നാദാപുരത്ത് സ്‌ഫോടനം: മൂന്ന് സി പി എം പ്രവര്‍ത്തകര്‍ക്ക് പരുക്ക്

Posted on: April 28, 2016 9:14 am | Last updated: April 28, 2016 at 9:14 am
SHARE

നാദാപുരം: കല്ലാച്ചിക്കടുത്ത തെരുവമ്പറമ്പില്‍ ഇന്നലെ രാത്രിയുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് സി പി എം പ്രവര്‍ത്തകര്‍ക്ക് പരുക്ക്. നരിപ്പറ്റ സ്വദേശി ലിനീഷ്, പയന്തോങ്ങിലെ താനിയുള്ളതില്‍ വിവേക്(28), വണ്ണാന്റ മീത്തല്‍ ലിനേഷ് (26) എന്നിവര്‍ക്കാണ് പരുക്ക്. ലിനീഷിന് ഇരു കൈകള്‍ക്കും, തലക്കും പരുക്കുണ്ട്. വിവേകിന് മുഖത്തും ശരീരത്തിലും പൊള്ളലേല്‍ക്കുകയും, ലിനേഷിന് തലക്കുമാണ് പരുക്ക്. ഇവരെ കല്ലാച്ചി സ്വകാര്യ ആശുപത്രിയില്‍ നിന്ന് പ്രഥമ ശുശ്രൂഷക്ക് ശേഷം കോഴിക്കോട്ടേക്ക് മാറ്റി. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. നിര്‍ദിഷ്ട ഗവ. കോളജിന്റെ സ്ഥലത്തു വെച്ചാണ് സ്‌ഫോടനം നടന്നത്. കിലോമീറ്ററുകളോളം പ്രകമ്പനവും ശക്തമായ പ്രകാശവും ഉണ്ടായെന്ന് നാട്ടുകാര്‍ പറഞ്ഞു. സ്‌ഫോടന ശബ്ദം കേട്ടെങ്കിലും എവിടെയാണ് സ്‌ഫോടനമുണ്ടായതെന്ന് വ്യക്തമല്ലായിരുന്നു.

നാട്ടുകാരും പോലീസും ഏറെ തെരഞ്ഞാണ് സംഭവ സ്ഥലം കണ്ടെത്തിയത്. പോലീസാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.പരുക്കിന്റെ സ്വഭാവം കൊണ്ടും ആള്‍ താമസമൊന്നുമില്ലാത്ത കുന്നിന്‍ മുരകളിലാണ് സ്‌ഫോടനം നടന്നതെന്നതിനാലും ബോംബ് നിര്‍മ്മാണത്തിനിടയിലാണ് സ്‌ഫോടനമെന്നാണ് പോലീസിന്റെ ആദ്യ നിഗമനം.സംഭവ സ്ഥലത്ത് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പോലീസ് കാവലേര്‍പ്പെടുത്തി. ഇന്ന് വിദഗ്ദരെത്തി സ്‌ഫോടന സ്ഥലം പരിശോധിക്കും. ഇതിനിടയില്‍ പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here