പാക്കിസ്ഥാനില്‍ വിഷം കലര്‍ന്ന മധുരം കഴിച്ച് 23 പേര്‍ മരിച്ചു

Posted on: April 26, 2016 2:33 am | Last updated: April 26, 2016 at 11:12 am
SHARE

sweetഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ വിഷം കലര്‍ന്ന മധുരം കഴിച്ച് 23 പേര്‍ മരിച്ചു. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഞ്ചാബ് പ്രവിശ്യയിലെ കാറോര്‍ ലാല്‍ ഇസാന്‍ പ്രദേശത്താണ് സംഭവം. ഈ മാസം 17ന് ഉമര്‍ ഹയാത്ത് എന്നയാള്‍ ചെറുമകന്‍ ജനിച്ച സന്തോഷം ആഘോഷിക്കാനാണ് മധുര പലഹാരങ്ങള്‍ വാങ്ങിയത്. അദ്ദേഹം അത് സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വിതരണം ചെയ്തു. എന്നാല്‍ പത്ത് പേര്‍ അന്ന് തന്നെ മരിച്ചു. ഇപ്പോള്‍ മരണസംഖ്യ 23 ആയി ഉയര്‍ന്നിട്ടുണ്ട്. 52 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണെന്ന് പ്രാദേശിക പോലീസ് ഓഫീസര്‍ മുനീര്‍ അഹമ്മദ് പറഞ്ഞു.
മരിച്ചവരില്‍ കുട്ടിയുടെ പിതാവും ഏഴ് അമ്മാവന്മാരും ഉള്‍പ്പെടും. പലഹാരങ്ങളില്‍ കീടനാശിനിയുടെ അംശമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഉമര്‍ മധുരപലഹാരങ്ങള്‍ വാങ്ങിയ ബേക്കറി നടത്തിയിരുന്ന രണ്ടു സഹോദരന്മാരെയും ബേക്കറിയിലെ ജീവനക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധവി റമീസ് ബുഖാരി പറഞ്ഞു.
ബേക്കറിക്ക് അടുത്തുള്ള കീടനാശിനി കടയുടെ നവീകരണം നടന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ ഉടമസ്ഥന്‍ കീടനാശിനി ബേക്കറിയിലാണ് സൂക്ഷിച്ചിരുന്നത്. ബേക്കറിയിലെ ജീവനക്കാരന്‍ അശ്രദ്ധമായി മധുരപലഹാരത്തില്‍ അത് കലര്‍ത്തിയിരിക്കാം എന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ലാബ് ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണ് പോലീസ്. പാക്കിസ്ഥാനില്‍ കര്‍ശനമായ ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ ഇല്ല. അതിനാല്‍ തന്നെ ശുചിത്വനിയമങ്ങള്‍ നടപ്പാക്കാറുമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here