Connect with us

International

എഫ് 16 യുദ്ധ വിമാനങ്ങള്‍ പാകിസ്താന്‍ ഇന്ത്യയ്ക്കു നേരെ ഉപയോഗിച്ചേക്കും

Published

|

Last Updated

വാഷിംഗ്ടണ്‍: അമേരിക്കയില്‍ നിന്ന് പാകിസ്താന്‍ വാങ്ങുന്ന എഫ് 16 യുദ്ധ വിമാനങ്ങള്‍ ഇന്ത്യയ്ക്കു നേരെ ഉപയോഗിച്ചേക്കുമെന്ന് യു.എസ് കോണ്‍ഗ്രസിലെ അംഗങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചു. അതിനാല്‍ തന്നെ യുദ്ധ വിമാനങ്ങള്‍ വില്‍ക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്നും അവര്‍ യു.എസ് പ്രസിഡന്റ് ബറാക് ഒബാമയോട് അഭ്യര്‍ത്ഥിച്ചു. യു.എസിന്റെ എട്ട് യുദ്ധ വിമാനങ്ങള്‍ പാകിസ്താന് വില്‍ക്കാന്‍ യു.എസ് പ്രസിഡന്റിന്റെ ഭരണ വിഭാഗം തീരുമാനമെടുത്തതിലെ ആശങ്ക അറിയിച്ചാണ് ഒരു വിഭാഗം സഭാംഗങ്ങളുടെ പ്രസ്താവന. ആയുധ ഇടപാട് പുനരാലോചിക്കണമെന്നും അവര്‍ അറിയിച്ചു.

ഒട്ടേറെ യു.എസ് നിയമ നിര്‍മാണ സഭാംഗങ്ങള്‍ ഇതിനെ വിമര്‍ശിക്കുന്നുണ്ട്. അതിലുപരിയായി ഇന്ത്യ പാക് ബന്ധം വഷളായിരിക്കെ യു.എസില്‍ നിന്നും വാങ്ങുന്ന വിമാനങ്ങള്‍ ഭീകരര്‍ക്കെതിരെ പ്രയോഗിക്കുന്നതിന് പകരം പാകിസ്താന്‍ ഇന്ത്യക്കെതിരെ ഉപയോഗിക്കാനും സാധ്യതയുണ്ടെന്നും സഭാംഗം മാറ്റ് സല്‍മോന്‍ പ്രതിനിധി സഭയില്‍ പറഞ്ഞു. സാല്‍മന്റെ അഭിപ്രായത്തെ നിരവധി അംഗങ്ങളും പിന്തുണച്ചു.

തീവ്രവാദത്തെ ചെറുത്തു നില്‍ക്കുന്നതിന് സൈന്യത്തെ സജ്ജമാക്കേണ്ടത് പാകിസ്താന്റെ ആവശ്യമാണ്. എഫ് 16 സ്വന്തമാക്കുന്നതുവഴി സേനയെ ശക്തിപ്പെടുത്താന്‍ പാകിസ്താന് സാധിക്കും. എന്നാല്‍ ഇന്ത്യയുടേയും പാകിസ്താന്റെയും വ്യോമശക്തി തുല്യമാക്കാനും ഇത് കാരണമാകുമെന്ന് മറ്റൊരു സെനറ്ററായ ബ്രാഡ് ഷെര്‍മാന്‍ പറഞ്ഞു. തീവ്രവാദം നേരിടാനാണ് യു.എസ് പാകിസ്ഥാന് വിമാനങ്ങള്‍ നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തീവ്രവാദത്തിനെതിരെ പോരാട്ടം നടത്താന്‍ എന്ന നിലയിലാണ് അമേരിക്ക പാകിസ്താന് എട്ട് അത്യാധുനിക എഫ് 16 വിമാനങ്ങള്‍ വില്‍ക്കുന്നത്. എല്ലാ കാലാവസ്ഥയിലും രാത്രിയിലും പകലും മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് എഫ് 16 യുദ്ധവിമാനങ്ങള്‍.
ഏകദേശം 700മില്യണ്‍ യു.എസ് ഡോളര്‍ വിലമതിക്കുന്ന എട്ട് എഫ്16 യുദ്ധവിമാനങ്ങള്‍ നല്‍കാനാണ് ഒബാമ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍, യു.എസ് കോണ്‍ഗ്രസില്‍ നിന്ന് തന്നെ എതിര്‍പ്പ് ഉണ്ടായ സാഹചര്യത്തില്‍ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്