കേരളത്തിന്റെ ദാഹം ശമിപ്പിക്കാന്‍ തമിഴ്‌നാടിന്റെ കരിക്ക്

Posted on: April 25, 2016 2:29 pm | Last updated: April 25, 2016 at 2:29 pm
SHARE

TENDE COCUNUTകണ്ണൂര്‍:കൃത്രിമശീതള പാനീയങ്ങളോടുള്ള പ്രിയം ആഗോളതലത്തില്‍ കുറയുന്ന പശ്ചാത്തലത്തില്‍ ഇളനീരിന് ആവശ്യകതയും വിലയും കുതിച്ചുയര്‍ന്നിട്ടും ഇളനീര്‍ വിപണിയില്‍ നാളികേരത്തിന്റെ നാടായ കേരളം ഇപ്പോഴും ഏറെ പിറകില്‍. തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടകം എന്നിവിടങ്ങളില്‍ നിന്ന് പ്രതിവര്‍ഷം കോടിക്കണക്കിന് ഇള നീരുകള്‍ വില്‍പ്പനക്കായി കേരളത്തിലെത്തുമ്പോഴാണ് 100 ഇളനീര്‍ പാര്‍ലറുകള്‍ തുടങ്ങാനുള്ള കൃഷിവകുപ്പിന്റെ പുതിയ പദ്ധതി പോലും സംസ്ഥാനത്ത് ഉപേക്ഷിക്കപ്പെട്ടത്. തമിഴ്‌നാട്ടിലെ പൊള്ളാച്ചി, കമ്പം, തേനി എന്നിവിടങ്ങളില്‍ നിന്നുള്ള കരിക്ക് കേരളവിപണി കൈയടക്കുന്ന സ്ഥിതിയാണ് നിലവില്‍. ലക്ഷദ്വീപില്‍ നിന്നും കേരളത്തിലേക്ക് വ്യാപകമായി കരിക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്.
കാല്‍നൂറ്റാണ്ട് മുമ്പ് വരെ കേരകൃഷിയില്‍ സംസ്ഥാനത്തിനുണ്ടായിരുന്ന മേല്‍ക്കോയ്മ നഷ്ടപ്പെടുകയായിരുന്നു. അടുത്തകാലത്തായി കൃഷിസ്ഥലത്തിന്റെ വിസ്തീര്‍ണത്തിലും നാളികേര ഉത്പാദനത്തിലും തമിഴ്‌നാടാണ്മുമ്പില്‍. 2001ല്‍ കേരളത്തില്‍ 9,25,783 ഹെക്ടറില്‍ തെങ്ങ് കൃഷി ചെയ്തിരുന്നു. 15 വര്‍ഷം കൊണ്ട് ഇത് 7,00,000 ഹെക്ടറായി കുറഞ്ഞു. 553.6 കോടി തേങ്ങ ഉത്പാദിപ്പിച്ചിരുന്ന കേരളത്തില്‍ കഴിഞ്ഞ കൊല്ലം ലഭിച്ചത് 4.90 കോടി നാളികേരമാണ്. സംസ്ഥാനം നാളികേര ഉത്പാദനം കൂട്ടാനായി പല പദ്ധതികള്‍ ആവിഷ്‌കരിച്ചുവെങ്കിലും അതൊന്നും കാര്യമായി ഏശിയില്ല. ഇതിനിടയിലാണ് കേരളത്തിലെ നാളികേര വിപണിയിലടക്കം തമഴ്‌നാട് വ്യക്തമായ ആധിപത്യം പുലര്‍ത്തുന്നത്.
ലോകമാകമാനമുള്ള കായിക താരങ്ങള്‍ക്ക് വേണ്ടി 1000 ദശലക്ഷം ഡോളര്‍ വിലവരുന്ന പലതരം സ്‌പോര്‍ട്‌സ് ഡ്രിങ്കുകള്‍ വിപണിയിലെത്തുന്നുവെന്ന് കണക്കാക്കിയിട്ടുണ്ട്. ഈ സ്‌പോര്‍ട്‌സ് ഡ്രിങ്കുകള്‍ക്കെല്ലാം പകരക്കാരനാകാന്‍ ഇളനീരിന് കഴിയുമെന്ന് തെളിഞ്ഞിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ മറ്റുസംസ്ഥാനങ്ങള്‍ അടുത്ത കാലത്തായി ഇളനീര്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും സംസ്ഥാനത്ത് ഇതിനായി നടപടിയായില്ല. നാളികേര ബോര്‍ഡിന്റെ കണക്കുപ്രകാരം പ്രതിവര്‍ഷം നാല് കോടിയില്‍പ്പരം കരിക്ക് വില്‍ക്കുന്നുണ്ട്. ഇതില്‍ പകുതിയിലധികവും തമിഴ്‌നാട്ടില്‍ നിന്നെത്തുന്നതാണ്. കേരളത്തില്‍ വിരലിലെണ്ണാവുന്ന യൂനിറ്റുകള്‍ മാത്രമാണ് കരിക്കിന്‍ വെള്ളം ഉത്പാദിപ്പിക്കാനുള്ളത്. എന്നാല്‍ തമിഴ്‌നാട്ടില്‍ ഇതിന്റെയെണ്ണവും കൂടുകയാണ്.
നാളികേരവുമായി ബന്ധപ്പെട്ട കോക്കനട്ട് ക്രീം, പാക്‌ചെയ്ത തേങ്ങാവെള്ളം, തേങ്ങാ ചിപ്‌സ്, തെങ്ങിന്‍ ചക്കര, വിനിഗര്‍ എന്നിവയും ഉത്പാദിപ്പിക്കാമെങ്കിലും കേരളത്തില്‍ ഇതിനൊന്നും സംവിധാനമില്ല. കേരളത്തില്‍ ആകെ ഉത്പാദിപ്പിക്കുന്ന 580 കോടി നാളികേരത്തിന്റെ ചെറിയ ഒരംശമാണ് കരിക്ക് എന്ന നിലയില്‍ ഉപയോഗപ്പെടുത്തുന്നത്. അതേ സമയം കേരളത്തിലെ കരിക്കിനാണ് വിപണിയില്‍ ഏറെ പ്രിയമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. സാധാരണഗതിയില്‍ ഏഴ് മാസം മൂപ്പെത്തിയ ഇളംപ്രായത്തിലുള്ള തേങ്ങയാണ് കേരളത്തില്‍ കരിക്കിനുവേണ്ടി വിളവെടുക്കുന്നത്. ഈപ്രായത്തിലുള്ള തേങ്ങയില്‍ 200-600 മി. ലി. കരിക്കിന്‍ വെള്ളം ഉണ്ടാവും. തമിഴ്‌നാട്ടില്‍ നിന്നും വരുന്ന കരിക്കിന്‍ വെള്ളത്തിന് മധുരവും ഗുണവും കേരളത്തിലെ തീരപ്രദേശങ്ങളില്‍ നിന്നുള്ള കരിക്കിനെ അപേക്ഷിച്ച് കുറവാണ്. തെങ്ങ് വളരുന്ന പരിതസ്ഥിതിയും മണ്ണില്‍ അടങ്ങിയിരിക്കുന്ന ധാതുലവണങ്ങളുമാണ് കരിക്കിന്‍ വെള്ളത്തിന്റെ ഗുണവും മധുരവും നിയന്ത്രിക്കുന്നതെന്നതിനാലാണ് ഇതിന് വ്യത്യാസം വരുന്നത്. അതിനാല്‍ നമ്മുടെ നാട്ടിലെ നാടന്‍ കരിക്കിനാണ് വിപണിയില്‍ പ്രിയം.
സംസ്ഥാനത്ത് കരിക്കിന് 30 രൂപവരെ ഇപ്പോള്‍ നല്‍കേണ്ടിവരുന്നുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കരിക്കിനുള്ള പ്രിയം ചൂഷണം ചെയ്ത് 40 രൂപക്ക് വരെ വില്‍ക്കുന്നു. കമ്പത്തെ തോട്ടത്തില്‍ നിന്നും ഒമ്പത് രൂപക്കെടുക്കുന്ന കരിക്ക് കേരളത്തില്‍ വില്‍ക്കുന്നത് 20-25 രൂപക്കാണ്. സംസ്ഥാനത്തുനിന്നുള്ള കരിക്കിനും ഇതേ നിരക്കില്‍ തന്നെയാണ് പലരും വില ഈടാക്കുന്നത്.
സംസ്ഥാനത്ത് വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ കരിക്ക് ഉത്പാദനം നടക്കുന്നത്. ഉത്പാദനം ലക്ഷ്യമാക്കി കേരളത്തില്‍ കൃഷി വ്യാപകമാകാത്തതും നല്ലയിനം തൈകളുടെ കുറവുമാണ് സംസ്ഥാനത്തെ ഉത്പാദനത്തിന് തിരിച്ചടിയായെതെന്നാണ് അധികൃതരുടെ വാദം. ഇത് വെട്ടിയിറക്കാന്‍ പ്രാവീണ്യമുള്ളവരെ കിട്ടാനില്ലാത്തതും വിപണനത്തിനുള്ള ബുദ്ധിമുട്ടുകളും മറ്റുപ്രശ്‌നങ്ങളായി ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here