Connect with us

Articles

ഉത്തരാഖണ്ഡും ഭരണഘടനാ ധ്വംസനവും

Published

|

Last Updated

ഉത്തരാഖണ്ഡ് ഹിമാലയന്‍ മലമേഖലയിലുള്ള, 15 വര്‍ഷം മുന്‍പ് രൂപവത്കൃതമായ സംസ്ഥാനമാണ്. മുഖ്യമായും പഴയ ഉത്തരപ്രദേശിലെ പല ജില്ലകളും കൂട്ടിച്ചേര്‍ത്താണ് സംസ്ഥാനം വന്നത്. ഉത്തരാഖണ്ഡ് ഇന്ന് രാഷ്ട്രീയരംഗം വീക്ഷിക്കുന്ന ജനങ്ങളുടെ, പ്രത്യേകിച്ച് രാഷ്ട്രീയ വിദ്യാര്‍ഥികളുടെ ശ്രദ്ധാ കേന്ദ്രമായി മാറിയിരിക്കുകയാണ്. തിരഞ്ഞെടുക്കപ്പെട്ട ഉത്തരാഖണ്ഡിലെ സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനും പിരിച്ചുവിടാനുമുള്ള നീക്കം ആരംഭിച്ചത് കഴിഞ്ഞ മാര്‍ച്ച് 19നാണ്. ഭരണഘടനയെ നോക്കുകുത്തിയാക്കി നിലവിലുള്ള ജനാധിപത്യത്തെ തകര്‍ക്കുന്ന നടപടികളാണ് കേന്ദ്രത്തിലെ മോദി സര്‍ക്കാറിന്റെയും ബി ജെ പി നേതൃത്വത്തിന്റേയും ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. ഭരണഘടനാ നിര്‍മാണ സമിതിയില്‍ ഡോ. അംബേദ്കര്‍ പറഞ്ഞത് ഇതൊരു ഫെഡറല്‍ ഭരണഘടനയാണെന്നാണ്. യൂനിയന്‍ മധ്യത്തിലും സംസ്ഥാനങ്ങള്‍ അതിനു ചുറ്റാകെയുമുള്ള ഒരു ദ്വിരാഷ്ട്രഘടന അത് സ്ഥാപിക്കുന്നു. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഭരണഘടന അനുവദിച്ചിട്ടുള്ള പരിധികളില്‍ പൂര്‍ണാധികാരങ്ങല്‍ ഉണ്ടായിരിക്കും.

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നമ്മുടെ ഫെഡറലിസം വലിയ വെല്ലുവിളികള്‍ക്ക് പലപ്പോഴും വിധേയമായിട്ടുണ്ട്. ഭരണഘടനയും ഫെഡറലിസവും സംരക്ഷിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസും കോണ്‍ഗ്രസിത സര്‍ക്കാറുകളും നിഷേധാത്മക സമീപനങ്ങളാണ് കൊക്കൊണ്ടിട്ടുള്ളത്. ഭരണഘടനയുടെ 356-ാം വകുപ്പ് അനുസരിച്ച് ഏതെങ്കിലും സംസ്ഥാന സര്‍ക്കാറിന് ഭരണഘടനയുടെ വ്യവസ്ഥകളനുസരിച്ച് മുന്നോട്ട് പോകാന്‍ സാധ്യമല്ലെന്ന് ഗവര്‍ണറുടെ റിപ്പോര്‍ട്ട് മൂലമോ, അല്ലാതെയോ രാഷ്ട്രപതിക്ക് ബോധ്യമായാല്‍ ആ സംസ്ഥാനത്ത് രാഷ്ട്രപതിഭരണം പ്രഖ്യാപിക്കാന്‍ രാഷ്ട്രപതിക്ക് അധികാരമുണ്ട്. സംസ്ഥാനങ്ങളിലെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളെ പിരിച്ചു വിടാന്‍ പ്രസിഡന്റിന് അധികാരം നല്‍കുന്ന ഭരണഘടനയിലെ ഈ 356-ാം വകുപ്പ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതുമാണ്.

രാഷ്ട്രപതിക്ക് അടിയന്തിരാധികാരങ്ങള്‍ നല്‍കുന്ന ഉപാധികള്‍ ഭരണഘടനയില്‍ ഉള്‍ക്കൊള്ളിക്കുന്നതിനെതിരെ ഭരണഘടനാ നിര്‍മാണസഭയില്‍ പലരും ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ ആശങ്കകള്‍ക്കുള്ള മറുപടിയായി ഡോ. അംബേദ്കര്‍ ഇപ്രകാരം പറഞ്ഞു:”ഈ നിയമത്തിന്റെ പ്രയോഗം ഒരിക്കലും വേണ്ടിവരില്ലെന്ന് പ്രതീക്ഷിക്കുകയാണ് നമുക്ക് ചെയ്യാന്‍ കഴിയുന്ന ഉചിതമായ കാര്യം. ഒരു പ്രവിശ്യയിലെ ഭരണകൂടത്തെ നീക്കം ചെയ്യുമ്പോള്‍ ഈ അധികാരങ്ങള്‍ കൈയാളുന്ന പ്രസിഡന്റ് വേണ്ടത്ര മുന്‍കരുതല്‍ എടുക്കുമെന്നു തന്നെ ഞാന്‍ പ്രത്യാശിക്കുന്നു.”
സുപ്രീം കോടതി 1994ല്‍ എസ് ആര്‍ ബൊമ്മെ കേസില്‍ പുറപ്പെടുവിച്ച ചരിത്ര പ്രധാനമായ വിധിയില്‍ 356-ാം വകുപ്പിന്റെ പ്രയോഗം സംബന്ധിച്ച് വ്യക്തമായ ചില മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടായിരിക്കണമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഭരണഘടനയുടെ നിര്‍വഹണം ഒരു സംസ്ഥാനത്ത് പരാജയപ്പെട്ടുവെന്ന് തീരുമാനിക്കുന്നതിന് അഞ്ച് സാഹചര്യങ്ങല്‍ ആവശ്യമാണെന്ന് ജസ്റ്റിസ് കെ രാമസ്വാമി ഈ വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.
1. ക്രമസമാധാന നിലയുടെ വന്‍തോതിലുള്ള തകര്‍ച്ച.
2. ഭരണരംഗത്ത് സംസ്ഥാന സര്‍ക്കാറിന്റെ പരിപൂര്‍ണ പരാജയം.
3. അഴിമതിയും അധികാരദുര്‍വിനിയോഗവും.
4. ദേശീയ അഖണ്ഡതക്കും സംസ്ഥാന സുരക്ഷക്കും ഭീഷണിയാവുക.
5. ഭരണഘടനാനുസരണമായി പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ച ശേഷം ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിക്കുക.
നിര്‍ഭാഗ്യവശാല്‍ ഈ മാനദണ്ഡങ്ങള്‍ ഒന്നും കണക്കിലെടുക്കാതെ വെറും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി മാത്രമായിരുന്നു കേന്ദ്ര സര്‍ക്കാറുകള്‍ എന്നും ഈ വകുപ്പ് ഉപയോഗപ്പെടുത്തിയത്. ഏറ്റവും ഒടുവില്‍ ഉത്തരാഖണ്ഡ് സര്‍ക്കാറിനെ പിരിച്ചുവിട്ടുകൊണ്ടും അസംബ്ലി സസ്‌പെന്റ് ചെയ്തുകൊണ്ടുമുള്ള ഉത്തരവിലും ഇതു തന്നെയാണ് കാണാന്‍ കഴിയുന്നത്.
ഉത്തരാഖണ്ഡ് സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നതായി ഗവര്‍ണര്‍ കെ കെ പോള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ ശിപാര്‍ശക്കൊപ്പം ഈ റിപ്പോര്‍ട്ടു കൂടി പരിഗണിച്ചാണ് രാഷ്ട്രപതിയുടെ നടപടി. സംസ്ഥാനത്ത് കടുത്ത ഭരണപ്രതിസന്ധി നിലനില്‍ക്കുന്നുവെന്ന് ഗവര്‍ണര്‍ കെ കെ പോള്‍ കേന്ദ്ര മന്ത്രിസഭക്ക് നല്‍കിയ റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നു.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് വിമതകോണ്‍ഗ്രസ് എം എല്‍ എമാരുടെ പിന്തുണ നേടിയെടുക്കാന്‍ കൈക്കൂലി വാഗ്ദാനം ചെയ്യുന്ന ദൃശ്യങ്ങല്‍ വ്യാജമല്ലെന്നും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരം മുഖ്യമന്ത്രി ഹരീഷ് റാവത്ത് നിയമസഭയില്‍ വിശ്വാസവോട്ട് തേടാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. 9 വിമത എം എല്‍ എമാരെ സ്പീക്കര്‍ ഗോവിന്ദ് സിംഗ് കുഞ്ചാള്‍ അയോഗ്യരാക്കിയിരുന്നു. അയോഗ്യരാക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ നോട്ടീസിന്റെ സമയപരിധി അവസാനിച്ചതോടെയാണ് സ്പീക്കര്‍ നടപടിയെടുത്തത്. ഇവരെ പുറത്താക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി ഹരീഷ് റാവത്ത് സ്പീക്കറെ കണ്ടിരുന്നു. തൊട്ടുപിന്നാലെ ഉത്തരാഖണ്ഡ് വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തിര കേന്ദ്രമന്തിസഭാ യോഗവും ചേരുകയുണ്ടായി.
യോഗതീരൂമാന പ്രകാരം കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റിലി രാഷ്ട്രപതിയുമായി നേരിട്ട് ചര്‍ച്ച നടത്തി ശിപാര്‍ശ നല്‍കുകയായിരുന്നു. ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനെതിരെ ഒന്‍പത് പാര്‍ട്ടി എം എല്‍ എമാര്‍ വിമത നീക്കം നടത്തിയതോടെയാണ് ഉത്തരാഖണ്ഡ് രാഷ്ട്രീയ പ്രതിസന്ധി ആരംഭിച്ചത്. സംസ്ഥാന ബജറ്റ് പാസ്സാക്കാന്‍ ഒരുങ്ങുമ്പോഴായിരുന്നു ഈ എം എല്‍ എമാര്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്.

മുന്‍ മുഖ്യമന്ത്രിയും ഹരീഷ് റാവത്തിന്റെ എതിരാളിയുമായി വിജയ് ബഹുഗുണയുടെ നേതൃത്വത്തിലായിരുന്നു വിമത നീക്കം. ഇതിനിടെ ഹരീഷ് റാവത്ത് വിമത എം എല്‍ എമാര്‍ക്ക് പണം വാഗ്ദാനം ചെയ്യുന്ന ഒളിക്യാമറാ ദൃശ്യം പുറത്തുവന്നിരുന്നു. കഴിഞ്ഞ നാല് വര്‍ഷമായി കോണ്‍ഗ്രസ് അധികാരത്തിലിലിക്കുന്ന ഉത്തരാഖണ്ഡില്‍ നിയമസഭയിലുള്ള ആകെ 70 അംഗങ്ങളില്‍ 36 കോണ്‍ഗ്രസ് അംഗങ്ങളും പുരോഗമന ജനാധിപത്യസമൂഹത്തിലെ ആറ് അംഗങ്ങളും ഹരീഷ് റാവത്തിനെ പിന്തുണച്ചിരുന്നു. എന്നാല്‍ 28 അംഗങ്ങളുള്ള ബിജെ പിക്ക് ഒന്‍പത് വിമതരുടെ പിന്തുണകൂടി ലഭിക്കുമ്പോള്‍ കേവല ഭൂരിപക്ഷം ലഭിക്കുമെന്നുള്ളതിനാല്‍ തങ്ങളെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിക്കണമെന്നാണ് ഗവര്‍ണരോട് ആവശ്യപ്പെട്ടിരുന്നത്. കേന്ദ്ര ഭരണകക്ഷിയുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന ഗവര്‍ണരാണ് അവിടെയുള്ളതും.
ഗവര്‍ണരെ ഉപയോഗിച്ച് രാഷ്ട്രപതി ഭരണത്തിലേക്ക് സംസ്ഥാനത്തെ നയിക്കുന്നതിനുള്ള റിപ്പോര്‍ട്ടും ബി ജെ പി സംഘടിപ്പിച്ചിരുന്നു. സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നുവെന്നും കടുത്ത പ്രതിസന്ധി നിലനില്‍ക്കുന്നുമുള്ള റിപ്പോര്‍ട്ടാണ് കെ കെ പോള്‍ കേന്ദ്രമന്ത്രിസഭക്ക് നല്‍കിയത്. ഇതുകൂടി ഉപയോഗിച്ചാണ് കേന്ദ്രമന്ത്രിസഭ മന്ത്രിസഭ പിരിച്ചുവിടലിനുള്ള ശിപാര്‍ശ നല്‍കിയത്.

ഭൂരിപക്ഷം തെളിയിക്കാനുള്ള അവസരം പോലും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിന് നല്‍കിയില്ല. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാമെന്ന് റാവത്ത് അറിയിച്ചിരുന്നു. ഗവര്‍ണര്‍ അതിന് അനുമതി നല്‍കിയിരുന്നതുമാണ്. അതിനിടയിലാണ് ഗവര്‍ണരുടെ റിപ്പോര്‍ട്ട് പ്രകാരം കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രപതി ഭരണത്തിന് ശിപാര്‍ശ ചെയ്തത്. ഇത് ജനാധിപത്യവിരുദ്ധവും കടുത്ത ഭരണഘടനാ ലംഘനവുമാണ്. അരുണാചല്‍ പ്രദേശ് കോണ്‍ഗ്രസ്് സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിച്ച അതേ മാര്‍ഗ്ഗം തന്നെയാണ് ഇപ്പോള്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിനെതിരായി ബി ജെ പി സ്വീകരിച്ചിരിക്കുന്നത്.
നിയമസഭയില്‍ വിശ്വാസ വോട്ട് നേടാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ മന്ത്രിസഭയെ ഡിസ്മിസ് ചെയ്തത് സകല രാഷ്ട്രീയ മര്യാദകള്‍ക്കും ഭരണഘടനാ കീഴ്‌വഴക്കങ്ങള്‍ക്കും സൂപ്രീം കോടതി വിധിക്കും എതിരായാണ്. വളരെ വ്യക്തമായ സങ്കുചിത രാഷ്ട്രീയ താത്പര്യം അതിലുണ്ടെന്നുള്ളതില്‍ സംശയമില്ല. 1994ലെ ബൊമ്മൈ കേസ് വിധിയില്‍ വ്യക്തമായി പറയുന്ന കാര്യമാണിത്. മന്ത്രിസഭയുടെ ഭൂരിപക്ഷം തെളിയിക്കേണ്ടത് ജനപ്രതിനിധി സഭയിലാണ്. രാഷ്ട്രപതി ഭവനിലോ രാജ്ഭവനിലോ കേന്ദ്രമന്ത്രിസഭയിലോ അല്ല മന്ത്രിസഭയുടെ ഭൂരിപക്ഷം ബോധ്യപ്പെടുത്തേണ്ടത്.

പ്രാതിനിധ്യജനാധിപത്യത്തിന്റെ അന്തഃസത്തയും ഇന്ത്യന്‍ ഭരണഘടനയുടെ അന്തഃസത്തയും അതാണ്. ഇതിനു വിപരീതമായാണ് ഉത്തരാഖണ്ഡിലെ കാര്യങ്ങള്‍ നടന്നിരിക്കുന്നത്. അത് രാഷ്ട്രീയ ധാര്‍മ്മികതക്ക് നിരക്കാത്തതുമാണ്.
ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് മുമ്പു നടത്തിയ ജനാധിപത്യ ധ്വംസന നടപടികളുടെ തിരിച്ചടിയാണ് ഉത്തരാഖണ്ഡില്‍ അവര്‍ക്കും ഇപ്പോള്‍ ലഭിച്ചിരിക്കുന്നതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഭരണഘടയുടെ 356-ാം വകുപ്പ് ഉപയോഗിക്കുന്നതില്‍ ഒരു വിമുഖതയും കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ കാട്ടിയിരുന്നില്ല. ഡസന്‍ കണക്കിന് കോണ്‍ഗ്രസിതര സര്‍ക്കാറുകളെ നിര്‍ദയം പിരിച്ചുവിടുന്നതില്‍ ഒരു മനഃസ്സാക്ഷി കുത്തും ആ പാര്‍ട്ടി കാണിച്ചിട്ടുമില്ല.
ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നതിനുശേഷം ആദ്യമായി 356-ാം വകുപ്പ് ഉപയോഗിച്ചത് 1951 ല്‍ പഞ്ചാബ് സര്‍ക്കാറിനെ പിരിച്ചുവിട്ടുകൊണ്ടായിരുന്നു. 1957ല്‍ കേരളത്തിലെ ഇ എം എസ് മന്ത്രിസഭയെയും 1959ല്‍ ഈ വകുപ്പ് ഉപയോഗിച്ചാണ് പിരിച്ചുവിട്ടത്. 1967ലെ പൊതുതെരഞ്ഞെടുപ്പിനു മുമ്പു തന്നെ 356-ാം വകുപ്പ് എട്ട് പ്രാവശ്യം കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രയോഗിച്ചിട്ടുണ്ട്. ഇതില്‍ തന്നെ മൂന്ന് തവണയും കേരളത്തിലുമായിരുന്നു.

നമ്മുടേത് ഒരു ഫെഡറല്‍ ഭരണഘടനയാണല്ലോ. സംസ്ഥാനങ്ങള്‍ക്ക് വലിയ അധികാരാവകാശങ്ങള്‍ ഫെഡറല്‍ ഭരണഘടയിലുണ്ടായിരിക്കണം. എന്നാല്‍ ഇന്ത്യന്‍ ഫെഡറേഷനില്‍ കേന്ദ്ര സര്‍ക്കാറിനൊപ്പം അധികാരാവകാശങ്ങള്‍ നിലനിര്‍ത്തേണ്ട സംസ്ഥാനങ്ങള്‍ ഫലത്തില്‍ വെറും മുനിസിപ്പല്‍ – പഞ്ചായത്ത് സമിതികള്‍ക്ക് മാത്രമായി തരംതാഴ്ത്തപ്പെട്ടിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാരുകള്‍ സംസ്ഥാന സര്‍ക്കാറുകളെ പിരിച്ചുവിട്ടുകൊണ്ടിരിക്കുന്നത്. കേന്ദ്ര സംസ്ഥാനബന്ധങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ നിയോഗിച്ച സര്‍ക്കാരിയ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചിവിടുന്നതിനെതിരായി വളരെ ശക്തമായ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ തെറ്റു ചെയ്താല്‍ അത് തിരുത്താന്‍ അവര്‍ക്ക് അവസരം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാറിനോട് സര്‍ക്കാരിയ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുമുണ്ട്. നിര്‍ഭാഗ്യവശാല്‍ ഇതൊന്നും പരിഗണനക്ക് എടുക്കാന്‍ ഒരു കേന്ദ്ര ഗവണ്‍മന്റും തയ്യാറായിട്ടില്ല.
ഭരണഘടനയുടെ 356-ാം വകുപ്പ് പ്രകാരം ഉത്തരാഖണ്ഡ് സര്‍ക്കാരിനെ പിരിച്ചുവിട്ട നടപടിക്കെതിരായി കോണ്‍ഗ്രസ് ശക്തമായനിയമയുദ്ധം ആരംഭിച്ചു. ഉത്തരാഖണ്ഡ് സര്‍ക്കാറിനെ പിരിച്ചുവിട്ട നടപടി സ്റ്റേ ചെയ്തുകൊണ്ട് ഉത്തരാഖണ്ഡ് ഹൈക്കോടതി വിധി ആദ്യം ഉണ്ടാവുകയും ചെയ്തു. പിന്നീട് ഉത്തരാഖണ്ഡില്‍ കേന്ദ്ര സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത പ്രകാരം ഏര്‍പ്പെടുത്തിയ രാഷ്ട്രപതി ഭരണം ഹൈക്കോടതി റദ്ദാക്കി. ഹരീഷ് റാവുത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിന് അധികാരത്തില്‍ തുടരാമെന്നും ഈ മാസം 29 ന് വിശ്വാസ വോട്ട് തോടാമെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു.
മുഖ്യമന്ത്രി ഹരീഷ് റാവത്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഈ വിധി. സംസ്ഥാനത്തിന്റെ അധികാരത്തില്‍ കേന്ദ്രം നീതിയുക്തമല്ലാത്ത ഇടപെടല്‍ നടത്തിയെന്നും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത് സുപ്രീംകോടതി നിര്‍ദേശം ലംഘിച്ചാണെന്നും കോടതി നിരീക്ഷിച്ചു. സംസ്ഥാന സര്‍ക്കാറിനെ പിരിച്ചു വിടാനുള്ള നിയമം ഏറ്റവും ഒടുവില്‍ ഉപയോഗിക്കേണ്ടതാണ്. നാളെ രാഷ്ട്രപതി ഭരണം മാറ്റണമെന്നും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ തയ്യാറാണെന്നും ആരെങ്കിലും പറഞ്ഞാല്‍ അത് നീതിന്യായ വ്യവസ്ഥക്ക് നേരെയുള്ള പരിഹാസമാകും. കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യ പാര്‍ട്ടിയാണോ? ഒരാഴ്ചത്തേക്ക് രാഷ്ട്രപതി ഭരണം പിന്‍വലിക്കില്ല എന്ന് ഉറപ്പുനല്‍കാന്‍ എന്തുകൊണ്ട് കേന്ദ്രത്തിന് സാധിക്കുന്നില്ല തുടങ്ങിയ ചോദ്യങ്ങളും കോടതി ഉയര്‍ത്തി.
കേന്ദ്ര സര്‍ക്കറിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ദേഷ്യത്തേക്കാള്‍ വേദനയാണ് തോന്നുന്നതെന്നും കോടതി നിരീക്ഷിച്ചു. സ്പീക്കര്‍ അയോഗ്യരാക്കിയ ഒന്‍പത് എം എല്‍ എമാര്‍ക്ക് വിശ്വാസ വോട്ടില്‍ പങ്കെടുക്കാന്‍ കഴിയില്ല. ഭരണഘടനയോട് ചെയ്ത തെറ്റിന് വിമത എം എല്‍ എമാര്‍ ശിക്ഷ അനുഭവിക്കേണ്ടതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. രാഷ്ട്രപതിക്ക് പോലും തെറ്റുപറ്റാമെന്നും അതുകൊണ്ട് ഉത്തരാഖണ്ഡ് നിയമസഭ സസ്‌പെന്റ് ചെയ്യാനുള്ള രാഷ്ട്രപതിയുടെ തീരുമാനം പോലും ജുഡീഷ്യല്‍ റിവ്യൂവിന് വിധേയമാക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു.
ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം റദ്ദാക്കിയ ഹൈക്കോടതി വിധി ഇടക്കാല ഉത്തരവിലൂടെ സുപ്രീം കോടതി മരവിപ്പിക്കുകയുണ്ടായി. കേസില്‍ വാദം അടുത്ത കേള്‍ക്കുന്നതുവരെ ഉത്തരഖാണ്ഡ് രാഷ്ട്രപതി ഭരണത്തിന്‍ കീഴിലായിരിക്കുമെന്നും അതുവരെ ബി ജെ പിയുടെ നേതൃത്വത്തില്‍ ബദല്‍ സര്‍ക്കാര്‍ രൂപവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ രേഖാമൂലം ഉറപ്പുനല്‍കണമെന്നം ജസ്റ്റിസ്മാരായ ദീപക് മിശ്ര, ശിവകീര്‍ത്തി സിംഗ് എന്നിവരടങ്ങിയ ബഞ്ച് ഉത്തരവിട്ടു. രാഷ്ട്രപതി ഭരണം റദ്ദാക്കി ഹൈക്കോടതി പുറപ്പെടുവിച്ച വിധി കക്ഷികള്‍ക്ക് ലഭ്യമാക്കിയില്ല എന്ന കേന്ദ്ര സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് ഈ കോടതി വിധി സുപ്രീം കോടതി മരവിപ്പിച്ചത്.നിലവിലി രാഷ്ട്രപതി ഭരണം ഇനിയൊരുത്തരവുണ്ടാകുന്നതു വരെ നീട്ടിയിരിക്കുകയാണ് സുപ്രീം കോടതി ഇന്നലെ.
നമ്മുടെ രാജ്യത്തെ ഭരണഘടനയുടെ അന്തഃസത്തയാണ് ഇപ്പോള്‍ സംരക്ഷിക്കപ്പെടേണ്ടത്. സംസ്ഥാനങ്ങളുടെ അധികാരാവകാശങ്ങളെ കാററില്‍ പറത്തുക എന്നതിനര്‍ഥം ഭരണഘടനയെത്തന്നെ പിച്ചിചീന്തലാണ്. അതുകൊണ്ടുതന്നെ സംസ്ഥാനങ്ങളുടെ അവകാശങ്ങളും രാജ്യത്തെ ഫെഡറല്‍ സംവിധാനവും നില്‍നിര്‍ത്താന്‍ വളരെ വിപുലമായ ഒരു ബഹുജനപ്രസ്ഥാനം വളര്‍ന്നുവരേണ്ട സമയമാണിത്. മുന്നോട്ട് കുതിക്കേണ്ട രാജ്യത്തിന്റെ ചരിത്രത്തേയും ജനതയേയും പിന്നോട്ട് വലിക്കാന്‍ ശ്രമിക്കുന്നവരാരായാലും ചരിത്രത്തിന്റെ ചവറുകുട്ടയിലായിരിക്കും ഇക്കൂട്ടര്‍ക്കുള്ള സ്ഥാനം.