‘ദിവ’ മേധാവി സുസ്ഥിര നഗരം സന്ദര്‍ശിച്ചു

Posted on: April 26, 2016 11:34 pm | Last updated: April 27, 2016 at 5:50 pm
SHARE
'ദിവ' മേധാവി സഈദ് മുഹമ്മദ് അല്‍ തായര്‍ സുസ്ഥിര നഗരം സന്ദര്‍ശിച്ചപ്പോള്‍
‘ദിവ’ മേധാവി സഈദ് മുഹമ്മദ് അല്‍ തായര്‍ സുസ്ഥിര നഗരം സന്ദര്‍ശിച്ചപ്പോള്‍

ദുബൈ: ദുബൈ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി (ദിവ) എം ഡിയും സി ഇ ഒയുമായ സഈദ് മുഹമ്മദ് അല്‍ തായര്‍ ദുബൈ ‘സുസ്ഥിര നഗരം’ സന്ദര്‍ശിച്ചു.
സാമ്പത്തിക-പരിസ്ഥിതി സൗഹൃദ-സാമൂഹിക സ്ഥിരതയിലൂന്നിയ ആദ്യത്തെ റിയല്‍ എസ്റ്റേറ്റ് പദ്ധതിയാണ് ‘സുസ്ഥിര നഗരം’. ഊര്‍ജ കാര്യക്ഷമത നല്‍കുന്ന ഭവനങ്ങളുടെയും പ്രകൃതി സൗഹൃദ കെട്ടിട നിര്‍മാണ വസ്തുക്കളുടെയും സവിശേഷമായ സങ്കലനമാണ് ഇവിടെയൊരുക്കിയിരിക്കുന്നത്.
ദിവയുടെ ബിസിനസ് സപ്പോര്‍ട് ആന്റ് ഹ്യൂമന്‍ റിസോഴ്‌സസ് എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ഡോ. യൂസുഫ് അല്‍ അക്‌റഫ്, എക്‌സ്റ്റേണല്‍ കമ്മ്യൂണിക്കേഷന്‍സ് സീനിയര്‍ മാനേജര്‍ അഹ്മദ് അബ്ദുല്ല എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
വ്യത്യസ്തങ്ങളായ താമസ വില്ല പദ്ധതികള്‍ അല്‍ തായര്‍ നോക്കിക്കണ്ടു. പഴങ്ങളുടെയും പച്ചക്കറികളുടെയും വളര്‍ച്ചക്കായി നിര്‍മിച്ച ഫാമിലും ഔഷധ സസ്യങ്ങളുടെ ഉത്പാദനത്തിന് സഹായിക്കുന്ന 11 ബയോഡോംസുകളിലും അല്‍ തായര്‍ സന്ദര്‍ശനം നടത്തി. സുസ്ഥിര നഗരത്തിലെ ഫുട്‌ബോള്‍, ബാസ്‌കറ്റ്‌ബോള്‍ ക്വാര്‍ട്, കുതിരയോട്ട മത്സര ട്രാക്ക്, സൈക്കിള്‍ ട്രാക്ക്, റണ്ണിംഗ് ട്രാക്ക് തുടങ്ങിയ വിവിധ കായിക സൗകര്യങ്ങള്‍ അദ്ദേഹം വിലയിരുത്തി. കൂടാതെ ഇലക്ട്രിക് വാഹനം ചാര്‍ജ് ചെയ്യുന്നതിനായുള്ള സ്റ്റേഷനും അദ്ദേഹം സന്ദര്‍ശിച്ചു.
ദുബൈയെ പരിസ്ഥിതി സൗഹൃദ സമ്പദ്‌വ്യവസ്ഥയിലൂടെ ലോകരാജ്യങ്ങള്‍ക്ക് മാതൃകയാവാന്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം തുടക്കംകുറിച്ച വികസന പദ്ധതികളില്‍ കാര്യമായ പങ്കാണ് ദിവ വഹിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here