Connect with us

Gulf

ലോക തൊഴിലാളി ദിനം; ഷാര്‍ജയില്‍ ത്രിദിന ആഘോഷം നടത്തും

Published

|

Last Updated

ഷാര്‍ജയില്‍ ലോക തൊഴിലാളി ദിനത്തെക്കുറിച്ച് അധികൃതര്‍ വിവരിക്കുന്നു

ഷാര്‍ജ: ഷാര്‍ജ തൊഴില്‍ വകുപ്പ് വികസന അതോറിറ്റി (എസ് എല്‍ എസ് ഡി എ) ലോക തൊഴിലാളി ദിനത്തിന്റെ ഭാഗമായി മൂന്നു ദിവസത്തെ ആഘോഷം നടത്തും. 29 മുതല്‍ മെയ് ഒന്ന് വരെ സജയില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ സഹകരണത്തോടെയാണ് പരിപാടി.
സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്ക് തൊഴിലാളികളോടും തൊഴിലുടമകളോടുമുള്ള പ്രതിബദ്ധതയുടെ ഭാഗമായി, കിരീടാവകാശിയും ഉപ ഭരണാധികാരിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ പിന്തുണയോടെയാണ് ആഘോഷം നടത്തുക.
എസ് എല്‍ എസ് ഡി എ എ ചെയര്‍മാന്‍ സാലിം യൂസുഫ് അല്‍ ഖസീര്‍, അതോറിറ്റി ഡയറക്ടര്‍ ശൈഖ് മുഹമ്മദ് ബിന്‍ സഖര്‍ അല്‍ ഖാസിമി എന്നിവരാണ് പ്രഖ്യാപനം നടത്തിയത്. ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയില്‍ നടന്ന ചടങ്ങില്‍ ഷാര്‍ജയിലെ ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍, സ്വകാര്യ മേഖലയില്‍ നിന്നുള്ളവര്‍, ഇന്ത്യന്‍ അസോസിയേഷന്‍ അംഗങ്ങള്‍ സംബന്ധിച്ചു.
ആഘോഷത്തില്‍ തൊഴിലാളികള്‍ക്കായി അവബോധ പ്രവര്‍ത്തനങ്ങളും കായികമത്സരങ്ങളും നടത്തുമെന്ന് അല്‍ ഖസീര്‍ പറഞ്ഞു. തൊഴിലാളികള്‍ക്ക് ക്രിക്കറ്റ്, വോളിബോള്‍ സൗഹൃദ മത്സരങ്ങള്‍ നടത്തും. ഇന്ത്യ, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍നിന്നുള്ള തൊഴിലാളികള്‍ വിനോദ-സാംസ്‌കാരിക പരിപാടികളും അവതരിപ്പിക്കും.
രാജ്യത്തിന്റെ പ്രത്യേകിച്ച് ഷാര്‍ജയുടെ ദ്രുതഗതിയിലുള്ള നഗരവികസനത്തില്‍ തൊഴിലാളികളുടെ പങ്ക് നിസ്തുലമാണ്. തൊഴിലാളികള്‍ക്ക് അവരുടെ തൊഴിലിടങ്ങളിലും ജീവിത ചുറ്റുപാടുകളിലും നേരിടേണ്ടിവരുന്ന കാര്യങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കല്‍ അതോറിറ്റിയുടെ ലക്ഷ്യമാണ്. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അവരുടെ ശ്രമങ്ങള്‍ തിരിച്ചറിയാനും അതോറിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് അല്‍ ഖസീര്‍ വ്യക്തമാക്കി.
ആഘോഷം സംഘടിപ്പിക്കാനും തൊഴിലാളികളെ പങ്കാളികളാക്കാനുമുള്ള ഇന്ത്യന്‍ അസോസിയേഷന്റെ ശ്രമങ്ങള്‍ക്ക് ശൈഖ് മുഹമ്മദ് ബിന്‍ സഖര്‍ അല്‍ ഖാസിമി പ്രത്യേക നന്ദി രേഖപ്പെടുത്തി. ആഘോഷങ്ങളുടെ ആദ്യ ദിനത്തില്‍ ഉച്ചക്ക് 1.30 മുതല്‍ വൈകീട്ട് അഞ്ച് വരെ സൗജന്യ മെഡിക്കല്‍ ക്യാമ്പും പരിശോധനകളും സംഘടിപ്പിക്കും. വൈകിട്ട് ആറിന് ഘോഷയാത്രയും ഏഴിന് 40 കടകള്‍ ബസാര്‍ ഉദ്ഘാടനവും നടക്കും. തുടര്‍ന്ന് ഷാര്‍ജ തൊഴിലാളി ദിനത്തിന്റെ ഉദ്ഘാടനം നടക്കും. രാത്രി എട്ട് വരെ കലാ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും.
രണ്ടാം ദിനത്തില്‍ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തെക്കുറിച്ചുള്ള ശില്‍പശാലകള്‍ അടങ്ങിയ അവബോധം നടത്തും. 7.30 മുതല്‍ 8.30 വരെ കലാ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. സമാപന ദിവസം വൈകിട്ട് ആറ് മുതല്‍ വിവിധ പ്രഭാഷണങ്ങള്‍ നക്കും. 6.45ന് നടക്കുന്ന സമാപന ചടങ്ങില്‍ തൊഴില്‍മന്ത്രാലയം തിരഞ്ഞെടുത്ത 10 തൊഴിലാളികള്‍, കമ്പനികള്‍ എന്നിവര്‍ക്ക് പുരസ്‌കാരം നല്‍കും.

 

---- facebook comment plugin here -----

Latest