ചൂട് താങ്ങാനാകാതെ

Posted on: April 27, 2016 6:28 am | Last updated: April 27, 2016 at 10:30 am
SHARE

CARTOON HEATപകല്‍ പുറത്തിറങ്ങാന്‍ വയ്യ. രാത്രി ഉറങ്ങാനും. മണ്‍സൂണും വേനലും സന്തുലനം പാലിച്ച് സമൃദ്ധമായിരുന്ന കേരളം പോയ കാലം. തിമര്‍ത്തു പെയ്യുന്ന മണ്‍സൂണ്‍ കുറഞ്ഞു. കാലവര്‍ഷവും തുലാവര്‍ഷവും കേരളത്തോട് മുഖം തിരിക്കുന്നു. വേനല്‍ മഴക്കായുള്ള കാത്തിരിപ്പിനും നിരാശയെന്ന ഉത്തരം ലഭിച്ചതോടെ വേനല്‍ കൊടും വേനലായി മാറുന്നു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീഷണി കൂടുതല്‍ മുറുകുകയാണ്്. കുടിവെള്ളം നിറച്ച ടാങ്കര്‍ ലോറി ഹോണ്‍ മുഴക്കുന്നത് കാത്തിരിക്കുന്ന ഗ്രാമങ്ങള്‍. വരള്‍ച്ചക്കൊപ്പം രൂക്ഷമായ ചൂടും. വൈദ്യുതി ഉപഭോഗത്തിന്റെ കണക്ക് നോക്കിയാല്‍ മതി ചൂടിന്റെ കാഠിന്യമറിയാന്‍. ഓരോ ദിവസവും റെക്കോര്‍ഡ് ഭേദിക്കുന്ന ഉപയോഗം. ശരാശരിയെ കടത്തിവെട്ടി ഉയരുകയാണ് ചൂടിന്റെ കാഠിന്യം. വെയിലേറ്റ് വാടുകയല്ല; സൂര്യതാപമേറ്റ് പൊള്ളുകയാണ്.
ഭൂവിസ്തൃതിയില്‍ ഇന്ത്യയുടെ 1.2 ശതമാനമെങ്കിലും രാജ്യത്തെ ആകെ ജല സമ്പത്തിന്റെ അഞ്ച് ശതമാനം നമുക്കുണ്ടെന്ന് നമ്മള്‍ അഹങ്കരിച്ചു. ജല ദൗര്‍ലഭ്യത്തെക്കുറിച്ചുള്ള വാര്‍ത്തകളോ വരള്‍ച്ചയെക്കുറിച്ച പഠനങ്ങളോ നമ്മെ ഒരിക്കലും അലോസരപ്പെടുത്തിയില്ല. പ്രകൃതിയുടെ കനിവില്‍ നമ്മള്‍ അമിത ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ന് കഥമാറുകയാണ്. വരള്‍ച്ചയും ചൂടും നമ്മെ തേടിയെത്തുകയല്ല. നാം വിളിച്ചു വരുത്തി നമ്മെ തന്നെ വരിഞ്ഞ് മുറുക്കുകയാണ്.
മഴ കുറഞ്ഞതിനൊപ്പം ജല ചൂഷണവും ദീര്‍ഘവീക്ഷണമില്ലാത്ത വികസനവുമാണ് ‘ഹാവൂ എന്തൊരു ചൂടെ’ന്ന് നമ്മെയും പറയാന്‍ പഠിപ്പിക്കുന്നത്.
നിളയും വേമ്പനാടും അഷ്ടമുടിയും ശാസ്താംകോട്ട കായലും ശുദ്ധജലത്തിന് പകരം കണ്ണീരൊഴുക്കുകയാണിന്ന്.
സംസ്ഥാനത്തെ പുഴകളിലും കിണറുകളിലും മറ്റു ജല സംഭരണികളിലും കഴിഞ്ഞ കാലത്തെ അപേക്ഷിച്ച് ജല നിരപ്പ് കുറഞ്ഞുവരികയാണ്.
ജലം ലഭ്യമാക്കാനും സംരക്ഷിക്കപ്പെടാനും വൃക്ഷങ്ങളും മണ്ണ്, കുളം, ഉറവകള്‍, പുഴ, അരുവികള്‍ എന്നിവ നിലനില്‍ക്കണം. വെള്ളത്തെ പിടിച്ച് നിര്‍ത്താന്‍ ജലസംരക്ഷണ സംവിധാനമായ മരങ്ങള്‍ അനിവാര്യമാണ്. കുന്നും പാടവും ചതുപ്പും ജലസംരക്ഷണ സംവിധാനങ്ങളാണ്. താങ്ങാനാകുന്നതിലേറെ ചൂടാണ് കേരളം അഭിമുഖീകരിക്കുന്നത്. കാരണങ്ങള്‍ ഒരു ആശ്വാസത്തിന് പറയാമെങ്കിലും ചൂട് വര്‍ധിക്കുന്നതിന് ആക്കം കൂട്ടിയത് നമ്മുടെ ജീവിത രീതികളാണെന്ന് പറയാതെ വയ്യ.
നമ്മുടെ വനങ്ങള്‍ തേയിലത്തോട്ടങ്ങള്‍ക്കും റബ്ബര്‍, കാപ്പി, കുരുമുളക്, ജാതി, കുരുമുളക് എന്നീ കൃഷികള്‍ക്കും വഴിമാറുകയും കൈയേറ്റത്തിന്റെ പേരിലും കുടിയേറ്റത്തിന്റെ പേരിലും വനം കൊള്ള നടക്കുകയും ചെയ്തത് കേരളത്തിലെ കാലാവസ്ഥാ വ്യതിയാനത്തിന്റെ തുടക്കമായി. നാണ്യവിളകള്‍ കാര്‍ഷിക കേരളത്തിന് വന്‍ കുതിച്ചുചാട്ടത്തിന് വഴി വെച്ചെങ്കിലും, അത് മൂലമുണ്ടായ വനനാശം, കാലാവസ്ഥയിലെ മാറ്റത്തിന് തടയിടാനുള്ള പ്രകൃതിദത്തമായ ശേഷിയാണ് കുറച്ചുകളഞ്ഞത്.
ചൂടിനെ നേരിടാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കൂ:
1. പകല്‍ സൂര്യ താപത്തില്‍ നടക്കേണ്ടതായിട്ടുണ്ടെങ്കില്‍ മുഖമൊഴികെയുള്ള ഭാഗങ്ങളില്‍ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് ഒഴിവാക്കുക.
2. ഉച്ച സമയത്ത് തണുത്ത വെള്ളത്തില്‍ സോപ്പ് ഉപയോഗിക്കാതെ കുളിക്കുന്നത് നല്ലതായിരിക്കും.
3. പൊതു നിരത്തുകള്‍, പറമ്പ്, പുരയിടം, വീട് എന്നിവ അടിച്ചുകൂട്ടി ഉണ്ടാകുന്ന കരിയിലയും കടലാസും അടങ്ങുന്ന ചപ്പു ചവറുകള്‍ കത്തിക്കരുത്. ഇവ ചവറ് കുഴികളില്‍ ശേഖരിക്കുന്നത് നന്നായിരിക്കും. വേനലില്‍ ചവറ് കത്തിക്കുന്നത് അന്തരീക്ഷ ഊഷ്മാവ് വര്‍ധിക്കാന്‍ ഇട വരുത്തും.
4. വേനലില്‍ കിണറുകളില്‍ നിന്നു പ്രത്യേകിച്ചും ജലദൗര്‍ലഭ്യം നേരിടുന്ന പ്രദേശങ്ങളിലെ ജലസ്രോതസ്സുകളില്‍ നിന്നു ജലം ഊറ്റിയെടുത്ത് ടാങ്കര്‍ ലോറികളില്‍ എടുത്ത് വില്‍പ്പന നടത്തുന്നത് തടയണം. ജലവിതരണം പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റടെക്കണം.
5. പ്ലാസ്റ്റിക്, ഓയില്‍ വേസ്റ്റ്, തെര്‍മോകോള്‍, പെയിന്റ് വേസ്റ്റ്, പ്ലാസ്റ്റിക് ഉപകരണങ്ങള്‍, കവറുകള്‍, ചെരിപ്പുകള്‍, ഫഌക്‌സ്, മരുന്നുകള്‍, മണ്ണെണ്ണ, പെട്രോള്‍ ഉത്പന്നങ്ങള്‍ എന്നിവ പൊതു സ്ഥലങ്ങളിലോ ചൂളകളിലോ കത്തിക്കാന്‍ അനുവദിക്കരുത്. ഡയോക്‌സിന്‍ ഉത്പാദനം കുറക്കാന്‍ ഇത് അത്യന്താപേക്ഷിതമാണ്.
5. വേനല്‍ക്കാലത്ത് പുതിയ കുഴല്‍ കിണറുകള്‍ കുത്തുന്നതിന് നിയന്ത്രണം വേണം.
6. വെള്ളം ലഭ്യമായ സ്ഥലങ്ങളില്‍ വേനലില്‍ പച്ചക്കറി കൃഷി ചെയ്യുന്നത് ഉത്തമമാണ്.
7. ഉപയോഗശൂന്യമായ കിണറുകളില്‍ ഒരു കാരണവശാലും മാലിന്യം തള്ളരുത്.
8. കുളങ്ങള്‍, കിണറുകള്‍, പുഴകള്‍, തടാകങ്ങള്‍ എന്നിവ മലിനീകരിക്കപ്പെടുന്നത് തടയണം.
9. പൊതു മാലിന്യ സംസ്‌കരണ യാര്‍ഡുകളില്‍ വേനല്‍ക്കാലത്ത് മാലിന്യം കത്തിക്കുന്നത് നിരോധിക്കണം.
10. ചൂടുള്ള ദിവസങ്ങളില്‍ പഴങ്ങളും വെള്ളവും ധാരാളം കഴിക്കണം.
11. ശിശുക്കളെ രണ്ട് നേരമെങ്കിലും കുളിപ്പിച്ച് വൃത്തി വരുത്താന്‍ ശ്രദ്ധിക്കണം.
12. അഴുക്കുള്ള വസ്ത്രങ്ങള്‍ മാറുന്നതിനും ദിവസവും അടിവസ്ത്രങ്ങള്‍ കഴുകി വൃത്തിയാക്കുന്നതിനും ശ്രദ്ധിക്കണം.
13. പൊതു ടാപ്പുകളും മറ്റു ജല ടാപ്പുകളും ലീക്ക് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണം. ജല ഉപയോഗം കഴിവതും കുറക്കണം.
14. രണ്ട് ദിവസത്തില്‍ ഒന്ന് എന്ന കണക്കില്‍ മാത്രമേ പൂന്തോട്ടങ്ങളും മരങ്ങളും നനക്കേണ്ടതുള്ളൂ. നനക്കുന്നത് എപ്പോഴും വൈകീട്ട് സൂര്യാസ്തമനത്തിന് ശേഷം മാത്രമാക്കുക. ജലത്തിന്റെ ദുരുപയോഗം കുറക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
15. ആവശ്യമില്ലാത്ത വൈദ്യുതി വിളക്കുകളും ഫാനുകളും പ്രവര്‍ത്തിപ്പിക്കാതിരിക്കുക.
16. തെങ്ങ്, കമുങ്ങ്, ജാതി, പച്ചക്കറി ചെടികള്‍ എന്നിവയുടെ അടിത്തട്ടില്‍ ഉണങ്ങിയ ഇലകള്‍ കൊണ്ട് പുതയിടുക. ഇത്തരം പുതകള്‍ വെള്ളം തെളിച്ച് ഈര്‍പ്പമുള്ളതാക്കി നിലനിര്‍ത്തണം.
17. വേനല്‍ തീരുന്നത് വരെ മരം മുറിക്കുന്നതിന് മൊറോട്ടോറിയം പ്രഖ്യാപിക്കണം.