‘അവരെന്റെ കൈകളില്‍ ആമം വെച്ചു; കാലുകള്‍ ചങ്ങലക്കിട്ടു’

Posted on: April 26, 2016 11:23 am | Last updated: April 26, 2016 at 1:27 pm
SHARE
palestine girl
കഴിഞ്ഞ ദിവസം മോചിതയായ ഫലസ്തീന്‍ പെണ്‍കുട്ടി ജബര ചെക്‌പോയിന്റില്‍ മാതാപിതാക്കളോടൊപ്പം

ഗാസ സിറ്റി: അവള്‍ക്ക് (പേര് രഹസ്യം) പ്രായം 12. അന്താരാഷ്ട്ര നിയമങ്ങളെ മുഴുവന്‍ വെല്ലുവിളിച്ച് ഇസ്‌റാഈല്‍ സൈനികര്‍ പിടിച്ച് ജയിലിലടക്കുകയും കഴിഞ്ഞ ദിവസം പുറത്തുവിടുകയും ചെയ്ത് ഫലസ്തീന്‍ പെണ്‍കുട്ടി. കഴിഞ്ഞ രണ്ടരമാസം വെളിച്ചം കാണാത്ത ജയിലിനുള്ളിലായിരുന്നു ഈ പെണ്‍കുട്ടിയുടെ ജീവിതം. 14 വയസ്സിന് താഴെയുള്ളവരെ ജയിലിലടക്കരുതെന്ന് ഇസ്‌റാഈല്‍ നിയമം അനുശാസിക്കുന്നുണ്ടെങ്കിലും ഫലസ്തീനികളുടെ വിഷയത്തില്‍ ഈ നിയമം ബാധകമല്ല. 12 വയസ്സുള്ളവരെ വരെ ജയിലിലടക്കാമെന്ന് ഇസ്‌റാഈല്‍ സൈനിക നിയമം പറയുന്നു. ഇതൊരു പെണ്‍കുട്ടി മാത്രം, ഇങ്ങനെ 16 വയസ്സിന് താഴെ പ്രായമുള്ള ഫലസ്തീനികളായ 98 കുട്ടികളാണ് ഇസ്‌റാഈല്‍ സൈന്യം പിടിച്ച് ജയിലിലടച്ചിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി ഒമ്പതിന് ഈ പെണ്‍കുട്ടിയെ ഇസ്‌റാഈല്‍ സൈന്യം അറസ്റ്റ് ചെയ്തു. ഇസ്‌റാഈല്‍ സൈനിക കോടതിയിലെ വിചാരണക്കൊടുവില്‍ നാലര മാസം ജയില്‍ ശിക്ഷക്ക് വിധിച്ചു. മോചിതയായതിന് ശേഷം പെണ്‍കുട്ടിയുമായി അല്‍ജസീറ നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:

ചോദ്യം: എന്തായിരുന്നു ഇസ്‌റാഈല്‍ സൈന്യത്തിന്റെ പെരുമാറ്റ രീതി?
ഉ: ഇസ്‌റാഈല്‍ സൈന്യം എന്നെ അറസ്റ്റ് ചെയ്തപ്പോള്‍ ശരീരത്തിലുടനീളം ചവിട്ടി. ഒരു സൈനികന്‍ എന്നെ വളരെ ശക്തിയോടെ പിന്നില്‍ നിന്ന് ചവിട്ടിയപ്പോള്‍ ഞാന്‍ നിലത്തുവീണു. നിലത്തുവീണു കിടന്ന എന്റെ ശരീരത്തില്‍ മറ്റൊരു സൈനികന്‍ ഉയര്‍ന്നുചാടി വീണ്ടും മര്‍ദിച്ചു. അതിന്റെ വേദന എന്നെ കുറെ ദിവസം വിടാതെ പിന്തുടര്‍ന്നിരുന്നു.
ചോ: ഇസ്‌റാഈല്‍ സൈന്യം തടവില്‍ വെച്ചിരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഫലസ്തീന്‍ പെണ്‍കുട്ടിയാണ് എന്ന് അറിവുണ്ടായിരുന്നോ?
ഉ: അറിയാം. ഞാനതിനെ കുറിച്ച് കേട്ടിരുന്നു. പക്ഷേ ഇസ്‌റാഈല്‍ ജയിലില്‍ എത്രയോ കുട്ടിത്തടവുകാരുണ്ട്. അവരെയെല്ലാം ഉപേക്ഷിച്ചാണ് ഞാന്‍ ഇപ്പോഴെത്തിയിരിക്കുന്നത്. ചിലര്‍ക്ക് 13 വയസ്സ്, ചിലര്‍ക്ക് 14 വയസ്സ്. ഞങ്ങളൊരുമിച്ച് ജയിലിനുള്ളില്‍ കിടന്ന് പാടി. ഞങ്ങളൊരുമിച്ച് നിന്നു. അതുകൊണ്ട് തന്നെ ജയിലില്‍ ഞാനൊറ്റക്കായിരുന്നില്ല. മോചിതയായതില്‍ സന്തോഷമുണ്ടെങ്കിലും എന്നെ പോലുള്ള എത്രയോ പേര്‍ അവിടെ ഇനിയും തടവറയില്‍ കഴിയുന്നു, അതില്‍ ദുഃഖവുമുണ്ട്.
ചോ: ജയിലനുഭവം എങ്ങനെയുണ്ടായിരുന്നു?
ഉ: പേടിപ്പെടുത്തുന്നതായിരുന്നു ജയില്‍. ഉമ്മയെയും ഉപ്പയെയും കാണാത്തതില്‍ വിഷമവും. രണ്ട് തവണ കാണാന്‍ ഉമ്മ വന്നിരുന്നു. ഉമ്മ പോകുമ്പോള്‍ എല്ലാം നഷ്ടപ്പെട്ടതുപോലൊരു അനുഭവമായിരുന്നു.
ചോ: തടവറയിലെ ഏറ്റവും ഭയാനകമായ ഓര്‍മകള്‍?
ഉ: തടവറയിലെ തുടക്ക ദിനങ്ങള്‍ ഏറ്റവും ഭയാനകമായിരുന്നു. ഹാശറോണ്‍ ജയിലില്‍ നിന്ന് റാമല്ല ജയിലിലേക്ക് കൊണ്ടുവന്നത് ബസിലായിരുന്നു. കനമുള്ള എന്തോ വസ്തുക്കള്‍ കൊണ്ടാണ് ബസിലെ സീറ്റ് നിര്‍മിച്ചിരിക്കുന്നത്. അതിന് പുറമെ എന്റെ കാലില്‍ ചങ്ങലയിടുകയും ചെയ്തിരുന്നു. കൈകള്‍ രണ്ടും ആമം വെച്ചിരുന്നു. ഫെബ്രുവരിയിലെ കടുത്ത തണുപ്പുള്ള ദിവസങ്ങള്‍. ഒരു ജാക്കറ്റ് പോലും എനിക്കുണ്ടായിരുന്നില്ല. തണുത്ത് മരവിക്കുന്നത് പോലെ. എന്ത് സംഭവിക്കുമെന്ന് എനിക്ക് ഊഹിക്കാന്‍ പോലും ആകുമായിരുന്നില്ല.
ചോ: എവിടെ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍?
ഉ: ചോദ്യം ചെയ്യലും ഭീകരമായിരുന്നു. ഒരേസമയം അഞ്ച് പേര്‍ ചേര്‍ന്നാണ് എന്നോട് ചോദ്യങ്ങള്‍ ഉന്നയിച്ചത്. ആകെപ്പാടെ ആശങ്കയിലായ അവസ്ഥ. ഞാനാണെങ്കില്‍ ഒറ്റക്കും. ചിലപ്പോഴൊക്കെ ദേഷ്യത്തോടെ അവര്‍ അലറി. ചിലപ്പോള്‍ പരിഹസിച്ച് ചിരിച്ചു. എനിക്കാണെങ്കില്‍ ആകെ വേണ്ടത് എന്റെ വീട്ടിലേക്ക് തിരിച്ചെത്തലുമായിരുന്നു.
ചോ: കോടതി ജയിലിലടക്കുമെന്ന് ആ സമയത്ത് ചിന്തിച്ചിരുന്നോ?
ഉ: ഇല്ല. കുട്ടിയായ എന്നെ ജയിലിലിടില്ലെന്നായിരുന്നു എന്റെ വിശ്വാസം. ആദ്യം ജഡ്ജിയെ കാണും. അതിന് ശേഷം അന്നു തന്നെ മാതാപിതാക്കളോടൊപ്പം വീട്ടിലേക്ക് പോകാമെന്നൊക്കെ ഞാന്‍ സന്തോഷിച്ചു. പക്ഷേ ജഡ്ജി എന്നെ നാല് മാസത്തേക്ക് ജയിലില്‍ അടക്കാന്‍ വിധിക്കുകയായിരുന്നു. എന്ത് ചെയ്യണമെന്ന് എനിക്കൊരു ഊഹവും ഇല്ലായിരുന്നു.
ചോ: ജയിലിനുള്ളില്‍ ശാരീരിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നോ?
ഉ: ജയിലിനുള്ളില്‍ ശാരീരിക പീഡനങ്ങള്‍ ഉണ്ടായിട്ടില്ല. പക്ഷേ അറസ്റ്റ് ചെയ്ത സമയത്ത് അവരെന്ന ചവിട്ടിവീഴ്ത്തിയിരുന്നു.
ചോ: ജയിലിനുള്ളില്‍ എങ്ങനെയാണ് സമയം ചെലവഴിച്ചത്? എന്തൊക്കെയായിരുന്നു ജയിലിനുള്ളിലെ കാഴ്ചകള്‍?
ഉ: ജയിലിനുള്ളില്‍ ഒരു അറബി ടീച്ചറുണ്ടായിരുന്നു. എനിക്കവരെ വളരെ ഇഷ്ടമായിരുന്നു. മറ്റു രണ്ട് സ്ത്രീകള്‍ ചിലപ്പോഴൊക്കെ എനിക്ക് ചോക്കലേറ്റ് തന്നു.
ചോ: കൈകളില്‍ നിന്ന് ആമം അഴിച്ചുമാറ്റിയ സമയത്ത് എന്തായിരുന്നു മനസ്സില്‍? അതുപോലെ ഉമ്മയെയും ഉപ്പയെയും വീണ്ടും കണ്ടപ്പോള്‍ എന്ത് തോന്നി?
ഉ: കൈകളില്‍ നിന്ന് ആമം നീക്കിയപ്പോള്‍ എനിക്ക് വീണ്ടും ശ്വാസം കിട്ടിയതുപോലുള്ള ഒരനുഭവമായിരുന്നു. മാതാപിതാക്കളെ കണ്ടപ്പോള്‍ അത്യാഹ്ലാദവും. അതുപോലെ ഞാനൊരിക്കലും എന്റെ ജീവിതത്തില്‍ സന്തോഷിച്ച നിമിഷമുണ്ടായിട്ടില്ല. വീട്ടിലെത്തിയതില്‍ വളരെ വളരെ സന്തോഷം തോന്നുന്നു. പക്ഷേ കാര്യങ്ങളെല്ലാം സാധാരണ നിലയില്‍ ആകുകയാണെങ്കില്‍ മാത്രമേ എനിക്ക് പൂര്‍ണമായും സന്തോഷിക്കാനാകൂ.

LEAVE A REPLY

Please enter your comment!
Please enter your name here