വരള്‍ച്ച: കോച്ചുകള്‍ വൃത്തിയാക്കാന്‍ റെയില്‍വേ ഓട്ടോമാറ്റിക് ശുദ്ധീകരണ പ്ലാന്റ് തുടങ്ങുന്നു

Posted on: April 25, 2016 12:00 pm | Last updated: April 25, 2016 at 12:00 pm
SHARE

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വരള്‍ച്ച രൂക്ഷമായിക്കൊണ്ടിരിക്കെ വെള്ളം ലാഭിക്കാനായി റെയില്‍വെ അധികൃതര്‍ ഓട്ടോമാറ്റിക് കോച്ച് ശുദ്ധീകരണ പ്ലാന്റ് തുടങ്ങുന്നു. രാജ്യത്തെ പ്രധാനപ്പെട്ട 10 ഡിപ്പോകളിലാണ് റെയില്‍വെ കോച്ചുകള്‍ വൃത്തിയാക്കാന്‍ ഓട്ടോമാറ്റിക് പ്ലാന്റ് തുടങ്ങുന്നത്. ട്രെയിനുകളും പ്ലാറ്റ്‌ഫോമുകളും വൃത്തിയാക്കാന്‍ പ്ലാന്റുകളില്‍ റിസൈക്കിള്‍ ചെയ്ത വെള്ളമാണ് ഉപയോഗിക്കുക. ഈ വെള്ളം വീണ്ടും ശുദ്ധീകരിച്ച് ഉപയോഗിക്കും. റെയിവെയുടെ 23 ഡിപ്പോകളിലും ആധുനിക വാഷിംഗ് പ്ലാന്‍ുകള്‍ സ്ഥാപിക്കും.

എന്നാല്‍ റീസൈക്കിള്‍ ചെയ്ത വെള്ളം ഉപയോഗിച്ച് ട്രെയിന്‍ വൃത്തിയാക്കുന്ന സംവിധാനം പത്ത് ഡിപ്പോകളിലാണ് ഇപ്പോള്‍ സ്ഥാപിക്കുക. ഇതിന് 20 കോടി രൂപ ചെലവ് വരുമെന്ന് റെയില്‍വേ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. കോച്ചുകളും പ്ലാറ്റ്‌ഫോമുകളും വൃത്തിയാക്കാന്‍ റെയില്‍വെ ധാരാളം വെള്ളം ഉപയോഗിക്കുന്നുവെന്ന ആക്ഷേപത്തിന്റെ പശ്ചാത്തലത്തില്‍ വെള്ളത്തിന്റെ ഉപയോഗം കുറക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശം നല്‍കിയിരുന്നു.
22 മുതല്‍ 24 കോച്ചുകളുള്ള ഒരു ട്രെയിന്‍ വൃത്തിയാക്കാന്‍ 12000 മുതല്‍ 14000 ലിറ്റര്‍ വെള്ളമാണ് നിലവില്‍ ഉപയോഗിക്കുന്നത്.

എന്നാല്‍ ഓട്ടോമാറ്റിക് വാഷിംഗ് പ്ലാന്‍ുകള്‍ വഴി കോച്ചുകള്‍ വൃത്തിയാക്കുമ്പോള്‍ നാലായിരം മുതല്‍ ആറായിരം ലിറ്റര്‍ വെള്ളമാണ് ഉപയോഗിക്കേണ്ടി വരിക. ഈ വെള്ളം വീണ്ടും റീസൈക്കിള്‍ ചെയ്ത് ഉപയോഗിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. ഒരു ഡിപ്പോയില്‍ ഒരു ദിവസം 124000 ലിറ്റര്‍ ജലവും ഒരു വര്‍ഷം 452 ലക്ഷം ലിറ്റര്‍ വെള്ളം മിച്ചംവെക്കാന്‍ കഴിയും. പത്ത് ഡിപ്പോകളിലായി 450 ലക്ഷം ലിറ്റര്‍ ഒരു വര്‍ഷം ഇതുവഴി മിച്ചം വെക്കാന്‍ കഴിയും.