ശബരിമല: ആര്‍ത്തവം ശുദ്ധിയുടെ മാനദണ്ഡമാണോയെന്ന് സുപ്രീം കോടതി

Posted on: April 25, 2016 7:07 pm | Last updated: April 26, 2016 at 10:10 am
SHARE

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നിഷേധിക്കുന്നതിനെതിരെ രൂക്ഷമായ പ്രതികരണവുമായി വീണ്ടും സുപ്രീം കോടതി. ജീവശാസ്ത്രപരമായ പ്രത്യേകതകള്‍ പറഞ്ഞ് വിവേചനത്തെ ന്യായീകരിക്കരുതെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, ആര്‍ത്തവമാണോ സ്ത്രീ ശുദ്ധിയുടെ മാനദണ്ഡമെന്നും ചോദിച്ചു.

ആര്‍ത്തവമെന്നത് ഒരു ശാരീരികാവസ്ഥയാണ് ഇതിന്റെ പേരില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നത് എങ്ങനെയാണെന്നും കോടതി ചോദിച്ചു. പത്തിനും 50 വയസ്സിനും ഇടയിലുള്ള സ്ത്രീകളെ ശബരിമല ദര്‍ശനത്തില്‍ നിന്ന് വിലക്കിയ കേരള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി പരിഗണിക്കവേയാണ് കോടതി പരാമര്‍ശം നടത്തിയത്.

ഇരുമുടിക്കെട്ട് എടുക്കാത്ത പുരുഷന്മാര്‍ക്ക് പതിനെട്ടാം പടിക്ക് പകരം മറ്റൊരു വഴിയിലൂടെ സന്നിധാനത്തിലേക്ക് പ്രവേശനം അനുവദിക്കുന്നത്‌പോലെ സ്ത്രീകള്‍ക്കും പ്രവേശം സാധ്യമാക്കി കൂടേയെന്നു കോടതി ചോദിച്ചു. പുരുഷന്‍മാരുടെ വ്രതശുദ്ധി എങ്ങിനെയാണ് കണക്കാക്കുന്നതെന്നും കോടതി ചോദിച്ചു. ഇത്തരത്തില്‍ വിവേചനം ഹിന്ദുമതത്തില്‍ മാത്രമല്ല നിലനില്‍ക്കുന്നതെന്ന് ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ചില ക്രിസ്ത്യന്‍, മുസ്‌ലിം പള്ളികളിലും സ്ത്രീകള്‍ക്ക് നിയന്ത്രണങ്ങളുണ്ട്. ഈ നിയന്ത്രണങ്ങള്‍ ഭരണഘടന അനുവദിച്ചതാണ്.
ശബരിമല ഒഴിച്ചുള്ള ആയിരക്കണക്കിന് അയ്യപ്പ ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശം അനുവദിച്ചിട്ടുണ്ടെന്നും ദേവസം ബോര്‍ഡ് ചൂണ്ടിക്കാണിച്ചു. ശബരിമലയിലേക്ക് വരുമ്പോള്‍ സ്ത്രീകളെ വന്യമൃഗങ്ങള്‍ ആക്രമിക്കാന്‍ സാധ്യതതയുണ്ടെന്നും ദേവസ്വം ബോര്‍ഡിന്റെ അഭിഭാഷകന്‍ വാദിച്ചു.

അങ്ങനെ വന്യമൃഗങ്ങള്‍ സ്ത്രീകളെ ആക്രമിക്കുകയാണെങ്കില്‍ ആക്രമിക്കട്ടേയെന്നും അവര്‍ വിശ്വാസത്തിന്റെ ഭാഗമായിട്ടല്ലേ വരുന്നതെന്നും കോടതി ഓര്‍മിപ്പിച്ചു. അതേസമയം കഴിഞ്ഞ ദിവസം ഇതേ വിഷയത്തില്‍ വാദം കേള്‍ക്കുന്നതിനിടെ വിശ്വാസവും ഭരണഘടനയും തമ്മിലുള്ള ഏറ്റുമുട്ടലല്ല ശബരമലയിലെ പ്രശ്‌നമെന്നും. വിശ്വാസത്തില്‍ ഇടപെടില്ലെന്ന 1995ലെ ഹൈക്കോടതി ഉത്തരവ് കേസിനെ ബാധിക്കില്ലെന്നും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നത് ഭരണഘടനാ ലംഘനമാണെന്ന് അമിക്കസ്‌ക്യൂറിയും നിലപാടെടുത്തിരുന്നു. കേസില്‍ അടുത്ത തിങ്കളാഴ്ച വാദം തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here