ലോകോത്തര കേന്ദ്രമാകാന്‍ ‘ഫിര്‍ദൗസ് ശോഭ’ വരുന്നു

Posted on: April 28, 2016 7:24 pm | Last updated: May 5, 2016 at 7:13 pm
SHARE
'ഫിര്‍ദൗസ് ശോഭ' പദ്ധതി കരാറില്‍  ഉമ്മുല്‍ ഖുവൈന്‍ കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് റാശിദ് ബിന്‍ സഊദ് ബിന്‍ റാശിദ് അല്‍ മുഅല്ലയും ശോഭ ഗ്രൂപ്പ് ചെയര്‍മാനും സ്ഥാപകനുമായ പി എന്‍ സി മേനോനും ഒപ്പുവെക്കുന്നു
‘ഫിര്‍ദൗസ് ശോഭ’ പദ്ധതി കരാറില്‍ ഉമ്മുല്‍ ഖുവൈന്‍ കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് റാശിദ് ബിന്‍ സഊദ് ബിന്‍ റാശിദ് അല്‍ മുഅല്ലയും ശോഭ ഗ്രൂപ്പ് ചെയര്‍മാനും സ്ഥാപകനുമായ പി എന്‍ സി മേനോനും ഒപ്പുവെക്കുന്നു

ഉമ്മുല്‍ ഖുവൈന്‍: ഉമ്മുല്‍ ഖുവൈന്‍ ഭരണകൂടവും റിയല്‍ എസ്റ്റേറ്റ് രംഗത്തെ വന്‍കിടക്കാരായ ശോഭ ഗ്രൂപ്പും സംയുക്തമായി ‘ഫിര്‍ദൗസ് ശോഭ’ എന്ന പേരില്‍ എമിറേറ്റില്‍ ലോകോത്തര റിസോര്‍ട്ടും റസിഡന്‍ഷ്യല്‍ ഐലന്റും നിര്‍മിക്കും. 5.3 കോടി ചതുരശ്രയടിയിലാണ് ദ്വീപ് നിര്‍മിക്കുന്നത്. ഉമ്മുല്‍ ഖുവൈന്‍ കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് റാശിദ് ബിന്‍ സഊദ് ബിന്‍ റാശിദ് അല്‍ മുഅല്ലയും ശോഭ ഗ്രൂപ്പ് ചെയര്‍മാനും സ്ഥാപകനുമായ പി എന്‍ സി മേനോനും പദ്ധതി കരാറില്‍ ഒപ്പുവെച്ചു.
പുതിയ പദ്ധതി ഉമ്മുല്‍ ഖുവൈന്റെ വാണിജ്യ-വിനോദ സഞ്ചാര മേഖലയില്‍ വന്‍ വളര്‍ച്ചക്ക് സഹായകമാകും. താമസ വില്ലകള്‍, ഹോട്ടല്‍, റിസോര്‍ട്ട്, ആധുനിക രീതിയിലുള്ള ചില്ലറ വില്‍പന കേന്ദ്രങ്ങള്‍, 18 ഗോള്‍ഫ് ക്വാര്‍ട്ടുകള്‍, കടലിനഭിമുഖമായുള്ള അപ്പാര്‍ട്‌മെന്റുകള്‍ തുടങ്ങിയവയാണ് ഇവിടെ ഒരുങ്ങുക. ലോകോത്തര ജല കായിക സൗകര്യങ്ങള്‍ക്കുള്ള മനോഹരമായ ബീച്ചുകള്‍ ഫിര്‍ദൗസ് ശോഭയിലുണ്ടാകും. താമസകേന്ദ്രങ്ങള്‍ ആധുനിക-പൗരാണിക രീതികള്‍ സമന്വയിപ്പിച്ചതാകും. ഉമ്മുല്‍ ഖുവൈന്റെ വികസനത്തിന് നമ്മുടെ തന്ത്രപ്രധാന പങ്കാളികളായ ശോഭ ഗ്രൂപ്പ് പുതിയ മാനങ്ങളാണ് നല്‍കുന്നതെന്ന് ഉമ്മുല്‍ ഖുവൈന്‍ കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് റാശിദ് ബിന്‍ സഊദ് ബിന്‍ റാശിദ് അല്‍ മുഅല്ല പറഞ്ഞു. മുന്‍നിര പദ്ധതിയായ ‘ഫിര്‍ദൗസ് ശോഭ’യുടെ നിലവാരത്തിലും പങ്കിലും ഭരണകൂടത്തിനും ശോഭ ഗ്രൂപ്പിനും ഒരേ കാഴ്ചപ്പാടാണുള്ളത്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ എമിറേറ്റ് വിനോദസഞ്ചാര-വിപണന മേഖലയില്‍ സജീവ സാന്നിധ്യമാകും.
വൈവിധ്യവും ശാന്തവുമായ തീരപ്രദേശ മേഖലയായ ഖോര്‍ അല്‍ ബെയ്ദയോടു ചേര്‍ന്നുകിടക്കുന്ന അല്‍ സെനിയാഹ് ഐലന്റാണ് പദ്ധതി പ്രദേശം. വാട്ടര്‍ ഫ്രണ്ട് ഹോമുകള്‍, പരിസ്ഥിതി മേഖലകള്‍, കനാലുകള്‍, കായലുകള്‍, കടല്‍തീരം എന്നിവയുള്‍പെടുന്ന പദ്ധതി പ്രദേശം മികച്ച ജീവിതാനുഭവം സമ്മാനിക്കുന്നതും ഒഴിവുവേളകള്‍ ഉല്ലാസഭരിതമാക്കാന്‍ സഹായിക്കുന്നതുമാണ്. തങ്ങളുടെ പുതിയ പദ്ധതി പ്രഖ്യാപനം സൂചിപ്പിക്കുന്നത് യു എ ഇയോടുള്ള പ്രതിബദ്ധതയാണെന്ന് പി എന്‍ സി മേനോന്‍ പറഞ്ഞു. മികച്ച ഗുണനിലവാരത്തോടെ ‘ഫിര്‍ദൗസ് ശോഭ’ പൂര്‍ത്തീകരിക്കാനാകുമെന്ന ഉത്തമ വിശ്വാസമുണ്ട്. പദ്ധതിയിലൂടെ ഐലന്റിനെ ലോകപ്രശസ്തമായ ഹോട്‌സ്‌പോട് ആക്കി മാറ്റാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here