Connect with us

Editorial

ഇനിയുമെത്ര നിരപരാധികള്‍

Published

|

Last Updated

മലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഒമ്പത് മുസ്‌ലിം യുവാക്കളെ മുംബൈ പ്രത്യേക കോടതി കുറ്റവിമുക്തരാക്കിയിരിക്കുകയാണ്. ഇവര്‍ക്കെതിരെ ഹാജരാക്കിയ തെളിവുകള്‍ വിശ്വസനീയമല്ലെന്നാണ് വിധി പറഞ്ഞ ജസ്റ്റിസ് വി വി പാട്ടീലിന്റെ നിരീക്ഷണം. പാക് ഭീകരസംഘടനയായ ലഷ്‌കറെ ത്വയ്യിബയുടെ സഹായത്തോടെ നിരോധിത സംഘടന സിമിയാണ് സ്‌ഫോടനം നടത്തിയതെന്നാണ് കേസ് ആദ്യം അന്വേഷിച്ച മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് വിധിയെഴുതിയത്. പിന്നീട് കേസ് ഏറ്റെടുത്ത സി ബി ഐ ഈ നിഗമനത്തെ ശരിവെക്കുകയും ചെയ്തു. 2011ല്‍ ദേശീയ അന്വേഷണ ഏജന്‍സി (ഐ എന്‍ എ) കേസ് ഏറ്റെടുത്തതോടെയാണ് അന്വേഷണം ശരിയായ ദിശയില്‍ നീങ്ങിയതും സംഭവത്തിന് പിന്നില്‍ ഹിന്ദുത്വ ശക്തികളാണെന്ന് കണ്ടെത്തിയതും. എന്നാല്‍, കോടതിയുടെ പരിഗണനയിലുള്ള കേസിന്റെ അവസാന ഘട്ടത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി തങ്ങളുടെ നിലപാടില്‍ മലക്കം മറിയുകയും മുസ്‌ലിം യുവാക്കളെ വിട്ടയക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ സമ്മര്‍ദമായിരിക്കണം പിന്നിലെന്നാണ് വിലയിരത്തപ്പെടുന്നത്. കോടതി അവരുടെ നിലപാട് മാറ്റം അംഗീകരിച്ചില്ല.
2006 സെപ്തംബര്‍ എട്ടിന് നാസിക് ജില്ലയിലെ മലേഗാവ് പള്ളിയില്‍ ബറാഅത്ത് രാവിലെ പ്രത്യേക പ്രാര്‍ഥനക്കായി മുസ്‌ലിംകള്‍ ഒരുമിച്ചുകൂടിയ സമയത്താണ് പള്ളിയിലും പരിസരത്തുമായി സ്‌ഫോടനം നടന്നത്. ഹിന്ദുത്വ ശക്തികളാണ് സംഭവത്തിന് പിന്നിലെന്ന് സാഹചര്യത്തെളിവുകള്‍ അന്നേ ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷേ, ഭീകരപ്രവര്‍ത്തനങ്ങളെ മുന്‍ പിന്‍ നോക്കാതെ മുസ്‌ലിംകളുടെ മേല്‍ വെച്ചുകെട്ടുന്ന പ്രവണതയാണല്ലോ രാജ്യത്ത് പൊതുവേ കണ്ടുവരുന്നത്. ആ ശൈലി തന്നെയാണ് തുടക്കത്തില്‍ കേസ് കൈകാര്യം ചെയ്ത അന്വേഷണ ഏജന്‍സികളും സ്വീകരിച്ചത്. 2007ലെ മക്ക മസ്ജിദ് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സ്വാമി അസിമാനന്ദിന്റെ മൊഴിയാണ് പിന്നീട് വഴിത്തിരിവായത്. ഹിന്ദുത്വ സംഘടനയായ അഭിനവ് ഭാരതാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് അസിമാനന്ദ് മൊഴി നല്‍കി. ഇതടിസ്ഥാനത്തില്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡിന്റെയും സി ബി ഐയുടേയും അന്വേഷണ റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും അറസ്റ്റിലായ ഒമ്പത് പേര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും 2014ല്‍ എന്‍ ഐ എ കോടതിയെ അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട മുസ്‌ലിം യുവാക്കള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി അംഗീകരിച്ചുകൊണ്ടാണ് തിങ്കളാഴ്ച പ്രത്യേക കോടതി അവരെ മോചിതരാക്കിയത്.
ഒരു മലേഗാവ് സ്‌ഫോടനത്തിന്റെ മാത്രം കഥയല്ലിത്. മക്കാ മസ്ജിദ്, സംഝോധ തുടങ്ങിയ സ്‌ഫോടനങ്ങളുടെയെല്ലാം ഗൂഢാലോചന സ്വാമി അസിമാനന്ദയുടെ ആശ്രമത്തിലാണ് നടന്നത്. അജ്മീര്‍ സ്‌ഫോടനക്കേസില്‍ രാജസ്ഥാന്‍ ഭീകരവിരുദ്ധ സ്‌ക്വാഡ് സമര്‍പ്പിച്ച 806 പേജ് വരുന്ന കുറ്റപത്രത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഗുജറാത്തിലെ ഡാംഗ്‌സ് മേഖലയില്‍ വനവാസി കല്യാണ്‍ എന്ന പേരില്‍ സ്വാമി അസിമാനന്ദ ഒരു ആശ്രമം നടത്തിയിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി യോഗങ്ങള്‍ ചേര്‍ന്നിരുന്നത് ഇവിടെയാണ്. പല തീവ്രവാദികള്‍ക്കും ആശ്രമത്തില്‍ അഭയം നല്‍കുകയും ചെയ്തിരന്നു. മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതികളായ കേണല്‍ പുരോഹിതിനും സ്വാമിനി പ്രഗ്യയ്ക്കും ഉപദേശങ്ങള്‍ നല്‍കിയിരുന്നതും അസീമാനന്ദയായിരുന്നു. ശബരി കുംഭയെന്ന വ്യാജേന പ്രജ്ഞാസിംഗ് ഠാക്കൂര്‍, സുനില്‍ ജോഷി, രാംജി കല്‍സംഗ്‌റെ, ലോകേഷ് ശര്‍മ, സന്ദീപ് ഡാംഗെ തുടങ്ങിയവര്‍ സംബന്ധിക്കുകയുണ്ടായി. അന്ന് നടന്ന കൂടിയാലോചനകളിലാണ് സ്‌ഫോടനം നടത്തേണ്ട സ്ഥലങ്ങള്‍ തീരുമാനിച്ചതെന്ന് ഐ എന്‍ എ കണ്ടെത്തിയിരുന്നു.
രാജ്യത്ത് പലപ്പോഴായി നടന്ന സ്‌ഫോടനങ്ങളുടെയും വിധ്വംസക പ്രവര്‍ത്തനങ്ങളുടെയുമെല്ലാം സൂത്രധാരര്‍ സംഘ്പരിവാറാണെന്ന് എന്‍ ഐ എ യുടെ കണ്ടെത്തലുകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. പോലീസിലും അന്വേഷണ ഏജന്‍സികളിലും കയറിപ്പറ്റിയ ഹിന്ദുത്വ ഫാസിസത്തിന്റെ വക്താക്കള്‍, സ്‌ഫോടനങ്ങള്‍ നടന്നയുടനെ ഏതെങ്കിലുമൊരു മുസ്‌ലിം സംഘടനയുടെ പേരില്‍ ഉത്തരവാദിത്വം കെട്ടിവെക്കും. പൊടിപ്പും തൊങ്ങലും വെച്ചു അത് പ്രചരിപ്പിക്കാന്‍ മാധ്യമങ്ങളും രംഗത്തുണ്ട്. ഇവരുടെ പ്രചാരണങ്ങളില്‍ വഞ്ചിതരായവര്‍ക്ക് മുംബൈ പ്രത്യേക കോടതി വിധി ഒരു പുനര്‍വിചിന്തനത്തിന് അവസരമേകട്ടെ.
വിവിധ ഭീകര പ്രവര്‍ത്തനങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ട് രാജ്യത്തെ ജയിലറകളില്‍ തളയ്ക്കപ്പെട്ട നിരപരാധികളായ നൂറു കണക്കിന് മുസ്‌ലിം യുവാക്കള്‍ ഇനിയുമുണ്ട്. തടവ് ദശാബ്ദങ്ങള്‍ നീണ്ടിട്ടും വിചാരണക്ക് പോലും വിധേയരാക്കാതെ കൊടിയ പീഡനം ഏറ്റുവാങ്ങേണ്ടിവരുന്ന ഹതഭാഗ്യര്‍. അവരുടെ കേസുകള്‍ സത്യസന്ധമായും നിഷ്പക്ഷമായും കൈകാര്യം ചെയ്യേണ്ടതുണ്ട്. നിരപരാധികളെങ്കില്‍ അവരെ ഇനിയും തടവില്‍ പാര്‍പ്പിക്കുന്നത് നീതിന്യായ വ്യവസ്ഥക്ക് തന്നെ നാണക്കേടാണ്. മലേഗാവ് പോലെ ഹിന്ദുത്വ ശക്തികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കിയതെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയ കേസുകളിലെ യഥാര്‍ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരികയും അര്‍ഹമായ ശിക്ഷ ഉറപ്പാക്കുകയും വേണം. കേന്ദ്ര സമ്മര്‍ദത്താല്‍ ഇത്തരം കേസുകള്‍ നീണ്ടുപോകാനും യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടാനും ഇടയാകരുത്.

---- facebook comment plugin here -----

Latest