Connect with us

Editorial

ശിരോവസ്ത്രം

Published

|

Last Updated

മതസ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്ന ഭരണഘടനയുടെ 25ാ-ാം അനുഛേദത്തിന്റെ അന്തസ്സത്ത ഉയര്‍ത്തിപ്പിടിക്കുന്നതാണ് ശിരോവസ്ത്ര പ്രശ്‌നത്തില്‍ ചൊവ്വാഴ്ച ഹൈക്കോടതിയില്‍ നിന്നുണ്ടായ ഉത്തരവ്. ശിരോവസ്ത്രം ധരിച്ചു പരീക്ഷക്ക് ഹാജറാകുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ സി ബി എസ് ഇക്ക് അധികാരമില്ലെന്നും ഈ നിബന്ധന മതസ്വാതന്ത്ര്യത്തിന് ഹാനികരമാണെന്നുമായിരുന്നു കോടതി വിധി. രാജ്യത്ത് മതസ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് നല്‍കിയതാണ്. മതം നിഷ്‌കര്‍ഷിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നതും അതിന്റെ ഭാഗം തന്നെ. ഇത്തരം വേഷങ്ങളെക്കുറിച്ചു മതത്തിന് പുറത്തുള്ളവര്‍ക്ക് വ്യത്യസ്ത അഭിപ്രാമുണ്ടാകാമെങ്കിലും തദടിസ്ഥാനത്തില്‍ ഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്ര്യം തടയാവതല്ലെന്ന് ജസ്റ്റിസ് എ മുഷ്താഖ് നിരീക്ഷിച്ചു. അഖിലേന്ത്യാ മെഡിക്കല്‍ പരീക്ഷക്ക് പങ്കെടുക്കുന്ന പെണ്‍കുട്ടികള്‍ ശിരോവസ്ത്രവും മുഴുനീളന്‍കൈ വസ്ത്രങ്ങളും ഒഴിവാക്കണമെന്ന സി ബി എസ് ഇ ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹരജിയിലായിരുന്നു വിധിപ്രസ്താവം.
മഫ്ത പോലെയുളള ശിരോവസ്ത്രത്തിനും പര്‍ദക്കുമെതിരെ അടുത്ത കാലത്തായി വിവിധ ഭാഗങ്ങളില്‍ നിന്ന് വിമര്‍ശവും എതിര്‍പ്പും ഉയര്‍ന്നുവരികയാണ്. മഫ്തയും പര്‍ദയും ധരിച്ചെത്തിയവര്‍ക്ക് പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശം നല്‍കുന്നില്ല. ശിരോവസ്ത്രം അണിഞ്ഞതിന്റെ പേരില്‍ ആലപ്പുഴ ഗുരുപുരം ബിലീവേഴ്‌സ് ചര്‍ച്ച് ഇംഗ്ലീഷ് സ്‌കൂളില്‍ നിന്ന് വിദ്യാര്‍ഥിനിയെ പുറത്താക്കിയത് വിവാദമായതാണ്. പ്രസ്തുത കുട്ടിയെ അതേ സ്‌കൂളില്‍ തിരിച്ചെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടതിന്റെ പേരില്‍ പിന്നീട് തിരിച്ചെടുക്കുകയുണ്ടായി. ഇതിന് സമാനമായിരുന്നു മെഡിക്കല്‍ പരീക്ഷകള്‍ക്ക് വരുമ്പോള്‍ പെണ്‍കുട്ടികള്‍ ശിരോവസ്ത്രമോ മുഴുകൈയുള്ള വസ്ത്രങ്ങളോ ധരിക്കരുതെന്ന സി ബി എസ് ഇയുടെ ഉത്തരവ്. ഹിജാബ് ധരിച്ചതിന്റെ പേരില്‍ ആലിയാ ഫര്‍സാന എന്ന പെണ്‍കുട്ടിയെയും ശിരോവസ്ത്രം ധരിച്ചതിന് ജവഹര്‍ സെന്‍ട്രല്‍ സ്‌കൂളില്‍ അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷക്കെത്തിയ ഒരു കന്യാസ്ത്രീയെയും അധികൃതര്‍ തടഞ്ഞിരുന്നു. മതകീയ വസ്ത്രങ്ങള്‍ അഴിച്ചു വെക്കാതെ ഹാളില്‍ കടക്കാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ ശഠിച്ചതിനെ തുടര്‍ന്ന് അവര്‍ പരീക്ഷ എഴുതാതെ തിരിച്ചു പോരുകയാണുണ്ടായത്.
പ്രദര്‍ശിപ്പിക്കാന്‍ പറ്റാത്ത ശരീരഭാഗങ്ങള്‍ മറയ്ക്കുക എന്നതാണ് വസ്ത്രധാരണത്തിന്റെ ലക്ഷ്യം തന്നെ. വ്യക്തിത്വ പ്രകടനം കൂടിയാണ് വസ്ത്രധാരണം. പ്രകൃതിയും കാലാവസ്ഥയുമായി ബന്ധപ്പെട്ട ചില വ്യത്യാസങ്ങള്‍ ഒഴിച്ചാല്‍ ശിരോവസ്ത്രം ധരിച്ച് തല മറക്കുന്നത് മാന്യതയുടെയും ലാളിത്യത്തിന്റെയും ഭക്തിയുടെയും ചിഹ്നമായി ലോകമാസകലം അംഗീകരിച്ചിട്ടുണ്ട്. ഇസ്‌ലാമില്‍ മാത്രമല്ല, മതചിഹ്നമെന്ന നിലയില്‍ ക്രിസ്തു മതത്തിലും ഹിന്ദുമതത്തിലുമെല്ലാം സ്ത്രീകള്‍ തലമറക്കുന്ന രീതിയുണ്ട്. ചില മതങ്ങള്‍ എല്ലാ നേരത്തും തലമറക്കാന്‍ നിഷ്‌കര്‍ഷിച്ചിട്ടില്ലെങ്കിലും ഇസ്‌ലാമില്‍ വീടിന് വെളിയിലിറങ്ങുമ്പോഴും അന്യപുരുഷന്മാര്‍ക്ക് മുമ്പിലും സ്ത്രീകള്‍ തലമറച്ചിരിക്കണമെന്ന് കല്‍പ്പനയുണ്ട്. ഈ അടിസ്ഥാനത്തിലാണ് മതബോധമുള്ള മുസ്‌ലിം സ്ത്രീകള്‍ ശിരോവസ്ത്രം ധരിക്കുന്നത്. പരീക്ഷാ ഹാളില്‍ പ്രവേശിക്കുമ്പോള്‍ ഇത് ഒഴിവാക്കുന്നതും മതനിബന്ധനക്ക് എതിരാണ്. മതസ്വാതന്ത്ര്യം അനുവദിച്ച രാജ്യത്ത് ഇതിന് വിലക്കേര്‍പ്പെടത്താന്‍ ആര്‍ക്കും അധികാരമില്ല. കഴിഞ്ഞ വര്‍ഷം ഇതു സംബന്ധിച്ച ഒരു കേസില്‍ സുപ്രീം കോടതിയും പരീക്ഷാ ഹാളില്‍ ശിരോവസ്ത്രം ധരിക്കുന്നതിനെ വിമര്‍ശിച്ചിരുന്നു. മൂന്ന് മണിക്കൂര്‍ നേരത്ത് അതൊന്നു അഴിച്ചുവെച്ചാലെന്താണ് കുഴപ്പമെന്നാണ് അന്ന് പരമോന്നത കോടതി ചോദിച്ചത്. ഇസ്‌ലാമിക നിയമങ്ങളെക്കുറിച്ചുള്ള അജ്ഞതയായിരിക്കാം ഇത്തരമൊരു പരാമര്‍ശത്തിനിടയാക്കിയത്. ഏതായാലും മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണത്. മൂന്ന് മണിക്കൂര്‍ നേരത്തേക്ക് മതത്തെ പടിക്ക് പുറത്ത് നിര്‍ത്തിയേ രാജ്യത്തെ ഏതെങ്കിലുമൊരു വേദിയില്‍ ഒരു പൗരന് പ്രവേശനമുള്ളുവെന്നാണെങ്കില്‍ പിന്നെന്താണ് നാം കൊട്ടിഘോഷിക്കുന്ന മതസ്വാതന്ത്ര്യത്തിനും മതേതരത്വത്തിനും അര്‍ഥം?
മഫ്ത, പര്‍ദ പോലുള്ള വസ്ത്രങ്ങള്‍ ധരിച്ചാല്‍ പരീക്ഷയിലെ ക്രമക്കേട് കണ്ടെത്തുന്നതിന് പ്രയാസം സൃഷ്ടിക്കുമെന്നാണ് സി ബി എസ് ഇ പറയുന്ന ന്യായീകരണം. സാങ്കേതിക രംഗം ഏറെ വികസിച്ച ഇന്നത്തെ കാലഘട്ടത്തില്‍ ഇത് തികച്ചും ബാലിശമായ വാദമാണെന്ന് ആര്‍ക്കാണറിയാത്തത്? യഥാര്‍ഥത്തില്‍ ഇസ്‌ലാമിക വേഷവിധാനങ്ങളോടുള്ള അസഹിഷ്ണുതയാണ് ഇതെല്ലാം. ബന്ധപ്പെട്ടവര്‍ ഇത് കൈവെടിയേണ്ടതുണ്ട്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് പരീക്ഷയുടെ ഒരു മണിക്കൂര്‍ മുമ്പ് സ്ഥലത്തെത്തി അധികൃതരുടെ പരിശോധനക്ക് വിധേയമായ ശേഷം ശിരോവസ്ത്രം ധരിച്ചു തന്നെ പരീക്ഷയെഴുതാമെന്ന് സി ബി എസ് ഇ ആക്ടിംഗ് ചെയര്‍മാന്‍ ശേശുകുമാര്‍ അറിയിച്ചിട്ടുണ്ട്. ഇത് സ്വാഗതാര്‍ഹമാണ്. അതേസമയം, സമാനമായ പശ്‌നങ്ങള്‍ ഇനിയും ഉടലെടുക്കാതിരിക്കാന്‍ രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിര്‍ദിഷ്ട യൂനിഫോമിനൊപ്പം ശിരോവസ്ത്രം ധരിക്കാനുള്ള മുസ്‌ലിം വിദ്യാര്‍ഥിനികളുടെ അവകാശം നിലനിറുത്തുന്നതിനാവശ്യമായ ഉത്തരവുകള്‍ ഉണ്ടാകുകയോ നിയമനിര്‍മാണങ്ങള്‍ നടത്തുകയോ ചെയ്യേണ്ടതാണ്.

---- facebook comment plugin here -----

Latest