Connect with us

International

ട്രംപും ഹിലാരിയും ജയിച്ചുകയറുന്നു

Published

|

Last Updated

വാഷിംഗ്ടണ്‍: ന്യുയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വ മത്സരത്തില്‍ ഡൊണാള്‍ഡ് ട്രംപിനും ഹിലാരി ക്ലിന്റനും വന്‍ വിജയം. ചൊവ്വാഴ്ച യു എസിലെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്ന തിരരെഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് അഞ്ച് പ്രൈമറികളില്‍ അനായാസ വിജയം നേടി. ഇതോടെ ട്രംപ് തന്നെയായിരിക്കും റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി എന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. പെന്‍സില്‍വാനിയ, മേരിലാന്‍ഡ്, കണക്റ്റികട്, റോഡേഐലന്റ്, ഡെലിവെയര്‍, എന്നീ അഞ്ച് പ്രൈമറികളിലാണ് എതിരാളികളായ ട്രെഡ് ക്രൂസ്, ജോണ്‍ കാസിച് എന്നിവരെ പിന്നിലാക്കി ട്രംപ് വിജയിച്ചത്. ഏപ്രില്‍ അഞ്ചിന് വിസ്‌കോന്‍സിനിലെ പ്രൈമറി തിരഞ്ഞെടുപ്പില്‍ ട്രംപ് പരാജയമറിഞ്ഞിരുന്നു.

പെന്‍സില്‍ വാനിയ, മേരിലാന്‍ഡ്, കണക്റ്റികട്, ഡെലിവേര്‍ എന്നീ പ്രൈമറികളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നുള്ള ഹിലാരി ക്ലിന്റനും വിജയിച്ചു. ബെര്‍നി സാന്‍ഡേഴ്‌സിനെയായിരുന്നു ഇവര്‍ പരാജയപ്പെടുത്തിയത്. ഹിലാരിയുടെ ഈ പ്രൈമറികളിലെ വിജയം ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്ന് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാനുള്ള ഇവരുടെ സാധ്യതയും വര്‍ധിപ്പിച്ചിരിക്കുകയാണ്. അതേസമയം, പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കണമെങ്കില്‍ ആവശ്യമായ 1237 ഡെലിഗേറ്റുകളുടെ പിന്തുണ ഇപ്പോഴും ഡൊണാള്‍ഡ് ട്രംപിന് ഉറപ്പിക്കാനായിട്ടില്ല. റിപ്പബ്ലിക്കന്‍ പാര്‍ട്ടി നയപ്രകാരം പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുന്ന വ്യക്തിക്ക് 1237 ഡെലിഗേറ്റുകളുടെ പിന്തുണ വേണമെന്ന് നിര്‍ദേശിക്കുന്നുണ്ട്. ചൊവ്വാഴ്ച മത്സരം നടന്ന പ്രൈമറികളിലെല്ലാം ഡൊണാള്‍ഡ് ട്രംപും ഹിലാരി ക്ലിന്‍ണും മുന്നേറുമെന്ന് നേരത്തെ തന്നെ പ്രതീക്ഷിക്കപ്പെട്ടിരുന്നു. ട്രംപിന്റെ വിജയം അദ്ദേഹത്തെ ലക്ഷ്യത്തിലേക്ക് കൂടുതല്‍ അടുപ്പിച്ചിരിക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ മോറിസ് റെയ്ഡ് പറഞ്ഞു.