അമ്പിളി ഫാത്തിമ വിട പറഞ്ഞു

Posted on: April 25, 2016 1:50 pm | Last updated: April 25, 2016 at 2:36 pm
SHARE

ambili fathimaകോട്ടയം: ഹൃദയ, ശ്വാസകോശ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ കോട്ടയം സ്വദേശി അമ്പിളി ഫാത്തിമ (22) അന്തരിച്ചു. മൂന്നു ദിവസമായി അതീവഗുരുതരാവസ്ഥയില്‍ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്ന് രാവിലെ 11.45 ഓടെയാണ് അമ്പിളി മരിച്ചത്. രക്തത്തിലും ആന്തരീകാവയവങ്ങളിലുമുണ്ടായ അണുബാധയെത്തുടര്‍ന്ന് കഴിഞ്ഞ മൂന്നു ദിവസമായി വെന്റിലേറ്ററിലായിരുന്ന അമ്പിളിയുടെ നില ഞായറാഴ്ച വഷളാകുകയായിരുന്നു. അമ്പിളിയുടെ ജീവന്‍ രക്ഷിക്കാനുള്ള പരമാവധി ശ്രമങ്ങള്‍ ഡോക്ടര്‍മാര്‍ നടത്തിയെങ്കിലും അവയെല്ലാം വിഫലമാവുകയായിരുന്നു.

പത്ത് മാസം മുമ്പ് ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് ഹ്യദയവും ശ്വാസകോശങ്ങളും മാറ്റിവയ്ക്കുന്ന അപൂര്‍വവും ദുഷ്‌കരവുമായ ശസ്ത്രക്രിയ നടത്തിയത്. തുടര്‍ചികില്‍സയയ്ക്ക് ശേഷം ഒരു മാസം മുമ്പാണ് കോട്ടയത്തെ വീട്ടിലെത്തിയത്. മാസം ഒരു ലക്ഷത്തിലേറെ രൂപയുടെ മരുന്നുകളും മൂന്ന് ദിവസം കൂടുമ്പോള്‍ രക്തപരിശോധന തുടങ്ങി കര്‍ശനമായ പരിശോധനകളായിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നത്.

ഹ്യദയവും ശ്വാസകോശങ്ങളും മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ഒരു മാസം കഴിഞ്ഞ് കടുത്ത അണുബാധയുണ്ടായതിനെതുടര്‍ന്ന് അപ്പോളോയില്‍ വച്ചു തന്നെ മറ്റൊരു ദുഷ്‌കരമായ ശസ്ത്രക്രിയയും നടത്തേണ്ടി വന്നിരുന്നു. പിന്നീടൊരിക്കല്‍ കൂടി അണുബാധയുണ്ടായെങ്കിലും ചികിത്സയിലൂടെ അണുബാധയ്ക്ക് ശമനമുണ്ടായിരുന്നു. അതിന് ശേഷമാണ് ചെന്നൈയില്‍ നിന്ന് കോട്ടയത്തേക്ക് അമ്പിളി ഫാത്തിമയും കുടുംബവും തിരിച്ചെത്തിയത്.

വീട്ടില്‍ സന്ദര്‍ശകരെ അനുവദിച്ചിരുന്നുമില്ല. കര്‍ശനമായ നിരീക്ഷണത്തിലായിരുന്നുവെങ്കിലും കഴിഞ്ഞദിവസം കടുത്ത പനിയും ശ്വാസതടസവും ബാധിച്ചതിനെതുടര്‍ന്നാണ് ആശുപത്രിയിലെത്തിയത്. അണുബാധയെ തുടര്‍ന്ന് ഇന്നലെ എല്ലാ ആന്തരികാവയവങ്ങളുടെയും തലച്ചോറിന്റെയും പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു.

കാഞ്ഞിരപ്പള്ളി പുതുപ്പറമ്പില്‍ ബഷീറിന്റെയും ഷൈലയുടെയും ഏകമകളാണ് അമ്പിളി ഫാത്തിമ. കോട്ടയം സിഎംഎസ് കോളജില്‍ അവസാന വര്‍ഷ എംകോം വിദ്യാര്‍ഥിനിയായ അമ്പിളിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സിവില്‍ സര്‍വീസ്.

രണ്ടാമത്തെ വയസില്‍ ബോധംകെട്ടു വീണപ്പോഴാണ് അമ്പിളിയുടെ ഹ്യദയത്തിലൊരു സുഷിരമുള്ളത് കണ്ടെത്തിയത്. ഹ്യദയത്തിന്റെ മുകളിലെ അറയിലെ ഈ സുഷിരം വഴി ശുദ്ധരക്തവും അശുദ്ധരക്തവും കൂടിച്ചേരുന്നതോടെ ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനവും നിലയ്ക്കുന്ന അപൂര്‍വരോഗമാണ് അമ്പിളിയെ പിടികൂടിയത്. ഹ്യദയവും ഇരു ശ്വാസകോശങ്ങളും മാറ്റിവയ്ക്കുകയായിരുന്നു അമ്പിളിയുടെ ജീവന്‍ നിലനിര്‍ത്താനുള്ള ഏകമാര്‍ഗം.

മകളെ ചികിത്സിക്കാന്‍ നാട്ടിലെ വീടും സ്ഥലവും വില്‍ക്കേണ്ടി വന്ന ബഷീറിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, നടി മഞ്ജുവാര്യര്‍ എന്നിവര്‍ അടക്കം നിരവധി പേര്‍ നിരവധി പേര്‍ സഹായം നല്‍കിയിരുന്നു. ഫാത്തിമ വാര്‍ത്തകളില്‍ നിറഞ്ഞതോടെ മനുഷ്യസ്‌നേഹികളായ നിരവധിപേര്‍ ഫാത്തിമയുടെ ചികിത്സയ്ക്ക് സഹായവുമായി രംഗത്ത് ഫാത്തിമയുടെ ചികിത്സയ്ക്ക് സഹായവുമായി രംഗത്ത് വന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here