സൂര്യാതപമേറ്റ് മരിച്ചവരുടെ കുടുംബത്തിന് നാലു ലക്ഷം രൂപ

Posted on: April 28, 2016 11:32 am | Last updated: April 28, 2016 at 6:03 pm

adoor prakashതിരുവനന്തപുരം:സംസ്ഥാനത്ത് സൂര്യാതപമേറ്റ് മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം രൂപ ധനസഹായം നല്‍കുന്നതിന് ഉന്നതതല യോഗത്തില്‍ തീരുമാനമായി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മാര്‍ഗരേഖ വരുന്നതിനുമുന്‍പ് മരിച്ചവരുടെ കുടുംബത്തിന് ഈ തുക ലഭിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നാകും ഇത് ലഭ്യമാക്കുകയെന്നും റവന്യൂമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ഉന്നതതല യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തെ വരള്‍ച്ചാ ബാധിത സംസ്ഥാനമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയക്കുമെന്ന് അടൂര്‍ പ്രകാശ അറിയിച്ചു. എല്ലാ ജില്ലകളിലും സന്നദ്ധ സംഘടനകളുടെ സഹായത്തോടെ കുടിവെള്ളം എത്തിച്ച് കൊടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണെ്ടന്നും ഇതിനായി 13 കോടി രൂപ കളക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ തുക നല്‍കുമെന്നും മന്ത്രി അറിയിച്ചു.

കാസര്‍ഗോഡ്, കൊല്ലം, പാലക്കാട് ജില്ലകളിലാണ് വരള്‍ച്ച ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ളത്. കാസര്‍കോട് ഉപ്പ് വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. ഇത് പരിഹരിക്കാന്‍ ആര്‍ഓ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ നടപടി സ്വികരിക്കും. കൂടുതല്‍ കുഴല്‍ കിണറുകള്‍ നിര്‍മിക്കാന്‍ ആറ്് ജില്ലകളില്‍ നിന്നുള്ള ജിയോളജിസ്റ്റുകള്‍ വെള്ളിയാഴ്ച കാസര്‍ഗോഡ് എത്തും. കൊല്ലം, ചവറ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനായി തെന്‍മല ഡാമില്‍ നിന്നും വെള്ളമെത്തിക്കും. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലേക്കുള്ള കനാലുകള്‍ തുറന്ന് വിടുന്നതിന് പ്രത്യേക നിര്‍ദേശം നല്‍കും. മലമ്പുഴ ഡാമില്‍ നിന്നുള്ള വെള്ളം കുടിവെള്ള വിതരണത്തിന് മാത്രമായി വിനിയോഗിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം കൂട്ടുച്ചേര്‍ത്തു.
കൊല്ലം ജില്ലയില്‍ വലിയ കുടിവെള്ളക്ഷാമമാണുള്ളത്. ശാസ്താം കോട്ട കായലില്‍ വെള്ളം കുറഞ്ഞത് മൂലമാണിത്. ജലക്ഷാമം
പരിഹരിക്കാന്‍ തെന്മല ഡാമില്‍ നിന്നും വെള്ളമെത്തിക്കുന്നതിന് നടപടി സ്വീകരിക്കും. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലേക്കുള്ള തെന്മല ഡാമിന്റെ കനാലുകള്‍ തുറന്നുവിടും. വിവിധ ജില്ലകളിലെ വരള്‍ച്ചാ ബാധിത പ്രദേശങ്ങളില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കാനും യോഗം തീരുമാനിച്ചു. കനത്ത ചൂടില്‍ കൃഷി നശിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനും കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സൗജന്യ റേഷന്‍ ഏര്‍പ്പെടുത്തുന്നതിനും യോഗത്തില്‍ തീരുമാനമായി. മലമ്പുഴ അണക്കെട്ടിലെ വെള്ളം കുടിവെള്ളത്തിനു മാത്രമായിട്ടാകും ഉപയോഗിക്കുകയെന്നും യോഗത്തിനുശേഷം റവന്യൂമന്ത്രി അടൂര്‍ പ്രകാശ് വ്യക്തമാക്കി.
വരും ദിവസങ്ങളിലും കേരളത്തില്‍ കനത്ത ചൂടുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ആശുപത്രികള്‍ ജാഗ്രത പാലിക്കാന്‍ ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. പകല്‍ 11 മുതല്‍ മൂന്നുമണിവരെ പുറംജോലികള്‍ ഒഴിവാക്കാനും നിര്‍!ദേശം നല്‍കിയിട്ടുണ്ട്.