Connect with us

Kerala

കേരളത്തില്‍ ചൂട് കൂടും; സൂര്യാഘാതത്തിന് സാധ്യത

Published

|

Last Updated

തിരുവനന്തപുരം:സംസ്ഥാനത്ത് ചൂടിന്റെ കാഠിന്യം ഇനിയും കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സര്‍വകാല റെക്കോര്‍ഡ് രേഖപ്പെടുത്തി കേരളം കൊടുംചൂടിലേക്ക് നീങ്ങുന്നു. ഉഷ്ണക്കാറ്റ് (ഹീറ്റ് വേവ്) എന്ന പ്രതിഭാസമാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കടുത്ത ചൂട് അനുഭവപ്പെടുമെന്നും ഇന്ന് അതികഠിനമായ ചൂടുണ്ടാകുമെന്നുമാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ചിലയിടങ്ങളില്‍ അനുഭവപ്പെട്ട സൂര്യാതപം സൂര്യാഘാതത്തിന് വഴിമാറാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. വരണ്ട കാറ്റ് വീശിക്കൊണ്ടിരിക്കുന്നതും പസഫിക് സമുദ്രത്തില്‍ ഉടലെടുത്ത ഉഷ്ണജല പ്രവാഹമായ എല്‍നിനോ പ്രതിഭാസവുമാണ് ചൂടിന്റെ കാഠിന്യം കൂട്ടുന്നത്.

ഭൂമധ്യരേഖക്ക് സമീപമുള്ള പ്രദേശങ്ങളില്‍ ചൂട് വര്‍ധിച്ചതും കാരണമാണ്. ഈ സാഹചര്യത്തില്‍ ഓരോ ഭൂപ്രദേശത്തെയും അവസ്ഥ അനുസരിച്ച് മൂന്ന് മുതല്‍ നാല് വരെ ഡിഗ്രി സെല്‍ഷ്യസ് ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ റെക്കോര്‍ഡ് ചൂട് പാലക്കാട് തന്നെയാണ് 41.9 ഡിഗ്രി സെല്‍ഷ്യസ്. കോഴിക്കോട് 38.5, കണ്ണൂര്‍ 37.7 ഡിഗ്രി എന്നിങ്ങനെയാണ് ചൂട് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്താണ് ഏറ്റവും കുറവ് ചൂട് രേഖപ്പെടുത്തിയത്- 35.6 ഡിഗ്രി സെല്‍ഷ്യസ്.  മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സംസ്ഥാനത്തെ 70ശതമാനം കിണറുകളിലും ജലനിരപ്പ് താഴ്ന്നതായി ഭൂജല വകുപ്പ് അറിയിച്ചു.
അതേ സമയം വരള്‍ച്ച നേരിടുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ജാഗ്രത പുലര്‍ത്താന്‍ എല്ലാ ആശുപത്രികള്‍ക്കും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൂടുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളുമായി വരുന്നവര്‍ക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കണമെന്നാണ് നിര്‍ദ്ദേശം. ഇതിനുള്ള സൗകര്യങ്ങള്‍ എല്ലാ ആശുപത്രികളിലും ലഭ്യമാക്കും.
ജാഗ്രതാ നിര്‍ദേശം: പകല്‍ 11 മുതല്‍ മൂന്ന് വരെ പുറംജോലികള്‍ പൂര്‍ണമായും ഒഴിവാക്കണം. പോലിസ് അടക്കം പൊതുനിരത്തില്‍ ജോലി ചെയ്യുന്നവരും ഇക്കാര്യം ശ്രദ്ധിക്കണം. പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ ജില്ലാ കലക്ടര്‍മാരെ ചുമതലപ്പെടുത്തി. ,
പുറത്തേക്ക് ഇറങ്ങേണ്ടി വന്നാല്‍ കുട കൈയില്‍ കരുതണം. ,
ദാഹിച്ചില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കണം.
മദ്യം, ചായ, കാപ്പി തുടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കണം.
വെയിലേറ്റതിനെ തുടര്‍ന്ന് ക്ഷീണം അനുഭവപ്പെട്ടാല്‍ വൈദ്യസഹായം തേടണം.
അങ്കണ്‍വാടികളിലും ആശുപത്രികളിലും തൊഴിലിടങ്ങളിലും വെള്ളം, ഒ ആര്‍ എസ് എന്നിവ ഉറപ്പാക്കണം.

---- facebook comment plugin here -----

Latest