ന്യൂഡല്‍ഹി:ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം തുടരണമെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. രാഷ്ട്രപതി ഭരണം പിന്‍വലിച്ച ഉത്തരാഖണ്ഡ് ഹൈക്കോടി വിധി ചോദ്യം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ഉത്തരവ്. നാളെ നിശ്ചയിച്ചിരിക്കുന്ന വിശ്വാസ വോട്ടെടുപ്പ് നടത്തരുതെന്നും കോടതി നിര്‍ദേശിച്ചു. കേസില്‍ മെയ് മൂന്നിന് വീണ്ടും വാദം തുടരും. അതേസമയം, രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതില്‍ കേന്ദ്ര സര്‍ക്കാറിനോട് സുപ്രീം കോടതി വിശദീകരണം തേടിയിട്ടുണ്ട്.
രാഷ്ട്രപതി ഭരണം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് വന്നതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഹൈക്കോടതി വിധിയുടെ പകര്‍പ്പ് ലഭ്യമായില്ലെന്ന് കാണിച്ച് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബഞ്ച് ഈ മാസം 22ന് കേസ് പരിഗണിക്കുന്ന ഇന്നലെ വരെ ഹൈക്കോടതി വിധി താത്കാലികമായി സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു.
ഇന്നലെ കേസ് പരിഗണിച്ച കോടതി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിന്റെ കാരണങ്ങള്‍ വ്യക്തമാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഹിതപരിശോധനക്ക് നേരിട്ട കാലതാമസം രാഷ്ട്രപതി ഭരണം എര്‍പ്പെടുത്താനുള്ള കാരണമാണോ? ഹരിഷ് റാവത്ത് കൂറുമാറിയ എം എല്‍ എമാര്‍ക്ക് പണം വാഗ്ദാനം ചെയ്യുന്ന ഒളിക്യാമറാ ദൃശ്യങ്ങള്‍ പുറത്തുവന്നതാണോ രാഷ്ട്രപതി ഭരണത്തിന് ഉത്തരവിടുന്നതിന് കാരണമായത്? എന്തുകൊണ്ടാണ് സര്‍ക്കാറിന് ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കാത്തത്? എം എല്‍ എമാരെ അയോഗ്യരാക്കുന്നതാണോ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിനുള്ള കൃത്യമായ സമയം? എന്നതുള്‍പ്പടെ ഏഴ് ചോദ്യങ്ങളാണ് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനോട് ചോദിച്ചത്. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൂടി ഉള്‍പ്പെടുത്തി ഹരജി ഭേദഗതി ചെയ്ത് നാളെ വീണ്ടും സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു.
കേന്ദ്ര സര്‍ക്കാറിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോതഗിയും മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേയും ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി വിധി തുടരണമെന്ന് വാദിച്ചു. എന്നാല്‍, ഇടക്കാല ഉത്തരവ് പാസാക്കുന്നതിനെതിരെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനും നിയമസഭാ സ്പീക്കര്‍ ഗോവിന്ദ് സിംഗ് കുജ്‌വാലിനും വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ അഭിഷേക് മനു സിംഗ്‌വി, കപില്‍ സിബല്‍ എന്നിവര്‍ എതിര്‍ വാദം ഉന്നയിച്ചു.
മാര്‍ച്ചില്‍ ഉത്തരാഖണ്ഡ് നിയമസഭയില്‍ നടന്ന ബജറ്റ് ചര്‍ച്ചക്കിടെ ഭരണകക്ഷിയായ കോണ്‍ഗ്രസിലെ ഒമ്പത് വിമത എം എല്‍ എമാര്‍ ബി ജെ പിയിലേക്ക് കൂറുമാറിയതിനെ തുടര്‍ന്നാണ് ഉത്തരാഖണ്ഡില്‍ ഭരണ പ്രതിസന്ധിയുണ്ടായത്. വിഷയത്തില്‍ സുപ്രീം കോടതി ഒരു തീയതി തീരുമാനിച്ചിട്ടുണ്ടെന്നും അതുവരെ തങ്ങള്‍ കാത്തിരിക്കാന്‍ തയ്യാറാണെന്നും ഹാരീഷ് റാവത്ത് വ്യക്തമാക്കി.