപ്പെടുത്തി. പക്ഷപാതപരമായ നിലപാടില്‍ നിന്ന് ഭരണകര്‍ത്താക്കള്‍ മാറി ചിന്തിച്ചില്ലെങ്കില്‍ നീതിക്ക് വേണ്ടിയുള്ള സമര പോരാട്ടങ്ങള്‍ തുടരും. പ്രതിഷേധത്തില്‍ നിന്ന് ഇനിയും പാഠം ഉള്‍കൊണ്ടില്ലെങ്കില്‍ എറണാകുളത്തെ വഖ്ഫ് ബോര്‍ഡ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കി. അനീതിക്കെതിരെ പടയോട്ടത്തിന് ആഹ്വാനം ചെയ്ത റാലി തികച്ചും സമാധാനപരമായാണ് നടന്നത്.
സംഘടനാ വിരോധത്തിന്റെ പേരില്‍ നിലവിലെ വഖ്ഫ് ബോര്‍ഡ് ജുഡീഷ്യല്‍ സമിതി ഏകപക്ഷീയമായി തീരുമാനമെടുക്കുകയാണ്. വഖ്ഫ് സംബന്ധമായ തര്‍ക്കങ്ങളില്‍ വഖ്ഫ് നിയമങ്ങള്‍ പോലും പരിഗണിക്കാതെയാണ് തീര്‍പ്പുകളുണ്ടാക്കുന്നത്. സുന്നി ഭൂരിപക്ഷ മഹല്ലുകളില്‍ പോലും ചേളാരി വിഭാഗത്തിന്റെ താത്പര്യങ്ങള്‍ക്ക് വഴങ്ങി തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും റസീവറെ നിയമിച്ച് കൃത്രിമ വോട്ടേഴ്‌സ് ലിസ്റ്റിലൂടെ മഹല്ല് ഭരണം പിടിച്ചെടുക്കാന്‍ ഒത്താശ ചെയ്യുകയാണ്. സുന്നികളുടെ ഭരണത്തിലുള്ള പല പ്രമുഖ സ്ഥാപനങ്ങളിലും റസീവറെ നിയമിച്ച് ഭരണം വഖ്ഫ് ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസിലേക്ക് കൈമാറുകയാണ്. തിരഞ്ഞെടുപ്പ് വേളയില്‍ പോലും ഈ സമീപനം തുടരുന്ന സാഹചര്യത്തിലാണ് വഖ്ഫ് ബോര്‍ഡിനെതിരെ പ്രതിഷേധ മാര്‍ച്ച് നടത്തിയത്.
മഞ്ചേരി മെഡിക്കല്‍ കോളജ് റോഡില്‍ നിന്ന് രാവിലെ പത്തിന് മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് യൂസുഫല്‍ ബുഖാരി ജീലാനി വൈലത്തൂരിന്റെ പ്രാര്‍ഥനയോടെയാണ് മാര്‍ച്ചിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് നടന്ന പ്രതിഷേധ സംഗമം എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷന്‍ കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, ജില്ലാ സെക്രട്ടറി പി എം മുസ്തഫ കോഡൂര്‍, കെ പി ജമാല്‍ കരുളായി, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി പ്രസംഗിച്ചു. സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, മനരിക്കല്‍ അബ്ദുര്‍റഹ്മാന്‍ ഹാജി, പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍, ശറഫുദ്ദീന്‍ ജമലുല്ലൈലി, കെ പി എച്ച് തങ്ങള്‍ കാവനൂര്‍, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, അബ്ദു ഹാജി വേങ്ങര, സി കെ യു മൗലവി മോങ്ങം, ടി അലവി, ബശീര്‍ പറവന്നൂര്‍, സ്വാദിഖ് സഖാഫി, പെരിന്താറ്റിരി, ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി, അബ്ദുര്‍ റശീദ് സഖാഫി പത്തപ്പിരിയം. അലവി ദാരിമി ചെറുകുളം, ലത്വീഫ് മഖ്ദൂമി, കെ ടി അബ്ദുര്‍റഹ്മാന്‍ തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി.

 

LEAVE A REPLY

Please enter your comment!
Please enter your name here