Connect with us

National

ഉത്തരാഖണ്ഡ്: ഇപ്പോഴും കോണ്‍ഗ്രസില്‍ തന്നെയെന്ന് വിമത എം എല്‍ എമാര്‍

Published

|

Last Updated

നൈനിറ്റാള്‍: തങ്ങള്‍ പാര്‍ട്ടി വിട്ടിട്ടില്ലെന്നും സംസ്ഥാനത്ത് മികച്ച ഭരണത്തിനായി മുഖ്യമന്ത്രിഹരീഷ് റാവത്തിനെയും അദ്ദേഹത്തിന്റെ സര്‍ക്കാറിനെയും പിരിച്ചുവിടണമെന്നും ഉത്തരാഖണ്ഡിലെ വിമത കോണ്‍ഗ്രസ് എം എല്‍ എമാര്‍ ഹൈക്കോടതിയില്‍. ബി ജെ പിയില്‍ ചേര്‍ന്നുവെന്ന ആരോപണങ്ങളെയും ഒമ്പത് വിമത എം എല്‍ എമാര്‍ നിഷേധിച്ചു.
സര്‍ക്കാറിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്ന് കാട്ടി ബി ജെ പി ഗവര്‍ണര്‍ക്ക് കത്തയച്ചപ്പോള്‍ അതില്‍ തങ്ങള്‍ ഒപ്പിട്ടിരുന്നില്ല. ഭരണകക്ഷി അംഗങ്ങളില്‍ നിന്ന് തന്നെയുള്ള വിയോജിപ്പുകള്‍ ആരോഗ്യപരമായ ജനാധിപത്യത്തിന്റെ തെളിവാണെന്നും വിമത എം എല്‍ എമാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സി എ സുന്ദരം വാദിച്ചു. സര്‍ക്കാറും പാര്‍ട്ടിയും ഒന്നുതന്നെയാണെന്നാണ് മുഖ്യമന്ത്രിയും സ്പീക്കറും കരുതുന്നത്. ഈ ആശയം അംഗീകരിച്ചുകൊടുത്താല്‍ അത് ജനാധിപത്യത്തിന്റെ മരണമണിയായിരിക്കും. അങ്ങനെ വന്നാല്‍ ഒരു ഭരണകക്ഷി അംഗത്തിനും അഭിപ്രായം പറയാന്‍ സാധിക്കാതെ വരും. സുന്ദരം വാദിച്ചു.

ഒരു സര്‍ക്കാറിനെയോ മുഖ്യമന്ത്രിയെയോ പിന്തുണക്കാതിരിക്കുക എന്നാല്‍ പാര്‍ട്ടിവിട്ടെന്നോ കൂറുമാറിയെന്നോ അര്‍ഥമില്ല. ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരം കൂറുമാറുക എന്നാല്‍ പാര്‍ട്ടിവിട്ടുപോകുക എന്നാണ്. അല്ലാതെ വിയോജിക്കുക എന്നല്ലെന്നും സുന്ദരം കോടതിയില്‍ വാദിച്ചു. മുഖ്യമന്ത്രിയുമായി വിയോജിപ്പുണ്ട് എന്നതിന്റെ പേരില്‍ എം എല്‍ എയെ അയോഗ്യനാക്കാ ന്‍ കഴിയില്ല. ഗവര്‍ണറെ സമീപിച്ച് സര്‍ക്കാറിനെ പിരിച്ചുവിടാന്‍ അഭ്യര്‍ഥിക്കുക മാത്രമാണ് അവര്‍ക്ക് ചെയ്യാന്‍ കഴിയുന്നത്. ഹരീഷ് റാവത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറണം എന്നാണ് കോണ്‍ഗ്രസുകാര്‍ എന്ന നിലയില്‍ പറയാനുള്ളത്. മറ്റൊരു മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള അവകാശം ഇപ്പോഴും കോണ്‍ഗ്രസിന് നഷ്ടമായിട്ടില്ലെന്നും വിമത എം എല്‍ എമാരുടെ നിലപാട് വ്യക്തമാക്കിക്കൊണ്ട് അഭിഭാഷകന്‍ ഹൈക്കോടതിയില്‍ പറഞ്ഞു.

അതേസമയം, ധനവിനിയോഗ ബില്‍ സഭയില്‍ പരാജയപ്പെട്ടതും മുഖ്യമന്ത്രി ഹരീഷ് റാവത്ത് പദവി രാജിവെക്കാന്‍ തയ്യാറാകാത്തതും മാത്രം മതി സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ എന്ന് വിമത കോണ്‍ഗ്രസ് എം എല്‍ എമാരുടെ നേതാവ് വിജയ് ബഹുഗുണ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്ത് എത്രയും വേഗം വീണ്ടും തിരഞ്ഞെടുപ്പ് നടത്തി ജനഹിതം അറിയുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്തേണ്ടിവന്നതിന് ഉത്തരവാദികള്‍ മുഖ്യമന്ത്രിയും നിയമസഭാ സ്പീക്കറും മാത്രമാണ്. പരാജയപ്പെട്ട ഒരു നിയമനിര്‍മാണം വിജയിച്ചെന്ന് സ്പീക്കര്‍ തെറ്റായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയാകട്ടെ സഭയില്‍ ന്യൂനപക്ഷമായിട്ടും രാജിവെക്കാന്‍ തയ്യാറായില്ല. മുഖ്യമന്ത്രി രാജിവെക്കുകയും പകരം പുതിയൊരാള്‍ ആ സ്ഥാനത്ത് വരികയും ചെയ്തിരുന്നെങ്കില്‍ സംസ്ഥാനത്ത് കേന്ദ്രഭരണം വരില്ലായിരുന്നു- ബഹുഗുണ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.