ചെക്ക് കേസുകളില്‍ നികേഷിന് വ്യക്തിപരമായി ബന്ധമില്ല:റിപ്പോര്‍ട്ടര്‍ ടിവി

Posted on: April 28, 2016 6:00 pm | Last updated: April 29, 2016 at 11:08 am

MV NIKESH KUMARകൊച്ചി: അഴീക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംവി നികേഷ് കുമാറിന്റെ നാമനിര്‍ദ്ദേശപത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യമാങ്മൂലത്തില്‍ പരാമര്‍ശിച്ച കേസുകള്‍ കമ്പനിയുടെ കടബാധ്യതയുമായി ബന്ധപ്പെട്ട കേസുകള്‍ മാത്രമാണെന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. വ്യക്തിപരമായ നിലയില്‍ ഈ കേസുകളിലോ ഇടപാടുകളിലോ നികേഷ് കുമാറിന് ഒരു ബാധ്യതയുമില്ല.

ഈ കമ്പനിയുടെ ചെക്കുകളില്‍ ഒപ്പിടാന്‍ നിയോഗിക്കപ്പെട്ട പ്രതിനിധി എന്ന നിലയില്‍ മാത്രമാണ് എംവി നികേഷ് കുമാര്‍ കേസുകളില്‍ എതിര്‍ കക്ഷിയാക്കപ്പെട്ടത്. സ്ഥാപനത്തിന്റെ ചുമതലപ്പെട്ട ആള്‍ എന്ന നിലയിലുളള കടമകള്‍ നിര്‍വഹിക്കുക മാത്രമാണ് നികേഷ്‌കുമാര്‍ ചെയ്തിട്ടുളളതും. പരാമര്‍ശിക്കപ്പെട്ട ചെക്ക് കേസുകളെല്ലാം ഏഷ്യാനെറ്റ് കേബിള്‍ വിഷന്‍ (എസിവി) എന്ന കമ്പനിയുമായി ഉളളതാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ ഏഷ്യാനെറ്റ് കേബിള്‍ ശൃംഖല വഴി പ്രേക്ഷകരില്‍ എത്തിക്കുന്നതിന് കാര്യേജ് ചാര്‍ജ്ജ് ഇനത്തില്‍ നല്‍കേണ്ട തുക സംബന്ധിച്ചാണ് തര്‍ക്കം.

എസിവിക്ക് നല്‍കാനുളള പണം കമ്പനി അടച്ചു തീര്‍ക്കുന്നുണ്ട്. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ കോടതികളുടെ അധികാര പരിധി പലപ്രാവശ്യം മാറിയതിനെ തുടര്‍ന്നാണ് കേസുകള്‍ പലതും തീര്‍പ്പാകാതെ കിടക്കുന്നത്. ഈ കേസുകള്‍ നില നില്‍ക്കുമ്പോഴും ഏഷ്യാനെറ്റ് കേബിള്‍ വിഷന്‍ ശൃഖല വഴി റിപ്പോര്‍ട്ടര്‍ ചാനല്‍ സംപ്രേക്ഷണം തുടരുന്നുമുണ്ട്. മറ്റേതെങ്കിലും തരത്തില്‍ പണം കൈപ്പറ്റി തിരിച്ചു നല്‍കാത്തതിനെ തുടര്‍ന്നല്ല കേസുകള്‍ ഉണ്ടായിട്ടുളളതെന്നും റിപ്പോര്‍ട്ടര്‍ ചാനല്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.