ചെന്നിത്തലയുടെ കത്ത് ആയുധമാക്കി വി എസ്

Posted on: April 28, 2016 9:59 am | Last updated: April 28, 2016 at 9:59 am
SHARE

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിനയച്ച കത്ത് ആയുധമാക്കി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ഉമ്മന്‍ചാണ്ടിയുടെ കൊള്ളയെ കുറിച്ച് രമേശ് ചെന്നിത്തലക്ക് പോലും കോണ്‍ഗ്രസ് കേന്ദ്ര നേതാക്കളെ അറിയിക്കേണ്ടി വന്നെന്ന് വി എസ് അച്യുതാന്ദന്‍ പിറവത്ത് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടിയുടെ ഏകാധിപത്യം യു ഡി എഫിനെയും കോണ്‍ഗ്രസിനെയും ജനങ്ങളില്‍ നിന്ന് അകറ്റിയെന്നാണ് കെ പി സി സി രമേശ് ചെന്നിത്തല കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനു നല്‍കിയ കത്തില്‍ പറയുന്നത്. കോണ്‍ഗ്രസില്‍ വന്‍ വിവാദം സൃഷ്ടിച്ച കത്തിലെ ഭാഗങ്ങള്‍ വായിച്ചു വിശദീകരിച്ച് വി എസ് ഉമ്മന്‍ചാണ്ടിക്കെതിരെ ആഞ്ഞടിച്ചു. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഭരണത്തില്‍ അഴിമതി എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രതിച്ഛായ പൂര്‍ണമായും തകര്‍ന്നു. ഉമ്മന്‍ചാണ്ടിയുടെ ഏകാധിപത്യം യു ഡി എഫിനെയും കോണ്‍ഗ്രസിനെയും ജനങ്ങളില്‍ നിന്ന് അകറ്റി. തുടങ്ങിയ കാര്യങ്ങളാണ് ചെന്നിത്തല നല്‍കിയ കത്തില്‍ പറയുന്നത്.
കായലും പാടവുമൊക്കെ സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും പതിച്ചുകൊടുക്കാന്‍ മുഖ്യമന്ത്രി പദ്ധതി തയ്യാറാക്കി. മെത്രാന്‍ കായലില്‍ മാത്രം 307 ഏക്കറിലധികമാണ് കൊടുക്കാന്‍ തീരുമാനിച്ചത്. കിട്ടുന്ന കാശ് നഷ്ടപ്പെടുത്തരുതെന്നു മാത്രമേ ഉമ്മന്‍ചാണ്ടിക്കും മാണിക്കും മറ്റു മന്ത്രിമാര്‍ക്കും വിചാരമുള്ളൂ. വി എസ് പറഞ്ഞു.