വൈകല്യത്തെ സര്‍ഗശേഷി കൊണ്ട് അതിജയിച്ച് ശ്രീദേവ്

Posted on: April 25, 2016 2:33 pm | Last updated: April 25, 2016 at 2:33 pm
SREEDEV2
ആര്യവൈദ്യശാലയില്‍ ചികിത്സക്കെത്തിയ ശ്രീദേവ് മാതാപിതാക്കളോടൊത്ത്

കോട്ടക്കല്‍: വൈകല്യത്തെ തന്റെ സര്‍ഗശേഷികൊണ്ട് അതിജയിക്കുകയാണ് പത്തുവയസ്സുകാരന്‍ കോട്ടയം സ്വദേശി ശ്രീദേവ്. ശാരീരിക വൈകല്യത്തോടെ പിറന്ന് വീണ ഈ കൊച്ചു പ്രതിഭ ഇതിനകം എഴുതി തീര്‍ത്തത് 200ലേറെ കഥകളും അത്രതന്നെ കവിതകളും. നാല് ഗ്രന്ഥങ്ങള്‍ ഇതിനിടെ ഈ പ്രതിഭയുടെതായി പുറത്തിറങ്ങി. അതും പ്രമുഖ പ്രസാധകരിലൂടെ. എട്ടാം വയസ്സിലാണ് ആദ്യ ഗ്രന്ഥം മണിമുത്ത് പുറത്തിറങ്ങുന്നത്. പത്ത് കവിതകളും പത്ത് കഥകളും ഒരു യാത്ര വിവരണവുമാണിതില്‍. കോട്ടയം ഡയറ്റാണ് ഇത് പുറത്തിറക്കിയത്. പിന്നീട് 30 കഥകളും 15 കവിതകളുമായി മയില്‍ പീലി ഇറങ്ങി, തുടര്‍ന്ന് മഞ്ഞ് വീണ പൂക്കള്‍, യുവ വനം എന്നിവയും പുറത്തിറങ്ങി. നാലര വയസ്സിലാണ് ശ്രീദേവിലെ പ്രതിഭ ഉയരുന്നത്. വീട്ടിന് ചുറ്റും നീരീക്ഷിച്ച് കഴിഞ്ഞ ഇവന്റെ സര്‍ഗശേഷി അമ്മയാണ് തിരിച്ചറിഞ്ഞത്. കാടും പടലും കേറി നടന്ന ഒരു പുള്ളികുഴിലെ എന്ന് തുടങ്ങുന്ന നാല് വരി കവിതയാണ് ഈ പ്രതിഭയുടെ ആദ്യ സൃഷ്ടി. സ്‌കൂളില്‍ പോലും പോകാത്ത കുഞ്ഞിനോട് അമ്മ തന്നെയാണ് ഇതെ കുറിച്ച് ചോദിച്ചത്. ദൈവം പഠിപ്പിച്ചു തരുന്നു എന്നായിരുന്നു പ്രതികരണം. പിന്നീട് പലപ്പോഴായായി കുട്ടി പറഞ്ഞിരുന്ന കഥകളും കവിതകളുമെല്ലാം അമ്മ തന്നെ കുറിച്ചു വെച്ചു. പലയാവര്‍ത്തി അവനത് അമ്മയില്‍ നിന്നും വായിച്ച് കേട്ടു. തിരുത്തിയും വെട്ടിയും കഥകളെയും കവിതകളെയും പാകപ്പെടുത്തി. ആറാമാസത്തില്‍ തികയാതെയാണ് ശ്രീദേവിന്റെ ജനനം. അത് കൊണ്ട് തന്നെ ശാരീരിക വളര്‍ച്ചയും മറ്റും പ്രകടമായിരുന്നു. മുട്ടിലിഴഞ്ഞ് വീട്ടിനകത്തും പരിസരത്തും കഴിഞ്ഞ് വന്ന ശ്രീദേവിനെ പിന്നീട് പരിസരത്തെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്തി. ഇതൊടെ ഇവന്റെ സര്‍ഗശേഷി വികസിച്ചു തുടങ്ങി. അധ്യാപകരില്‍ നിന്നും മറ്റും ആവശ്യത്തിന് പ്രോത്സാഹനം കൂടിയായതോടെ രചനകള്‍ പുസ്തകമായി പുറത്തിറക്കാന്‍ പലരും രംഗത്ത് വന്നു. അങ്ങനെയാണ് ആദ്യ കൃതി മണിമുത്ത് പുറത്തിറങ്ങുന്നത്. കൊച്ചു കൊച്ചു കഥകളും കവിതകളുമാണ് ഈ പ്രതിഭയുടെ ലോകം. എല്ലാം കുട്ടികളുമായി ബന്ധപ്പെട്ട സാരോപദേശങ്ങള്‍. പ്രകൃതിയും ജന്തുലോകവും തൊട്ട് സാമൂഹിക രംഗത്തെ ചലനങ്ങള്‍ വരെ ഈ പത്തു വയസ്സുകാരന്‍ മികവേടെയാണ് തന്റെ കൃതികളില്‍ അവതരിപ്പിച്ചിരിക്കുന്നത്. എഡിറ്റിംഗിന് വേണ്ടി പോലും മറ്റൊരാളുടെ കൈവെക്കല്‍ ഉണ്ടായിട്ടില്ലെന്ന് അമ്മ പുഷ്പ പറയുന്നു. വീട്ടില്‍ സ്ഥിരമായി ടി വിയും റേഡിയോയും കേള്‍ക്കും. വിജ്ഞാന പ്രദമായ പരിപാടികളോടാണ് ഇവന് താത്പര്യം. രാഷ്ട്രീയ ചര്‍ച്ചകളും നിരീക്ഷിക്കും. ശാരീരിക വൈകല്യം സംസാര ശേഷിയേയും ബാധിച്ചിട്ടുണ്ട്.
കഴിഞ്ഞ പത്തുവര്‍ഷമായി വിവിധ ചികിത്സയിലാണ് ഈ പ്രതിഭ. പക്ഷേ, കിടക്കയിലും തന്റെ സര്‍ഗശേഷിയാണ് ഇവന്റെ കൂട്ടുകാരന്‍. ഇപ്പോള്‍ കോട്ടക്കല്‍ ആര്യ വൈദ്യാശാല ധര്‍മാശുപത്രിയില്‍ ചികിത്സക്കായി എത്തിയിരിക്കുകയാണ് ശ്രീദേവ്. തീരെ നടക്കാനാവാതെയിരുന്ന കുട്ടി ഇപ്പോള്‍ പരസഹായത്തോടെ നടന്നു തുടങ്ങിയിട്ടുണ്ട്. ചികിത്സക്കിടയിലും കവിത രചിക്കുന്ന തിരക്കിലാണ് ഈ പ്രതിഭ. സര്‍ഗകഴിവുകളുടെ പാരമ്പര്യമൊന്നും ശ്രീദേവിന്റെ കുടുമ്പത്തിനില്ല. എന്നിട്ടും ഇളം പ്രായത്തില്‍ ശാരീരിക അവശതകളെ അവഗണിച്ച് ഈ കൊച്ചു പ്രതിഭ മുന്നേറുന്നത് നിശ്ചയദാര്‍ഢ്യം തന്നെയാണ്. കോട്ടയം മീനടം സ്വദേശികളായ സുഗതന്‍ പി ആര്‍, പുഷ്പ ദമ്പതികളുടെ രണ്ടാമത്തെ മകനാണ്.