Connect with us

International

രണ്ടര മാസത്തെ ഇസ്‌റാഈല്‍ ജയില്‍ ശിക്ഷ തീര്‍ന്നു; ഫലസ്തീന്‍ പെണ്‍കുട്ടിക്ക് വികാരനിര്‍ഭര സ്വീകരണം

Published

|

Last Updated

വെസ്റ്റ്ബാങ്ക്: രണ്ടര മാസത്തോളം ഇസ്‌റാഈല്‍ സൈന്യത്തിന്റെ തടവറയില്‍ കഴിഞ്ഞ 12കാരിയായ ഫലസ്തീന്‍ ബാലികയെ ഇസ്‌റാഈല്‍ മോചിപ്പിച്ചു. ഇസ്‌റാഈല്‍ തടവറയില്‍ കഴിഞ്ഞ ഏറ്റവും പ്രായം കുറഞ്ഞ ഫലസ്തീന്‍ പെണ്‍കുട്ടിയായിരുന്നു ഇവള്‍. വെസ്റ്റ്ബാങ്കിലെ ജബര ചെക്‌പോയിന്റില്‍ പെണ്‍കുട്ടിയെയും കാത്ത് കുടുംബാംഗങ്ങളും മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും ഉണ്ടായിരുന്നു. കുടുംബാംഗങ്ങള്‍ പെണ്‍കുട്ടിയെ വാരിപ്പുണര്‍ന്നു കണ്ണീര്‍ വാര്‍ത്തു. വലിയ മാധ്യമപ്പട തന്നെ ഈ ദൃശ്യങ്ങള്‍ ഒപ്പിയെടുക്കാന്‍ ചെക്‌പോയിന്റില്‍ സന്നിഹിതരായിരുന്നു.

ഇസ്‌റാഈലുകാരുടെ നിയവിരുദ്ധ കുടിയേറ്റ കേന്ദ്രം കര്‍മേ സൂറില്‍ വെച്ച് കഴിഞ്ഞ ഫെബ്രുവരി ഒമ്പതിനാണ് ഇവരെ ഇസ്‌റാഈല്‍ സൈന്യം പിടികൂടിയത്. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയെ തടവില്‍ വെച്ചതിനെതിരെ പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കിയിരുന്നു. അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിച്ചും ഇസ്‌റാഈല്‍ നിയമം അനുസരിച്ചും ഇത് നിയമവിരുദ്ധമായ നടപടിയാണ്. 14 വയസ്സിന് താഴെയുള്ളവരെ ജയിലിലടക്കരുതെന്ന് ഇസ്‌റാഈല്‍ നിയമം പറയുന്നുണ്ടെങ്കിലും പെണ്‍കുട്ടിയുടെ വിഷയത്തില്‍ അതെല്ലാം ലംഘിക്കപ്പെട്ടു.

25 വര്‍ഷമായി ഇസ്‌റാഈലില്‍ ജോലി ചെയ്യുകയായിരുന്നു പെണ്‍കുട്ടിയുടെ പിതാവ് ഇസ്മാഈല്‍ അല്‍വാവി. എന്നാല്‍ പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്ത ദിവസം ഇദ്ദേഹത്തിന് ഇസ്‌റാഈലിലേക്കുള്ള പ്രവേശനാനുമതി റദ്ദാക്കുകയും ചെയ്തു. പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്ത് ഒരു മാസത്തിന് ശേഷമാണ് മാതാവിനെ കാണാന്‍ അനുമതി നല്‍കുന്നത്. പിന്നീട് മനുഷ്യാവകാശ സംഘടനകളുടെയും മറ്റും ഇടപെടലിലൂടെയാണ് ഒടുവില്‍ പെണ്‍കുട്ടിയുടെ മോചനം സാധ്യമായിരിക്കുന്നത്.
നിലവില്‍ 7,000ത്തിലധികം ഫലസ്തീനികളാണ് ഇസ്‌റാഈല്‍ ജയിലുകളില്‍ കഴിയുന്നത്. ഇവരില്‍ 70 പേര്‍ സ്ത്രീകളാണ്. 700ഓളം പേര്‍ രോഗികളാണ്. ഇവരല്‍ 30 പേരെ 20 വര്‍ഷത്തേക്ക് വരെ ജയില്‍ ശിക്ഷക്ക് വിധിക്കപ്പെട്ടവരുമാണെന്ന് ഫലസ്തീന്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.