അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ സന്ദര്‍ശക പ്രവാഹം

Posted on: April 28, 2016 7:26 pm | Last updated: May 6, 2016 at 4:54 pm
SHARE
അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിനെത്തിയ സന്ദര്‍ശകര്‍
അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിനെത്തിയ സന്ദര്‍ശകര്‍

ദുബൈ: അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. രണ്ടു ദിവസംകൊണ്ട് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നാല് ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായതായി അധികൃതര്‍ വ്യക്തമാക്കി. 28 വരെ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ 158 രാജ്യങ്ങളില്‍ നിന്നായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 26,000 പേര്‍ നാല് ദിവസംകൊണ്ട് സന്ദര്‍ശിക്കും.
പ്രദര്‍ശനത്തിന് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഒരു ഹാള്‍ കൂടുതലുണ്ട്. 86 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 423 സ്റ്റാന്റ് ഹോള്‍ഡേര്‍സ് ആണ് പങ്കെടുക്കുന്നത്. 64 രാജ്യങ്ങളില്‍നിന്നുള്ള പവലിയനുകളും 100 പുതിയ പ്രദര്‍ശകരും ഇത്തവണയുണ്ട്.
ദുബൈ കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാനും എമിറേറ്റ് ഗ്രൂപ്പ് ചെയര്‍മാനുമായ ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂം, ദുബൈ ടൂറിസം ആന്റ് കൊമേഴ്‌സ് മാര്‍ക്കറ്റിംഗ് ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടറും ദുബൈ വേള്‍ഡ് ട്രേഡ് സെന്റര്‍ അതോറിറ്റി ഡയറക്ടര്‍ ജനറലുമായ ഹിലാല്‍ സഈദ് അല്‍ മര്‍റി തുടങ്ങിയ പ്രമുഖര്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു.
200ലധികം പേരെ ഉള്‍കൊള്ളാവുന്ന സെമിനാര്‍ തിയേറ്ററും ഇത്തവണത്തെ എ ടി എമ്മില്‍ ഒരുക്കിയിട്ടുണ്ട്. ‘ആഗോള വിനോദസഞ്ചാര ഹബില്‍ യു എ ഇയുടെ ഭാവി’ എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നിരുന്നു. വിനോദസഞ്ചാര മേഖലയില്‍ യു എ ഇയെ മികച്ച കേന്ദ്രമാക്കി മാറ്റാന്‍ ഏഴ് എമിറേറ്റുകളും മികച്ച പ്രോത്സാഹന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here