Connect with us

Editorial

ജഡ്ജിമാരുടെ കുറവ് നികത്തണം

Published

|

Last Updated

ജഡ്ജി നിയമനങ്ങളിലെ കാലതാമസം നീതിന്യായ മേഖലയിലും രാജ്യത്തെ സാമൂഹികാന്തരീക്ഷത്തിലും സൃഷ്ടിക്കുന്ന ഗുരുതര പ്രത്യാഘാതങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നതായിരുന്നു ഞായറാഴ്ച നടന്ന മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സമ്മേളനത്തില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ നടത്തിയ പ്രഭാഷണം. രാജ്യത്ത് കുറ്റകൃത്യങ്ങളും കോടതികളിലെത്തുന്ന കേസുകളുടെ എണ്ണവും വര്‍ധിച്ചു വരികയാണ്. അതിനനുസൃതമായി ജഡ്ജിമാരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടാകുന്നില്ല. ഇത് കേസുകള്‍ കെട്ടിക്കിടക്കാനും വിചാരണതടവുകാരുടെ എണ്ണത്തില്‍ വന്‍തോതിലുള്ള വര്‍ധനവിനും ഇടയാക്കുന്നു. വര്‍ഷാന്തം അഞ്ച് കോടി കേസുകള്‍ രാജ്യത്തെ വിവിധ കോടതികളില്‍ ഫയല്‍ ചെയ്യുമ്പോള്‍ തീര്‍പ്പാകുന്നത് രണ്ട് കോടി കേസുകള്‍ മാത്രമാണ്.
ജില്ലാ കോടതികളില്‍ മാത്രം രണ്ട് കോടതികളിലേറെ കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് രണ്ട് മാസം കൊച്ചിയില്‍ സംസ്ഥാന ജുഡീഷ്യല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനത്തില്‍ ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍ പറഞ്ഞത്. രാജ്യത്തെ എല്ലാ കോടതികളിലുമായി മൂന്ന് കോടിയിലേറെ കേസുകള്‍ തീര്‍പ്പാകാനുണ്ട്. കെട്ടിക്കിടക്കുന്ന കേസുകളുടെ വിശദാംശങ്ങള്‍ അറിയാന്‍ കേന്ദ്രീകൃതമായൊരു സംവിധാനം നിലവിലില്ല. ദേശീയ ജൂഡീഷ്യല്‍ ഡേറ്റാ ഗ്രിഡ് സ്ഥാപിച്ചു വിവരങ്ങള്‍ ശേഖരിക്കുന്ന കാര്യം പരിഗണനയിലുണ്ടെങ്കിലും ബന്ധപ്പെട്ടവരുടെ ഉദാസീനത കാരണം പ്രായോഗികമായിട്ടില്ല. തീര്‍പ്പാകാതെ കിടക്കുന്ന കേസുകളില്‍ 26 ശതമാനം അഞ്ച് വര്‍ഷത്തിലേറെ പഴക്കമുള്ളവയാണ്. പത്ത് വര്‍ഷത്തില്‍ കൂടുതല്‍ കാലപ്പഴക്കമുള്ളവയുമുണ്ട് കൂട്ടത്തില്‍. ജയിലുകളില്‍ വിചാരണാ തടവുകാരുടെ എണ്ണവും ഇതിനനുസൃതമായി പെരുകുകയും ജയിലുകളില്‍ ഇത് സ്ഥലപരിമിതി സൃഷ്ടിക്കുകയും ചെയ്യുന്നു. നീതി നടപ്പാക്കുന്നതില്‍ വരുന്ന കാലതാമസം പ്രതികളുടെ വിചാരണാ തടവിന്റെ കാലാവധി അനിശ്ചിതമായി നീളാനിടയാക്കുകയാണ്. നീതി നിഷേധമെന്ന പോലെ നീതി വൈകുന്നതും ജനാധിപത്യത്തെയും ജനങ്ങളുടെ സമാധാനപരമായ ജീവിതത്തെയും ആഴത്തില്‍ ബാധിക്കുകയും രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും.
കേസുകള്‍ വൈകുമ്പോള്‍ സമൂഹം ജുഡീഷ്യറിയെയാണ് കുറ്റപ്പെടുത്തുന്നത്. ന്യൂനപക്ഷമെങ്കിലും ചില ന്യായാധിപന്മാരുടെ അലസതക്കു ഈ സ്ഥിതിവിശേഷത്തില്‍ പങ്കുണ്ടെങ്കിലും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടിയ പോലെ ജഡ്ജിമാരുടെ എണ്ണക്കറവ് തന്നെയാണ് പ്രധാന ഘടകം. രാജ്യത്ത് 40,000 ജഡ്ജിമാര്‍ വേണ്ടിടത്ത് 21,000 പേരാണ് നിലവിലുുള്ളത്. വികസിത രാജ്യങ്ങളില്‍ പത്ത് ലക്ഷം പേര്‍ക്ക് 150 ജഡ്ജിമാരുള്ളപ്പോള്‍ ഇന്ത്യയില്‍ ഇത് 15 ജഡ്ജിമാര്‍ മാത്രമാണ്. സുപ്രീം കോടതിയില്‍ ആറ് ജഡ്ജിമാരുടെയും ഹൈക്കോടതികളില്‍ 458 പേരുടെയും കീഴ്‌ക്കോടതികളില്‍ 4580 പേരുടെയും തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഇന്ത്യയില്‍ ജഡ്ജിമാരുടെ എണ്ണം നിലവിലുള്ളതിന്റെ ഇരട്ടിയാക്കുന്നതിനുള്ള നിര്‍ദേശം സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചതാണ്. സര്‍ക്കാര്‍ ആവശ്യത്തിനുള്ള ഫണ്ട് അനുവദിക്കുന്നില്ല. പ്രതിരോധ മേഖലക്കുള്ള വിഹിതം വര്‍ഷം തോറും വന്‍ തോതില്‍ ഉയര്‍ത്തുകയും കിട്ടാവുന്നിടത്ത് നിന്നൊക്കെ അത്യാധുനിക ആയുധങ്ങള്‍ വാങ്ങി ആയുധപ്പുരകള്‍ നിറക്കുകയും ചെയ്യുന്നുണ്ട്. മേക്ക് ഇന്ത്യ പോലുള്ള പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചു ഡിജിറ്റല്‍ ഇന്ത്യ കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളും ത്വരിതഗതിയില്‍ മുന്നേറുന്നു. രാജ്യത്തിന്റെ അടിത്തറകളില്‍ സുപ്രധാനമായ ജുഡീഷ്യറിയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതില്‍ കുറ്റകരമായ അനാസ്ഥ കാണിക്കുകയും ചെയ്യുന്നു.
ജഡ്ജിമാരുടെ കുറവ് പരിഹരിക്കാന്‍ ഹൈക്കോടതികളില്‍ നിന്ന് വിരമിച്ച ജഡ്ജിമാര്‍ക്ക് നിയമനം നല്‍കണമമെന്ന നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്. ഭരണ ഘടനയുടെ 224-എ വകുപ്പ് പ്രകാരം രാഷ്ട്രപതിയുടെ അനുമതിക്ക് വിധേയമായി ഇത്തരം നിയമനങ്ങള്‍ക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്ക് അധികാരമുണ്ടെന്ന് ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കുര്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. രണ്ട് വര്‍ഷത്തേക്കോ 65 വയസ്സ് പൂര്‍ത്തിയാകുന്നത് വരെ കാലാവധിയിലോ നിയമിക്കപ്പെടുന്ന ഈ താത്കാലിക ജഡ്ജിമാര്‍ അഞ്ച് വര്‍ഷത്തിലേറെ പഴക്കമുള്ള കേസുകളിലായിരിക്കും വാദം കേള്‍ക്കുക. എന്നാല്‍ ഇത്തരം നിയമനങ്ങളോട് സര്‍ക്കാറിന് യോജിപ്പില്ലെന്നാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ നിയമമന്ത്രി ലേക്‌സഭയില്‍ പറഞ്ഞത്.
നിയമനിര്‍മാണ മേഖല പോലെ ഭരണസംവിധാനത്തില്‍ പരമപ്രധാനമാണ് നീതിന്യായ മേഖലയും. രണ്ടും കാര്യക്ഷമവും ഊര്‍ജ്ജസ്വലവുമായെങ്കിലേ ജനാധിപത്യം ശക്തിപ്പെടുകയുള്ളൂവെന്നതിനാല്‍ നീതിനിര്‍വഹണ മേഖലയിലെ പ്രശ്‌നങ്ങള്‍ യഥാസമയം പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ ബദ്ധശ്രദ്ധമാകേണ്ടതുണ്ട്. ജഡ്ജിമാരുടെ നിയമനത്തിന് നീതിന്യായ മേഖലയില്‍ നിന്ന് നിരന്തരം മുറവിളി ഉയരേണ്ടിവരികയും ഭരണത്തലവന്മാരോട് കേണപേക്ഷിക്കുകയും ചെയ്യേണ്ടി വരുന്നത് സംഗതമല്ല. വാര്‍ഷിക പദ്ധതികളും ബജറ്റുകളും തയ്യാറാക്കുമ്പോള്‍ നീയിന്യായ മേഖലക്ക് കൂടുതല്‍ പണം വകയിരുത്തുകയും കോടതികളില്‍ ന്യായാധിപന്മാരുടെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മുറക്ക് അത് നികത്താനുള്ള നടപടികള്‍ കൈക്കൊള്ളുകയും ചെയ്യേണ്ടതുണ്ട്. ജുഡീഷ്യറിക്ക് സംഭവിക്കുന്ന ക്ഷയം ജനാധിപത്യത്തിന്റെ തന്നെ ക്ഷയമാണ്.

Latest