നവ മാധ്യമങ്ങളുടെ കാലത്തും സജീവമായി കുടുംബയോഗങ്ങള്‍

Posted on: April 25, 2016 3:06 pm | Last updated: April 25, 2016 at 3:06 pm
SHARE

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്നാഴ്ച മാത്രം അവശേഷിക്കെ മുന്നണികള്‍ കുടുംബയോഗങ്ങളില്‍ സജീവമാകുന്നു. സ്ഥാനാര്‍ത്ഥികളുടെ വീട് കയറിയുള്ള വോട്ട് പിടുത്തവും പര്യടനവും ഒരു ഭാഗത്ത് നടക്കുമ്പോള്‍ കുടംബയോഗങ്ങളില്‍ ശ്രദ്ധയൂന്നുകയാണ് പാര്‍ട്ടി നേതൃത്വങ്ങള്‍.

വനിതകളുടെയും ന്യൂനപക്ഷ വിഭാഗങ്ങളുടെയും കുടംബശ്രീ തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായവരുടെയും പ്രത്യക യോഗങ്ങള്‍ എല്‍ ഡി എഫ് വിളിച്ചു ചേര്‍ക്കുന്നുണ്ട്. യു ഡി എഫാകട്ടെ കുടംബയോഗങ്ങളില്‍ തന്നെ പരമാവധിയാളുകളെ പങ്കെടുപ്പിക്കുകയാണ് ചെയ്യുന്നത്. ഒരു വാര്‍ഡില്‍ വലിപ്പ ചെറുപ്പമനുസരിച്ച് മൂന്ന് മുതല്‍ ആറ് വരെ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുന്നുണ്ട്. യോഗത്തിന്റെയും പ്രദേശത്തിന്റെയും പ്രത്യേകത കണക്കിലെടുത്ത് അനുയോജ്യരായ നേതാക്കളെ പങ്കെടുപ്പിക്കാനും മുന്നണികള്‍ ജാഗ്രത കാണിക്കുന്നു. പ്രാദേശിക നേതാക്കള്‍ മുതല്‍ ജില്ലാ നേതാക്കള്‍ വരെ ഇത്തരം യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.

ആവശ്യമായ യോഗങ്ങളില്‍ പങ്കെടുക്കേണ്ട സ്‌പെഷലിസ്റ്റ് നേതാക്കളും മുന്നണികള്‍ക്കുണ്ട്. സംസ്ഥാന നേതാക്കളും കുടംബയോഗങ്ങളില്‍ പങ്കെടുക്കാനെത്തുന്നുണ്ട്. പിടിച്ചെടുക്കേണ്ട മണ്ഢലങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയാണ് മുന്നണികള്‍ കരുക്കള്‍ നീക്കുന്നത്. നേരിയ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലങ്ങളിലും സജീവ ശ്രദ്ധയാണ് നല്‍കുന്നത്.മാത്രമല്ല കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വോട്ട് ചോര്‍ന്ന വാര്‍ഡില്‍ സജീവ ശ്രദ്ധ പതിപ്പിക്കാനും തയ്യാറാകുന്നു. വോട്ട് ചോരാന്‍ എന്താണ് കാരണമെന്ന് കണ്ടെത്തി അവക്ക് പരിഹാരം ഉണ്ടാക്കാനും ഇത്തരം യോഗങ്ങള്‍ വേദിയാകുന്നു.

സംസ്ഥാനത്തിന്റെ വികസനങ്ങള്‍ തന്നെയാണ് യു ഡി എഫ് കുടംബയോഗങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയം. കണ്ണൂര്‍ വിമാനത്താവളം, കൊച്ചി മെട്രോ റെയില്‍, വിഴിഞ്ഞം, കാരുണ്യ പദ്ധതി, സാമൂഹ്യ നിതി വകുപ്പിന്റെ വിവിധ പദ്ധതികള്‍, തുടങ്ങി നീണ്ട വികസന കുതിച്ചു ചാട്ടം തന്നെ യു ഡി എഫ് അക്കമിട്ട് നീട്ടുന്നു. എല്‍ ഡി എഫിന്റെ പ്രധാന ചര്‍ച്ചാ വിഷയം അഴിമതി തന്നെയാണ്. സോളാര്‍ തട്ടിപ്പ്, സരിത, ബാര്‍കോയ, മെത്രാന്‍ കായല്‍ , ഭുമി ദാനം തുടങ്ങി വിലക്കയറ്റവും ക്ഷേമ പെന്‍ഷനുകളുടെ അവസ്ഥയുമൊക്കെ എല്‍ ഡി എഫ് നിരത്തുന്നു.

നിയമസഭാ തിരഞ്ഞെടുപ്പാണെങ്കിലും ദേശീയ രാഷ്ട്രീയവും സംഭവവികാസങ്ങളും ഇത്തരം യോഗങ്ങളില്‍ സജീവ ചര്‍ച്ചാ വിഷയമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ ബീഫിന്റെ പേരിലുള്ള അക്രമങ്ങളും ദലിതര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളും ജെ എന്‍ യു വിലെ പ്രശ്‌നവുമൊക്കെ കുടുംബയോഗങ്ങളില്‍ കടന്നു വരുന്നു. വര്‍ഗീയ വിപത്ത് നേരിടാന്‍ മുന്നില്‍ നില്‍ക്കുന്നത് ഇടത് പക്ഷമാണെന്ന് എല്‍ ഡി എഫ് നേതാക്കള്‍ അവകാശപ്പെടുമ്പോള്‍ കോണ്‍ഗ്രസല്ലാതെ എന്ത് ബദലുണ്ട് ബി ജെ പിക്കെതിര എന്ന ചോദ്യമാണ് യു ഡി എഫ് നേതാക്കള്‍ ഉന്നയിക്കുന്നത്. ബി ജെ പിക്ക് കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ തന്നെയാണ് പ്രധാനമായും പറയാനുള്ളത്. പ്രാദേശിക പ്രശ്‌നങ്ങളും യോഗത്തില്‍ ചര്‍ച്ചയാവുകയാണ്. മാലിന്യ പ്രശ്‌നം മുതല്‍ റോഡ് തകര്‍ച്ച വരെ ചര്‍ച്ചയാവുന്നുണ്ട്. ഏതായാലും നവ മാധ്യമങ്ങളുടെ കാലത്തും കുടുംബ യോഗങ്ങളെ മുന്നണികള്‍ മറന്നിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here