ഗാന്ധിജിയുടെ അനുയായികളും (?) ഗോഡ്‌സേയുടെ അനുയായികളും ഒന്നിക്കുംമ്പോള്‍!/വിഎസ്

Posted on: April 27, 2016 3:34 pm | Last updated: April 27, 2016 at 3:34 pm
SHARE

VSഗാന്ധിജിയുടെ അനുയായികളും (?) ഗോഡ്‌സേയുടെ അനുയായികളും ഒന്നിക്കുംമ്പോള്‍!
‘ഹിന്ദുമത വിശ്വാസികളും മുസ്ലീംമത വിശ്വാസികളും ഒന്നിച്ച് ഈ രാജ്യത്ത് കഴിയാന്‍ പാടില്ല എന്നത് ഒരു വിഭാഗത്തിന്റെ അഭിപ്രായമാണ്. മുസ്ലീം ജനവിഭാഗം പാക്കിസ്താനിലേക്ക് പോകണം, അല്ലെങ്കില്‍ രണ്ടാംതരം പൗരന്മാരായി ഈ രാജ്യത്ത് കഴിയണം. ഇത് വിഷലിപ്തമായ മനോഭാവമാണ്.’
ഗാന്ധിജിയുടെ വാക്കുകളാണ് മേല്‍ ഉദ്ധരിച്ചത്. 1947 ഡിസംബറിലാണ് ഗാന്ധിജി ഇങ്ങനെ ആശങ്കപ്പെട്ടത്. ഡി.ജി. ടെണ്‍ഡുല്‍ക്കര്‍ രചിച്ച ഗാന്ധിജിയുടെ ആധികാരിക ജീവചരിത്ര ഗ്രന്ഥമായ ‘മാഹാത്മ’യില്‍ നിന്നാണ് പ്രസ്തുത ഉദ്ധരണി. ഈ അഭിപ്രായം പ്രകടിപ്പിച്ചതിനാണ് 1948 ജനുവരി 30ന് ആ മഹാത്മാവിന്റെ മാറിലേക്ക് നാഥുറാം വിനായക് ഗോഡ്‌സേ നിറയൊഴിച്ചത്. ഇന്നും നമ്മുടെ രാജ്യത്ത് ആ മാനസികാവസ്ഥയിലുള്ളവര്‍ ശക്തിയാര്‍ജിക്കാന്‍ ശ്രമിക്കുന്നു. അത്തരം വിദ്വേഷ രാഷ്ട്രീയത്തിന്റെ ഉദാഹരണങ്ങളാണ് പുരോഗമനാശയക്കാരായ ഗോവിന്ദ പന്‍സാരെ, നരേന്ദ്ര ദാബോല്‍ക്കര്‍, എം.എം. കല്‍ബുര്‍ഗി എന്നിവരുടെ വധം. ഭക്ഷണം കഴിച്ചതിന് അടിച്ച് കൊല്ലുന്നതും, ദളിതനെ ചുട്ട് കൊല്ലുന്നതും, അവര്‍ക്ക് ഉന്നത വിദ്യാഭ്യാസം നിഷേധിക്കുന്നതും ഗാന്ധിവധത്തിലെത്തിച്ച മാനസികാവസ്ഥയുടെ ലക്ഷണങ്ങളാണ്.
ഈ ദുഷ്ടശക്തികള്‍ക്കെതിരായുള്ള പോരാട്ടത്തിലാണ് ഇന്ത്യയൊട്ടാകെ ഇടത്പക്ഷ കക്ഷികള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ശ്രീനാരായണ ദര്‍ശനങ്ങളുടെ പിന്തുടര്‍ച്ചയെന്ന നിലയില്‍ കമ്മ്യൂണിസ്റ്റ്കാരും മറ്റ് നവോത്ഥാന നായകന്മാരും ഊട്ടി ഉറപ്പിച്ച മതനിരപേക്ഷ ബോധം തകര്‍ക്കാനാണ് കേരളത്തില്‍ വെള്ളാപ്പള്ളിയും കൂട്ടരും ശ്രമിക്കുന്നത്. അത്തരം ശ്രമങ്ങളെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്ന നിലപാടാണ് ശ്രീ ഉമ്മന്‍ ചാണ്ടിയും കൂട്ടരും സ്വീകരിക്കുന്നത്. പരസ്പരം കൂടിയാലോചിച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തുന്ന ജുഗുപ്‌സാവഹമായ പ്രവര്‍ത്തനങ്ങളിലാണ് യു.ഡി.എഫ് ഉം ബി.ജെ.പിയും ഏര്‍പ്പെട്ടിരിക്കുന്നത്. അക്കൗണ്ട് തുറക്കാന്‍ സഹായിക്കണമെന്നും തുടര്‍ഭരണത്തിന് ഇടയാക്കണമെന്നും ഉള്ള കരാര്‍ ജോറാകുന്നുണ്ട്. തിരുവനന്തപുരത്ത് ശ്രീശാന്തിനെ നിറുത്തി സഹായം ! വി.വി.രാജേഷിനെ ചുമന്ന് മാറ്റി സഹായം ! രമേശ് ചെന്നിത്തലയ്‌ക്കെതിരെ അപ്രധാന സ്ഥാനാര്‍ത്ഥി ! സുഭാഷ് വാസുവിന് തിരിച്ച് സഹായം ! കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അവിശുദ്ധ കൂട്ട്‌കെട്ടിന്റെ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. പഴയ കോലീബി സഖ്യം!
ഇത് കേരളമാണ്. ശ്രീനാരായണ ദര്‍ശനങ്ങളും നവോത്ഥാന മൂല്യങ്ങളും ഉഴുതുമറിച്ച മണ്ണ്. ‘ഇവിടെത്തെ കാറ്റാണ് കാറ്റ്’. മത സാഹോദര്യത്തിന്റെ കാറ്റ്. ഇവിടെ നിലനില്‍ക്കുന്ന മത സൗഹാര്‍ദ്ദത്തെ തച്ചുതകര്‍ക്കാന്‍ ഒരു ശക്തിയേയും അനുവദിക്കില്ല

LEAVE A REPLY

Please enter your comment!
Please enter your name here