Connect with us

Gulf

സീലൈന്‍ ക്ലിനിക്കില്‍ ചികിത്സ തേടിയത് 734 പേര്‍

Published

|

Last Updated

ദോഹ: ശൈത്യകാല ക്യാംപിംഗ് സീസണിനോടനുബന്ധിച്ച് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ സീലൈന്‍ മേഖലയില്‍ തുടങ്ങിയ ക്ലിനിക്ക് പ്രവര്‍ത്തനം അവസാനിപ്പിച്ചു. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ ഈ ഏപ്രില്‍ പതിനഞ്ച് വരെയായിരിക്കുന്നു ക്ലിനിക്കിന്റെ പ്രവര്‍ത്തനം. ക്യാംപിംഗ് സീസണില്‍ 734 രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കി. ഇതില്‍ 600പേര്‍ പുരുഷന്‍മാരും 42പേര്‍ വനിതകളും 77പേര്‍ കുട്ടികളുമായിരുന്നതായി അധികൃതര്‍ അറിയിച്ചു.
ചികിത്സതേടിയെത്തിയവരില്‍ ഭൂരിഭാഗം പേര്‍ക്കും ക്ലിനിക്കില്‍ തന്നെ പൂര്‍ണ ചികിത്സ ലഭ്യമാക്കി. 67പേരെ ആംബുലന്‍സ്, ലൈഫ് ഫ്‌ളൈറ്റ് സര്‍വീസുകളുടെ സഹായത്തോടെ എച്ച് എം സിയുടെ ആശുപത്രിയിലേക്ക് മാറ്റി. 572പേരും അത്രഗൗരവമല്ലാത്ത നിസാരരോഗങ്ങള്‍ക്കാണ് ചികിത്സ തേടിയെത്തിയത്. പ്രത്യേകിച്ചും പനി, തൊണ്ടവേദന, വയറിളക്കം, ചുമ ഉള്‍പ്പടെയുള്ള അസുഖങ്ങളായിരുന്നു ഇവരെ അലട്ടിയിരുന്നത്. ഇതില്‍ 483പേര്‍ ഖത്വരികളും 251പേര്‍ പ്രവാസികളുമായിരുന്നു. ക്ലിനിക്കിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സമാപനചടങ്ങില്‍ എച്ച് എം സി കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ചീഫ് കമ്യൂണിക്കേഷന്‍സ് ഓഫീസറും സീലൈന്‍ മെഡിക്കല്‍ ക്ലിനിക്ക് പ്രൊജക്റ്റ് മാനേജറുമായ അലി അബ്ദുല്ല അല്‍ ഖേതര്‍, എച്ച് എം സി മാനേജിംഗ് ഡയറക്‌ടേഴ്‌സ് ഓഫീസ് ചീഫ് ഓഫ് സ്റ്റാഫും ചീഫ് ഓഫ് കമ്യൂണിക്കേഷന്‍സുമായ മുഹമ്മദ് മുബാറക്ക് അല്‍ നുഐമി, ആംബുലന്‍സ് സര്‍വീസ് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അലി ദാര്‍വിഷ് എന്നിവര്‍ പങ്കെടുത്തു. സീലൈന്‍, ഖോര്‍ അല്‍ ഉദൈദ് എന്നീ മേഖലകളിലെ ജനങ്ങളുടെ ആരോഗ്യപരിചരണ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ എച്ച് എം സി പ്രതിജ്ഞാബദ്ധമാണെന്നും അതുകൊണ്ടാണ് എല്ലാവര്‍ഷവും ശൈത്യകാല മെഡിക്കല്‍ ക്ലിനിക്ക് തുറക്കുന്നതെന്നും അല്‍ ഖേതര്‍ വ്യക്തമാക്കി.

Latest