ഇന്ത്യ- പാക് സെക്രട്ടറിതല കൂടിക്കാഴ്ച ഇന്ന് നടക്കും

Posted on: April 26, 2016 8:49 am | Last updated: April 26, 2016 at 2:13 pm

ന്യൂഡല്‍ഹി:പഠാന്‍കോട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ഇന്ത്യ- പാക് സമാധാന ചര്‍ച്ച പുനരാരംഭിക്കുന്നു. ഇന്ന് ഇന്ത്യയിലെത്തുന്ന പാക് വിദേശകാര്യ സെക്രട്ടറി ഐസാസ് അഹ്മദ് ചൗധരി വിദേശകാര്യ സെകട്ടറി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും. ‘ഹാര്‍ട്ട് ഓഫ് ഏഷ്യ’ റീജ്യനല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനായാണ് പാക് വിദേശകാര്യ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ത്യയിലെത്തുന്നത്.

ഇരു രാജ്യങ്ങളിലെയും വിദേശകാര്യ സെക്രട്ടറിമാര്‍ കൂടിക്കാഴ്ച നടത്തുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പാക് പ്രതിനിധി സംഘം മറ്റു രാജ്യങ്ങളിലെ പ്രതിനിധി സംഘങ്ങളുമായി ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ നടത്തുമെന്ന് പാക്കിസ്ഥാനും വ്യക്തമാക്കിയിട്ടുണ്ട്. പഠാന്‍കോട് ഭീകരാക്രമണവും എന്‍ ഐ എ സംഘം പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്നതും കൂടിക്കാഴ്ചയില്‍ വിഷയമാകും. കഴിഞ്ഞ ഡിസംബറില്‍ നടന്ന കൂടിക്കാഴ്ചക്കു ശേഷം ഇതാദ്യമായാണ് ഇരു രാജ്യങ്ങളിലെയും വിദേശകാര്യ സെക്രട്ടറിമാര്‍ ഔദ്യോഗിക കൂടിക്കാഴ്ച നടത്തുന്നത്. മാര്‍ച്ചില്‍ നേപ്പാളില്‍ നടന്ന സാര്‍ക് ഉച്ചകോടിക്കിടെ ഇരുവരും അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ തമ്മിലുള്ള കൂടിക്കാഴ്ച ഉടനുണ്ടാകില്ലെന്നും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ അവസാനിപ്പിച്ചുവെന്നുമുള്ള ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിതിന്റെ പ്രസ്താവന സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു. പിന്നീട് പാക്കിസ്ഥാന്‍ നിലപാട് മയപ്പെടുത്തുകയായിരുന്നു.
അഫ്ഗാനിസ്ഥാനില്‍ സുസ്ഥിരമായ സമാധാനം ഉറപ്പ് വരുത്തുന്നതിനായി രാജ്യത്തിനകത്തും മേഖലയിലെ രാജ്യങ്ങളുമായുള്ള വാര്‍ത്താവിനിമയ ബന്ധം മെച്ചപ്പെടുത്തുക, സുരക്ഷ, സാമ്പത്തിക സഹകരണം എന്നിവ ശക്തിപ്പെടുത്തുക എന്നിവ ചര്‍ച്ച ചെയ്യുന്നതിനായി 2011ലാണ് ഹാര്‍ട്ട് ഓഫ് ഏഷ്യ- ഇസ്താംബുള്‍ പ്രോസസ് എന്ന പേരില്‍ വേദി രൂപവത്കരിച്ചത്.
2015 ഡിസംബറില്‍ ഹാര്‍ട്ട് ഓഫ് ഏഷ്യ മന്ത്രിതല യോഗത്തിന് പാക്കിസ്ഥാന്‍ വേദിയായിരുന്നു. പാഠാന്‍കോട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ താത്കാലികമായി നിര്‍ത്തിവെച്ച ചര്‍ച്ചകള്‍ ഇതോടെ പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.