2030ല്‍ 25 ശതമാനം കെട്ടിടങ്ങളും 3 ഡി പ്രിന്റഡാക്കും-ശൈഖ് മുഹമ്മദ്

Posted on: April 28, 2016 7:21 pm | Last updated: April 28, 2016 at 9:24 pm
SHARE
ത്രീഡി  പ്രിന്റഡ് സാങ്കേതികവിദ്യ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ ഭരണാധികാരികള്‍
ത്രീഡി പ്രിന്റഡ് സാങ്കേതികവിദ്യ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ ഭരണാധികാരികള്‍

ദുബൈ: 2030 ആവുമ്പോഴേക്കും ദുബൈയിലെ 25 ശതമാനം കെട്ടിടങ്ങളും 3 ഡി പ്രിന്റഡാക്കി മാറ്റുമെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം വ്യക്തമാക്കി. ദുബൈ 3 ഡി പ്രിന്റിംഗ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുന്നതിനായുള്ള പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ശൈഖ് മുഹമ്മദ്. 2030 ആവുമ്പോഴേക്കും 3 ഡി അച്ചടി സാങ്കേതികവിദ്യയില്‍ ദുബൈയെ ലോകത്തിലെ മുഖ്യ കേന്ദ്രമാക്കി മാറ്റും. സാങ്കേതികവിദ്യയെ രാജ്യത്തിനും ലോകത്തിനും ഉപകാരപ്പെടുന്നതാക്കി മാറ്റാനാണ് നാം ശ്രമിക്കുന്നത്. മനുഷ്യരാശിയുടെ നന്മക്കായി ഇവയെ പരമാവധി പ്രയോജനപ്പെടുത്താന്‍ നമുക്ക് സാധിക്കണമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. ശോഭനമായ ഭാവിയിലേക്ക് കുതിക്കാനായി നൂതനാശയങ്ങളുടെ ആര്‍ജനത്തില്‍ ലോകത്തിന് നേതൃത്വം നല്‍കാന്‍ സാധിക്കുന്ന നിലയിലേക്ക് ഉയരാനാണ് ദുബൈ ആഗ്രഹിക്കുന്നത്. ഭാവി ആവശ്യങ്ങള്‍ മുന്നില്‍ കണ്ടുള്ള വീക്ഷണമാണ് ദുബൈ മുന്നോട്ടുവെക്കുന്നത്. അവയെക്കുറിച്ച് നമുക്ക് ആഴത്തിലുള്ള തിരിച്ചറിവ് വേണം. എല്ലാ രംഗത്തും ലോകത്ത് ഒന്നാമതാവണം.
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥക്കൊപ്പം ലോകത്തിന്റെ സാമ്പത്തികമായ അഭിവൃദ്ധിക്കും ഉതകുന്ന കാര്യങ്ങള്‍ക്കാണ് യു എ ഇ മുന്‍ഗണന നല്‍കുന്നത്. മെല്ലെ പോകുന്നവര്‍ക്കും മടിപിടിച്ചു നില്‍ക്കുന്നവര്‍ക്കുമായി കാത്തുനില്‍ക്കുന്നതല്ല ഭാവി. അവസരങ്ങള്‍ പരമാവധി വേഗത്തില്‍ ഉപയോഗപ്പെടുത്താനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിനായാണ് ദുബൈയുടെ ഭാവി അജണ്ടക്ക് രൂപംനല്‍കിയിരിക്കുന്നത്. ലോകത്തിന്റെ നന്മ ലക്ഷ്യമാക്കി 3 ഡി സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്താനുള്ള സമഗ്രമായ തന്ത്രത്തിനാണ് യു എ ഇ രൂപംനല്‍കിയിരിക്കുന്നത്. ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാനായി ഫലപ്രദവും യാഥാര്‍ഥ്യമാക്കാന്‍ സാധിക്കുന്നതുമായ പദ്ധതികള്‍ക്കാണ് ശ്രമിക്കുന്നത്. മനുഷ്യകുലത്തിന്റെ പൈതൃകം സംരക്ഷിക്കപ്പെടുന്നത് കൂടിയാവണം വികസനം. ജീവിതത്തിന്റെ സമസ്ത മേഖലകളിലും നാളേക്ക്് ആവശ്യമായ സാങ്കേതികവിദ്യയാണ് 3 ഡി ടെക്‌നോളജി. നാം ജീവിക്കുന്ന വീടുകള്‍, ഉപയോഗിക്കുന്ന റോഡുകള്‍, ഓടിക്കുന്ന വാഹനം, ധരിക്കുന്ന ഉടുപ്പുകള്‍, കഴിക്കുന്ന ഭക്ഷണം എന്നിവയെല്ലാം ഇതുമായി ബന്ധപ്പെട്ടതാണെന്നും ശൈഖ് മുഹമ്മദ് ഓര്‍മിപ്പിച്ചു.
ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂം ഉപ ഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം തുടങ്ങിയവര്‍ ശൈഖ് മുഹമ്മദിനെ അനുഗമിച്ചു. ക്യാബിനറ്റ് കാര്യങ്ങള്‍ക്കും ഭാവിക്കുമായുള്ള മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഗര്‍ഗാവി, ഡി എച്ച് എ ചെയര്‍മാനും ഡയറക്ടര്‍ ജനറലുമായ ഹാമിദ് മുഹമ്മദ് അല്‍ ഖാതമി, ദുബൈ നഗരസഭാ ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത, ദുബൈ ഹോള്‍ഡിംഗ് വൈസ് ചെയര്‍മാനും എം ഡിയുമായ അഹ്മദ് ബിന്‍ ബയാത് പങ്കെടുത്തു.