എല്‍ ഡി എഫ് വന്നാല്‍ എല്ലാം ശരിയാകുമെന്ന് വിശ്വസിക്കുന്നത് ബാര്‍ മുതലാളിമാര്‍ മാത്രം: മുഖ്യമന്ത്രി

Posted on: April 28, 2016 1:18 am | Last updated: April 28, 2016 at 9:26 am
SHARE

കൊച്ചി: എല്‍ ഡി എഫ് വന്നാല്‍ എല്ലാം ശരിയാകുമെന്ന് വിശ്വസിക്കുന്നത് ബാര്‍ മുതലാളിമാര്‍ മാത്രമാണെന്ന്് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തൃപ്പുണിത്തുറ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി കെ ബാബുവിന്റെ പ്രചാരണാര്‍ത്ഥം പള്ളൂരുത്തിയില്‍ സംഘടിപ്പിച്ച പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിലെ ജനങ്ങള്‍ അങ്ങനെ വിശ്വസിക്കുന്നില്ല. ഇടതു മുന്നണിക്ക് അധികാരം കിട്ടിയപ്പോള്‍ അവര്‍ എന്ത് കാര്യമാണ് ഇവിടെ ശരിയാക്കിയത്. എല്ലാത്തിനും തടസ്സം നില്‍കുന്ന കാഴ്ചയായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ യു ഡി എഫ് ഭരണവും അതിന് മുമ്പുള്ള ഇടതു മുന്നണിയുടെ ഭരണവും താരതമ്യം ചെയ്യുമ്പോള്‍ ജനങ്ങള്‍ക്ക് കാര്യം മനസ്സിലാകും.
25 വര്‍ഷം കൂടുമ്പോള്‍ മാത്രം വന്‍കിട പദ്ധതികള്‍ കമ്മീഷന്‍ ചെയ്തുകൊണ്ടിരുന്ന കേരളത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് എത്ര വന്‍കിട പദ്ധതികളാണ് നടപ്പിലാക്കാന്‍ കഴിഞ്ഞത്. സ്മാര്‍ട്ട് സിറ്റിയും മെട്രോ റെയിലും വിഴിഞ്ഞം തുറമുഖവും കണ്ണൂര്‍ വിമാനത്താവളം അടക്കമുള്ള പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാറിനായി. കേരളത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും പ്രത്യാശ നല്‍കുന്ന രൂപത്തില്‍ സഹായം ലഭ്യമാക്കുന്ന സംവിധാനത്തിന് രൂപം നല്‍കാന്‍ കഴിഞ്ഞു. വികസനവും കരുതലുമായിരുന്നു ഈ സര്‍ക്കാറിന്റെ നിലപാട്. ഇടതുമുന്നണി സര്‍ക്കാര്‍ അഞ്ച് വര്‍ഷം കൊണ്ട് 121 കോടി രൂപയാണ് ചികിത്സാ സഹായമായി ദുരിതാശ്വാസനിധിയില്‍ നിന്ന് നല്‍കിയതെങ്കില്‍ യു ഡി എഫ് സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് 798 കോടി രൂപയാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.