തിരഞ്ഞെടുപ്പില്‍ നീതിയും യുക്തിയും നോക്കി വോട്ട് ചെയ്യണം: കാന്തപുരം

Posted on: April 25, 2016 8:36 am | Last updated: April 25, 2016 at 3:47 pm
SHARE

KANTHAPURAMകോഴിക്കോട്: തിരഞ്ഞെടുപ്പില്‍ ന്യായത്തിനും യുക്തിക്കുമാണ് സുന്നി പ്രസ്ഥാനം മുന്‍ഗണന നല്‍കിയിട്ടുള്ളതെന്നും ഏതെങ്കിലും പ്രത്യേക കക്ഷിയെ സഹായിക്കണമെന്ന തരത്തില്‍ പ്രസ്താവന ഇറക്കാറില്ലെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ വ്യക്തമാക്കി. കോഴിക്കോട് കാലിക്കറ്റ് ടവര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മര്‍കസ് അലൂംനി മീറ്റ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സത്യത്തിനെതിരെ ആര് പ്രവര്‍ത്തിച്ചാലും ചോദ്യം ചെയ്യും. വഖ്ഫ് ബോര്‍ഡ് ചില വ്യക്തികള്‍ കുത്തകയാക്കി മാറ്റിയപ്പോഴാണ് ചോദ്യം ചെയ്യേണ്ടി വന്നത്. വഖ്ഫ് ബോര്‍ഡില്‍ നിന്ന് നീതി ലഭിക്കാത്തത് സംബന്ധിച്ച് മാസങ്ങളായി പരാതി പറഞ്ഞു. എന്നാല്‍, ആരും ചെവി കൊണ്ടില്ല. ഇതേ തുടര്‍ന്നാണ് പ്രക്ഷോഭവുമായി രംഗത്തിറങ്ങേണ്ടി വന്നത്. അല്ലാതെ, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോഴുണ്ടായ വിഷയമല്ലിത്. ഒന്നര വര്‍ഷമായി പരാതി പറയുകയാണ്.
തിരഞ്ഞെടുപ്പില്‍ പുതുതായി പ്രത്യേക കക്ഷികളെ തിരഞ്ഞെടുക്കണമെന്ന് പ്രഖ്യാപിച്ചിട്ടില്ല. ന്യായവും യുക്തിയും നാടിന്റെ നന്മയും നോക്കി വോട്ട് ചെയ്യണം. സുന്നത്ത് ജമാഅത്തിനും സംഘടനക്കും ഗുണം ലഭിക്കുന്ന നിലപാട് സ്വീകരിക്കുന്നവര്‍ക്ക് വോട്ട് ചെയ്യും. എന്നാല്‍, ചില സ്ഥലത്ത് വ്യക്തമായ നിലപാട് സ്വികരിക്കേണ്ടി വന്നിട്ടുണ്ട്.
മണ്ണാര്‍ക്കാട് രണ്ട് സുന്നി പ്രവര്‍ത്തകരെ കൊല ചെയ്യപ്പെട്ട സംഭവത്തില്‍ പ്രതികളെ സഹായിച്ചത് ആ മണ്ഡലത്തിലെ എം എല്‍ എ യാണ്. സംഭവത്തില്‍ അറസ്റ്റിലായ പ്രതികളെ പിന്നെ ജാമ്യത്തില്‍ വിട്ടു. ഇപ്പോള്‍ കൊലയാളികള്‍ നാട്ടില്‍ വിലസി നടക്കുകയാണ്. എം എല്‍ എയാണ് കൊലപാതകികളെ സഹായിച്ചത്. അത് കൊണ്ട് അദ്ദേഹത്തെ ജയിപ്പിക്കാന്‍ പാടില്ലെന്ന തീരുമാനം സംഘടനയെടുത്തിട്ടുണ്ട്. ഇതേ തരത്തിലുള്ള നിലപാട് സ്വീകരിക്കുന്ന പലരുമുണ്ട് അവരെയും സഹായിക്കില്ല. എന്നാല്‍, തങ്ങള്‍ രാഷ്ട്രീയക്കാരായി മാറില്ലെന്നും കാന്തപുരം പറഞ്ഞു. സുന്നി പ്രസ്ഥാനം രാഷ്ട്രീയ വിമുക്തമായി തന്നെ നില്‍ക്കുമെന്നും കാന്തപുരം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here