മലേഗാവ് സ്‌ഫോടനം: ഒമ്പത് പേരെയും വെറുതെ വിട്ടു

Posted on: April 26, 2016 1:58 am | Last updated: April 26, 2016 at 2:33 pm
SHARE

മുംബൈ: മലേഗാവ് സ്‌ഫോടനപരമ്പര കേസില്‍ ആരോപണവിധേയരായ ഒമ്പത് മുസ്‌ലിം യുവാക്കളെ മുംബൈയിലെ പ്രത്യേക കോടതി വെറുതെ വിട്ടു. സ്‌ഫോടനവുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നതിന് തെളിവുകളില്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) കോടതിയെ അറിയിച്ച് രണ്ട് വര്‍ഷം പിന്നിടുമ്പോഴാണ് മഹാരാഷ്ട്ര ആസൂത്രണ കുറ്റകൃത്യം തടയല്‍ നിയമപ്രകാരമുള്ള കേസുകള്‍ (മക്കോക്ക) കൈകാര്യം ചെയ്യുന്ന കോടതി ഇവരെ വെറുതെ വിട്ടത്. ആരോപണവിധേയര്‍ സമര്‍പ്പിച്ച വിടുതല്‍ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്.
നൂറുല്‍ഹുദ സംസുദോഹ, ശാബിര്‍ അഹ്മദ് മസിഉല്ല, റായിസ് അഹ്മദ് റജബ് അലി മന്‍സൂരി, സല്‍മാന്‍ ഫാരിസി അബ്ദുല്‍ ലത്വീഫ് ഐമി, ഫാറൂഖ് ഇഖ്ബാല്‍ അഹ്മദ് മഗ്ദുമി, മുഹമ്മദ് അലി അലാം ശൈഖ്, ആസിഫ് ഖാന്‍, മുഹമ്മദ് സാഹിദ് അബ്ദുല്‍ മജീദ് അന്‍സാരി, അബ്‌റാര്‍ അഹ്മദ് ഗുലാം അഹ്മദ് എന്നിവരെയാണ് വെറുതെ വിട്ടത്. 2006ല്‍ നടന്ന മലേഗാവ് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അതേ വര്‍ഷമാണ് ഒമ്പത് പേരെയും അറസ്റ്റ് ചെയ്തത്. ഇവരില്‍ ശാബിര്‍ അഹ്മദ് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ വാഹനാപകടത്തില്‍ മരിച്ചിരുന്നു. എല്ലാവരും അഞ്ച് വര്‍ഷം വിചാരണ തടവ് അനുഭവിച്ചവരാണ്. 2011ല്‍ ഏഴ് പേര്‍ക്ക് ജാമ്യം ലഭിച്ചു. രണ്ട് പേര്‍ മുംബൈ ട്രെയിന്‍

സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ജയിലിലാണ്.
2006 സെപ്തംബറിലാണ് മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലുള്ള മലേഗാവിലെ ഹമീദിയ പള്ളിയിലും സമീപത്തുള്ള ഖബര്‍സ്ഥാനിലും തിരക്കേറിയ മാര്‍ക്കറ്റിലുമായി മൂന്ന് സ്‌ഫോടനങ്ങള്‍ നടന്നത്. 37 പേര്‍ സ്‌ഫോടനത്തില്‍ മരിക്കുകയും നൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സൈക്കിളുകളില്‍ സ്ഥാപിച്ച ബോംബ് ആണ് പൊട്ടിത്തെറിച്ചതെന്ന് എ ടി എസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. അറസ്റ്റിലായവര്‍ നിരോധിത സംഘടനയായ സിമി പ്രവര്‍ത്തകരാണെന്നാണ് പോലീസ് പറഞ്ഞത്. 2011ലാണ് എന്‍ ഐ എക്ക് കൈമാറിയത്.
മലേഗാവ് സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഹിന്ദുത്വ തീവ്രവാദ സംഘടനകളാണെന്ന് 2007ലെ മക്ക മസ്ജിദ് സ്‌ഫോടനക്കേസിലെ പ്രതിയായ സ്വാമി അസീമാനന്ദ കുറ്റസമ്മതം നടത്തിയതോടെയാണ് കേസില്‍ വഴിത്തിരിവായത്. ഇതിന് പിന്നാലെയാണ് അറസ്റ്റിലായ പ്രതികള്‍ക്ക് സ്‌ഫോടനവുമായി ബന്ധമില്ലെന്ന് കോടതിയെ എന്‍ ഐ എ അറിയിച്ചത്. 2008ല്‍ മലേഗാവില്‍ നടന്ന സ്‌ഫോടനത്തിനു പിന്നാലെ ഹിന്ദു തീവ്രവാദ സംഘടനയിലെ കേണല്‍ പ്രസാദ് പുരോഹിത്, സാധ്വി പ്രജ്ഞാസിംഗ് ഠാക്കൂര്‍ എന്നിവരെ ഹേമന്ദ് കര്‍ക്കറെയുടെ നേതൃത്വത്തിലുള്ള എ ടി എസ് സംഘം അറസ്റ്റ് ചെയ്തിരുന്നു.

വിടുതല്‍ ഹരജിയില്‍ വാദം കേള്‍ക്കുന്നതിന്റെ അവസാന ഘട്ടത്തില്‍ സിമി പ്രവര്‍ത്തകരെ കുറ്റവിമുക്തരാക്കുന്നത് എന്‍ ഐ എ എതിര്‍ത്തിരുന്നു. എന്നാല്‍, ജഡ്ജി വി വി പാട്ടീല്‍ ഇത് സ്വീകരിച്ചില്ല. എന്‍ ഐ എയുടെ തുടരന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകളും എ ടി എസും സി ബി ഐയും നേരത്തെ കണ്ടെത്തിയ തെളിവുകളും തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്ന് കോടതി വിലയിരുത്തി. അതിനിടെ, ഹിന്ദുത്വ തീവ്രവാദികള്‍ പ്രതികളായ മലേഗാവ് സ്‌ഫോടനക്കേസില്‍ മെല്ലെപ്പോക്ക് നയം മതിയെന്ന് കേന്ദ്ര സര്‍ക്കാറിലെ ഉന്നതര്‍ പ്രോസിക്യൂഷന്‍ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെന്ന് വെളിപ്പെടുത്തലുണ്ടായിരുന്നു.