Connect with us

National

വിജയ് മല്യയുടെ രാജ്യസഭാംഗത്വം റദ്ദാക്കും

Published

|

Last Updated

ന്യൂഡല്‍ഹി: ബേങ്കുകളില്‍ നിന്ന് 9,400 കോടി രൂപ വായ്പയെടുത്ത് വണ്ടിച്ചെക്ക് നല്‍കിയെന്ന കേസില്‍ കുറ്റാരോപിതനായി ബ്രിട്ടനില്‍ കഴിയുന്ന മദ്യരാജാവ് വിജയ് മല്യയെ രാജ്യസഭാ അംഗത്വത്തില്‍ നിന്ന് നീക്കണമെന്ന് എത്തിക്‌സ് കമ്മിറ്റി ശിപാര്‍ശ ചെയ്തു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ മല്യയുടെ അംഗത്വം റദ്ദാകും.
അതേസമയം, രാജ്യസഭാ എത്തിക്‌സ് കമ്മിറ്റി മല്യക്ക് ഒരാഴ്ച കൂടി സമയം നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് കരണ്‍ സിംഗ് അധ്യക്ഷനായ സമിതിയാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍, ഇത് മല്യക്ക് അനുകൂലമായ നടപടിയായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും നടപടിക്രമത്തിന്റെ ഭാഗം മാത്രമാണെന്നൂം കമ്മിറ്റിയിലെ ഒരംഗം പറഞ്ഞു. മല്യയെ തിരിച്ച് ഇന്ത്യയിലെത്തിക്കുന്നതിനുള്ള ശ്രമം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയിരുന്നു. മാര്‍ച്ച് രണ്ട് മുതല്‍ മല്യ ബ്രിട്ടനിലാണ്.
മല്യയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സമിതി പരിശോധിച്ചുവെന്നും വന്‍ സാമ്പത്തിക തിരിമറി നടന്നുവെന്ന് വ്യക്തമായെന്നും കരണ്‍ സിംഗ് പറഞ്ഞു. രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്ന കാര്യത്തില്‍ ഏകാഭിപ്രായമാണ് സമിതിയില്‍ ഉയര്‍ന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.