Connect with us

Kerala

സരിതയെ അറസ്റ്റ് ചെയ്തതില്‍ ഗൂഢാലോചനയില്ല: ഡി വൈ എസ് പി ഹരികൃഷ്ണന്‍

Published

|

Last Updated

കൊച്ചി: ഐ ജി. പത്മകുമാറും മുന്‍ പെരുമ്പാവൂര്‍ ഡി വൈ എസ്പി. കെ ഹരികൃഷ്ണനും നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് ധൃതിപിടിച്ച് തന്നെ അറസ്റ്റ് ചെയ്തതെന്ന സരിതയുടെ ആരോപണം ഡി വൈ എസ് പി ഹരികൃഷ്ണന്‍ സോളാര്‍ കമ്മീഷന്‍ മുമ്പാകെ നിഷേധിച്ചു. ഗൂഢാലോചനയുടെ ഭാഗമായാണോ ഐ ജി. പത്മകുമാര്‍ സരിതയെ ഉടന്‍ അറസ്റ്റ് ചെയ്യാനും അന്വേഷണം ത്വരിതഗതിയിലാക്കാനും തനിക്ക് നിര്‍ദേശം നല്‍കിയതെന്ന് തനിക്കറിയില്ല. അദ്ദേഹവും താനുമായി ഇക്കാര്യത്തില്‍ ഒരു ഗൂഢാലോചനയും നടത്തിയിട്ടില്ല. സരിതയെ അറസ്റ്റ് ചെയ്തപ്പോഴും പിന്നീടും അവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്ത ലാപ്‌ടോപ്, സിഡി, മൊബൈല്‍ ഫോണുകള്‍ എന്നിവ മഹസര്‍പ്രകാരം കോടതിയില്‍ ഹാജരാക്കിയില്ല എന്നും അതില്‍ ചിലത് തന്റേയും ഐ ജിയുടേയും കൈവശമിരിക്കുന്നതായി അവര്‍ പരാതിയില്‍ പറഞ്ഞിരിക്കുന്നത് തെറ്റാണെന്നും ഹരികൃഷ്ണന്‍ മൊഴി നല്‍കി. പിടിച്ചെടുത്ത തൊണ്ടി മുതലുകളില്‍ ചിലത് കോടതിക്ക് പുറത്ത് അന്വേഷണ ഉദ്യോഗസ്ഥന്‍മാരുടെ കൈയ്യിലുണ്ടെന്നും കാണാതായ വസ്തുക്കള്‍ ഐ ജി. പത്മകുമാറിന്റേയും ഡി വൈ എസ് പി. ഹരികൃഷ്ണന്‍ എന്നിവരുടെ മേല്‍നോട്ടത്തിലിരിക്കുമ്പോഴാണ് നഷ്ടമായതെന്നും സരിത ഡി ജി പിക്ക് നല്‍കിയ പരാതിയിലുള്ളതായി ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ഹരികൃഷ്ണന്റെ ഈ മറുപടി.

സരിതയെ അറസ്റ്റ് ചെയ്യുന്ന സമയത്ത് പെരുമ്പാവൂര്‍ കേസിലെ പരാതിക്കാരന്‍ സജാദ് ഐ ജിക്കും മന്ത്രി അനൂപ് ജേക്കബിനു പരാതി നല്‍കിയതായി മാത്രമേ തനിക്കറിയൂ. സരിതയെ 2013 ജൂണ്‍ രണ്ടിന് രാത്രി അറസ്റ്റ് ചെയ്തിരുന്നതായുള്ള സരിതയുടെ അമ്മയുടേയും സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്റേയും മുന്‍ തലശ്ശേരി എസ് ഐ. ബിജു ജോണ്‍ ലൂക്കോസിന്റേയും മൊഴികള്‍ കമ്മീഷന്‍ സാക്ഷിയെ വായിച്ചു കേള്‍പ്പിച്ചെങ്കിലും ഇക്കാര്യം നിഷേധിക്കുകയാണ് ഹരികൃഷ്ണന്‍ ചെയ്തത്. പെരുമ്പാവൂര്‍ കേസിലെ പരാതിക്കാരനായ സജാദ് തന്റെ പരാതിയിലോ അന്വേഷണ ഉദ്യോഗസ്ഥനായ സി ഐ. വി റോയിക്ക് നല്‍കിയ മൊഴിയിലോ പിന്നീട് അന്വേഷണം ഏറ്റെടുത്ത തന്നോടോ മുഖ്യമന്ത്രിയുടെ പി എ ജിക്കുമോനുമായി ബന്ധമുണ്ടായിരുന്നു എന്ന് പറഞ്ഞിരുന്നില്ല. അതിനാല്‍ ഈ കേസില്‍ മുഖ്യമന്ത്രിയുടെ പങ്കിനെ കുറിച്ച് അന്വേഷിച്ചിരുന്നില്ലെന്നും ഹരികൃഷ്ണന്‍ സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി.

Latest