അയിത്തം അകലെയല്ല

Posted on: April 26, 2016 7:33 am | Last updated: April 26, 2016 at 10:35 am
SHARE

രാജ്യം ഏത് ദിശയിലേക്കാണ് പോകുന്നതെന്ന ആശങ്കാജനകമായ ചോദ്യമുയര്‍ത്തേണ്ടുന്ന അപകടകരമായ സാഹചര്യമാണ് വളര്‍ന്നുകൊണ്ടിരിക്കുന്നത്. ഏതൊക്കെ തരത്തിലുള്ള പുരോഗതിയുടെ പാതയിലെത്തിയാലും ഒട്ടുമിക്ക സംസ്ഥാനങ്ങളിലും നടമാടുന്ന ജാതിവെറിക്കും അതുമായി ബന്ധപ്പെട്ട അരും കൊലകള്‍ക്കും അന്ത്യമുണ്ടാക്കാന്‍ നമുക്ക് സാധിക്കുന്നില്ല.

കേരളത്തില്‍ പുറമേക്കെങ്കിലും തുടച്ചുനീക്കപ്പെട്ട അയിത്തവ്യവസ്ഥിതിയും ദുരാചാരങ്ങളും തിരിച്ചുവന്നുകൂടായ്കയില്ലെന്ന വ്യക്തമായ സന്ദേശമാണ് നമ്മുടെ അയല്‍സംസ്ഥാനങ്ങള്‍ നല്‍കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നു മാത്രം കേട്ടിരുന്ന ദുരാചാരക്കൊല വാര്‍ത്തകള്‍ ഇപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും കേള്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. കോയമ്പത്തൂരിലെ ഉടുമലപേട്ടില്‍ ദളിത് യുവാവിനെ ഭാര്യാപിതാവിന്റെ നേതൃത്വത്തില്‍ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവവും രണ്ടാഴ്ച മുമ്പ് അടുത്തടുത്ത ദിവസങ്ങളില്‍ മംഗളൂരുവിലും മൈസൂരുവിലും താഴ്ന്ന ജാതിയില്‍പ്പെട്ട യുവാവിനെ പ്രണയിച്ചതിന് യുവതികളെ വീട്ടുകാര്‍ തന്നെ കൊലപ്പെടുത്തിയ സംഭവവും ഉണ്ടായി. ഇതൊക്കെ വെറും ‘അയല്‍സംസ്ഥാന’ വാര്‍ത്തയായി എഴുതിത്തള്ളുകയാണ് നാം ചെയ്യാറുള്ളത്. മംഗളൂരു മാണ്ഡ്യ താലൂക്കിലെ മോണിക്ക എന്ന പെണ്‍കുട്ടിയാണ് ദളിത് യുവാവുമായുള്ള ബന്ധത്തില്‍ നിന്നു പിന്‍മാറാത്തതിന്റെ പേരില്‍ കൊല ചെയ്യപ്പെട്ടത്. ദിവസങ്ങള്‍ക്കകം മൈസൂരുവില്‍ മധുകുമാരിയെന്ന സവര്‍ണ യുവതിയും ദളിതനെ പ്രേമിച്ചതിന്റെ പേരില്‍ കൊല്ലപ്പെടുകയായിരുന്നു. മംഗളൂരുവിലും മറ്റും നടന്ന കുരുതികള്‍ സമീപജില്ലയെന്ന നിലയില്‍ കാസര്‍കോട്ടും ആശങ്ക സൃഷ്ടിക്കുകയാണ്.
സവര്‍ണജാതിവ്യവസ്ഥയുടെ ദളിത്‌വിരുദ്ധ മനോഭാവം അതിന്റെ പൈശാചികരൂപത്തിലെത്തിയതിന്റെ നിദര്‍ശനമായാണ് ഇത്തരം കൊലപാതകങ്ങള്‍ അടുത്തടുത്ത ദിവസങ്ങളില്‍ അരങ്ങേറിയത്. തമിഴ്‌നാട്ടില്‍ ഇരുപത്തിരണ്ടുകാരനായ തിരുപ്പൂരിലെ ശങ്കര്‍ എന്ന ദളിത് യുവാവിനെയാണ് സവര്‍ണജാതിയില്‍പ്പെട്ട സംഘം വെട്ടിക്കൊന്നത്. ശങ്കര്‍ പ്രണയിച്ച് വിവാഹം ചെയ്തത് സവര്‍ണജാതിയില്‍പ്പെട്ട കൗസല്യ എന്ന യുവതിയെയായിരുന്നു. കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോഴാണ് കൗസല്യയുടെ പിതാവിന്റെ നേതൃത്വത്തിലുള്ള സംഘം ബൈക്കുകളിലെത്തി ആക്രമണം നടത്തിയത്. ശങ്കര്‍ കൊല്ലപ്പെടുകയും പത്തൊമ്പതുകാരിയായ ഭാര്യ കൗസല്യ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലാകുകയും ചെയ്തു.
ഈ സംഭവത്തിന് തൊട്ടുമുമ്പുള്ള ദിവസമാണ് മറ്റൊരു ദളിത് യുവാവിനെയും ഭാര്യയെയും ജീവനോടെ ചുട്ടുകൊന്ന സംഭവമുണ്ടായത്. യുവതിയുടെ വീട്ടുകാര്‍ തന്നെയായിരുന്നു കൃത്യത്തിനും പിന്നില്‍. ദളിത് യുവാവിനെ വിവാഹം കഴിച്ചതിനാണ് സവര്‍ണജാതിയില്‍പ്പെട്ട മകള്‍ക്കുപോലും മരണശിക്ഷ വിധിക്കാന്‍ യുവതിയുടെ വീട്ടുകാരെ പ്രേരിപ്പിച്ചത്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന ക്രൂരമായ ജാതിപീഡനങ്ങളും അഭിമാനക്കൊലപാതകങ്ങളും ഇപ്പോള്‍ വാര്‍ത്തയല്ലാതായി മാറിയിരിക്കുകയാണ്. രാജ്യത്ത് ജാതീയമായ പല ദുരാചാരങ്ങളും തുടച്ചുനീക്കപ്പെട്ടിട്ടുണ്ടെങ്കിലും വിവാഹം, പ്രണയം തുടങ്ങിയ കാര്യങ്ങളില്‍ ജാതിമേധാവിത്വത്തിന് മുന്‍തൂക്കം നല്‍കുന്ന പ്രവണതക്ക് ഇന്നും മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ബ്രിട്ടീഷ് ഭരണ കാലത്തും സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷവും അവര്‍ണ ജാതികളില്‍പ്പെട്ടവരുമായി സവര്‍ണജാതികളില്‍പ്പെട്ടവര്‍ വിവാഹബന്ധത്തിലേര്‍പ്പെടുന്ന രീതിയില്ല. ഒരു ദളിത് യുവതിയെ സവര്‍ണയുവാവ് പ്രണയിച്ച് വിവാഹം ചെയ്താലും സവര്‍ണയുവതി ദളിത് യുവാവിനെ ഇതേ രീതിയില്‍ വിവാഹം ചെയ്താലും കേരളത്തില്‍ ജാതിഭ്രഷ്ട് കല്‍പ്പിക്കുന്ന സമ്പ്രദായം ഇപ്പോഴുമുണ്ട്. ആദിവാസികളുമായും ദളിതരുമായും വിവാഹബന്ധം പുലര്‍ത്തി ജീവിക്കുന്നവര്‍ സവര്‍ണകുടുംബങ്ങളിലുണ്ടെങ്കില്‍ അത്തരം കുടുംബങ്ങളില്‍ നിന്നും തറവാടുകളില്‍ നിന്നും അവരെ പുറത്താക്കുന്നത് കേരളത്തിലും നിലനില്‍ക്കുന്നു. കേരളം എത്ര പുരോഗമനമുന്നേറ്റം കൈവരിച്ചുവെന്നവകാശപ്പെട്ടാലും ജാതീയമായ വിവേചനങ്ങള്‍ മനസ്സില്‍ നിന്നും ഒഴിഞ്ഞുപോയിട്ടില്ല.
രാജ്യത്തെ പല ഭാഗങ്ങളിലും സവര്‍ണജാതിക്കാരുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ അവര്‍ണജാതികളില്‍പ്പെട്ടവര്‍ കയറരുതെന്ന വിലക്ക് നിലനില്‍ക്കുന്നു. വിലക്ക് ലംഘിക്കുന്നവര്‍ ദാരുണമായി കൊലചെയ്യപ്പെടുന്നു. സവര്‍ണരുടെ ക്ഷേത്രത്തില്‍ കയറിയ ദളിത് വൃദ്ധനെ ചുട്ടുകൊന്ന സംഭവം നടന്ന് അധികനാളായിട്ടില്ല. ദളിതരെയും ആദിവാസികളെയും തീണ്ടപ്പാടകലെ നിര്‍ത്തുന്ന ഹീനസംസ്‌കാരം വെച്ചുപുലര്‍ത്തുന്നവര്‍ ഇപ്പോഴും രാജ്യത്തെ വിവിധസംസ്ഥാനങ്ങളിലുണ്ട്.
ഉയര്‍ന്ന ജാതിക്കാര്‍ താമസിക്കുന്നിടത്തേക്ക് അടുപ്പിക്കാതെ അധഃസ്ഥിതവിഭാഗങ്ങള്‍ ഭ്രഷ്ട് നേരിടുന്ന അവസ്ഥ കര്‍ണാടകയിലെ പല ഭാഗങ്ങളിലുമുണ്ട്. ക്ഷേത്രത്തില്‍ പ്രവേശിച്ച് ആരാധന നടത്താനുള്ള സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ട് ഉഡുപ്പി പേജാവര്‍ മഠാധിപതിയെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ദളിതര്‍ തടഞ്ഞുവെച്ചത് അടുത്തിടെയാണ്. മംഗലാപുരത്ത് കൂലി കൂട്ടി ചോദിച്ചതിന് ദളിതനായ ജോലിക്കാരന്റെ വിരല്‍ സവര്‍ണകുടുംബത്തിലെ സ്ത്രീ അറുത്തുമാറ്റിയ സംഭവവും പ്രതിഷേധത്തിന് കാരണമായിരുന്നു.
മേല്‍ജാതിക്കാരുടെ പീഡനം കാരണം മംഗളൂരുവില്‍ കോളജ് പ്രിന്‍സിപ്പല്‍ ആത്മഹത്യ ചെയ്തതും അടുത്തിടെയാണ്. കേരളത്തിന് ചുറ്റും ജാതിവ്യവസ്ഥയുടെ താണ്ഡവം അരങ്ങേറുമ്പോള്‍ ഇവിടെയും അതിന്റെ അലോസരങ്ങള്‍ പ്രതിഫലിക്കാതിരിക്കില്ല. മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള ജാതികേന്ദ്രീകരണം കേരളത്തില്‍ സാര്‍വത്രികമാകുകയാണ്. മാത്രമല്ല ഒട്ടേറെ സാമ്പത്തിക ചൂഷണങ്ങള്‍ക്കും തട്ടിപ്പുകള്‍ക്കും ജാതീയമേല്‍വിലാസങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്ന കാഴ്ചയാണെങ്ങും.
നമ്പൂതിരി മുതല്‍ നായാടിവരെയുള്ള സംഘടനകള്‍ ഒന്നിച്ചുനില്‍ക്കണമെന്ന ഐക്യവാദമുയര്‍ത്തിയവരെയൊന്നും ഇന്ന് മഷിയിട്ടുനോക്കിയിട്ടും കാണാനാകുന്നില്ല. വേര്‍തിരിവുകള്‍ക്കതീതമായ ഐക്യം ജാതിപ്രമാണിമാര്‍ ആഗ്രഹിക്കുന്നില്ല എന്നതുതന്നെ. ദളിതര്‍ എന്നും സവര്‍ണവിഭാഗങ്ങളുടെ ആജ്ഞാനുവര്‍ത്തികളായി കഴിയണമെന്ന ഫ്യൂഡല്‍ ചിന്താഗതി ഈ കാലഘട്ടത്തിലും ശക്തമായി നിലനില്‍ക്കുന്നു. ജാതീയസംഘടനകള്‍ ഐക്യപ്പെടുമ്പോള്‍ മേല്‍ജാതിക്കാര്‍ക്കൊപ്പം പുലയനും പറയനും കസേരപങ്കിടുകയെന്നത് ജാതിപ്രമാണിമാര്‍ക്ക് സഹിക്കാന്‍ പറ്റാത്ത കാര്യമാണ്.
ആദിവാസികള്‍ക്കും ദളിതര്‍ക്കും സ്വാധീനമുള്ള പ്രദേശങ്ങളില്‍ നടക്കുന്ന ഉല്‍സവ ഘോഷയാത്രകളില്‍ പോലും മുന്‍നിരയിലുണ്ടാകുക സവര്‍ണ്ണജാതികളില്‍പ്പെട്ട സ്ത്രീകളായിരിക്കും. അടിയാളര്‍ എന്ന് മുദ്ര കുത്തപ്പെടുന്നവരുടെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന ആഘോഷപരിപാടികളുടെ കമ്മിറ്റികളുടെ നേതൃസ്ഥാനം കൈയടക്കുന്നതും മേല്‍ജാതിക്കാരാണ്.
ദൃശ്യമല്ലാത്ത അയിത്തവ്യവസ്ഥിതിയാണ് കേരളത്തില്‍ പോലും ദളിത് സമൂഹം മുഖ്യധാരയിലേക്ക് ഉയര്‍ന്നുവരാതിരിക്കാന്‍ കാരണം. വര്‍ഗീയതയും തീവ്രവാദവും മാത്രമല്ല ജാതിഭ്രാന്തും സമകാലിക ഇന്ത്യ നേരിടുന്ന കനത്ത വെല്ലുവിളിയാണ്.