സുഹൃത്തിന് ഐക്യദാര്‍ഢ്യവുമായി കന്‍ഹയ്യ പട്ടാമ്പിയിലെത്തും

Posted on: April 25, 2016 12:26 pm | Last updated: April 25, 2016 at 12:30 pm
SHARE

muhammed muhsin kanhayyaന്യൂഡല്‍ഹി: ആത്മസുഹൃത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിക്കാന്‍ ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി (ജെ എന്‍ യു) വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കന്‍ഹയ്യ കുമാര്‍ കേരളത്തിലെത്തുന്നു. പട്ടാമ്പി മണ്ഡലത്തില്‍ സി പി ഐ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മുഹമ്മദ് മുഹ്‌സിന് പിന്തുണ നല്‍കാനാണ് കന്‍ഹയ്യ കേരളത്തിലേക്ക് വരുന്നത്. ജെ എന്‍ യു വിദ്യാര്‍ഥി യൂനിയന്‍ വൈസ് പ്രസിഡന്റും യൂനിവേഴ്‌സിറ്റിയിലെ സാമൂഹിക ശാസ്ത്ര വിഭാഗത്തിലെ വിദ്യാര്‍ഥിയുമായ മുഹ്‌സിന്‍ കന്‍ഹയ്യയുടെ ഉറ്റ സുഹൃത്താണ്. വിദ്യാര്‍ഥി പ്രക്ഷോഭത്തിലൂടെ ശ്രദ്ധേയനായ കന്‍ഹയ്യയെ പശ്ചിമ ബംഗാളിലും കേരളത്തിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പാര്‍ട്ടി നേതൃത്വം ക്ഷണിച്ചിരുന്നെങ്കിലും മുഖ്യധാര രാഷ്ട്രീയത്തിലേക്ക് ഇപ്പോള്‍ ഇറങ്ങുന്നില്ലെന്ന് പറഞ്ഞ് അദ്ദേഹം ക്ഷണം നിരസരിച്ചിരുന്നു.

രാജ്യദ്രോഹ കുറ്റം ചുമത്തി കന്‍ഹയ്യയെ ഫെബ്രുവരിയില്‍ അറസ്റ്റ് ചെയ്തപ്പോള്‍ യൂനിയനെ നിയന്ത്രിച്ചത് മുഹ്‌സിനായിരുന്നു. കന്‍ഹയ്യയുടെ ജയില്‍ മോചനത്തിനായി നടന്ന പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നതും മുഹ്‌സിനായിരുന്നു.
മുഖ്യധാര രാഷ്ട്രീയത്തിലേക്ക് ഇപ്പോള്‍ ഇറങ്ങാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും എന്നാല്‍ മുഹ്‌സിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വരാതിരിക്കാന്‍ തനിക്ക് സാധിക്കില്ലെന്നും കന്‍ഹയ്യ വ്യക്തമാക്കി. അടുത്ത മാസം രണ്ടാം വാരത്തിലാകും കന്‍ഹയ്യ പട്ടാമ്പിയിലെത്തുക.
യുവാക്കള്‍ക്കിടയില്‍ ആവേശമായി മാറിയ കന്‍ഹയ്യയുടെ വരവ് മുഹ്‌സിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഏറെ ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി നേതൃത്വം വിശ്വസിക്കുന്നത്. സി പി എമ്മിന്റെ വിദ്യാര്‍ഥി, യുവജന വിഭാഗങ്ങളെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കൂടുതല്‍ സജീവമാക്കാനും കന്‍ഹയ്യക്ക് സാധിക്കുമെന്നും കണക്കുകൂട്ടുന്നു. സിറ്റിംഗ് എം എല്‍ എ. സി പി മുഹമ്മദിനെനെയാണ് മുഹ്‌സിന്‍ പട്ടാമ്പിയില്‍ നേരിടുന്നത്.