ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംപാദം ഇന്ന് തുടങ്ങും; പാര്‍ലിമെന്റ് പ്രക്ഷുബ്ധമാകും

Posted on: April 25, 2016 10:10 am | Last updated: April 25, 2016 at 11:17 am
SHARE

parliamentന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണമടക്കം നിരവധി വിഷയങ്ങളില്‍ ഭരണ- പ്രതിപക്ഷ ഏറ്റമുട്ടല്‍ ഉറപ്പായ സാഹചര്യത്തില്‍ പാര്‍ലിമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പാദം ഇന്ന് തുടങ്ങും. ലോക്‌സഭയില്‍ 13 ബില്ലുകളും രാജ്യസഭയില്‍ 11 ബില്ലുകളും പാസ്സാക്കാനായി സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നുണ്ട്. ജി എസ് ടി പോലുള്ള തര്‍ക്ക ബില്ലുകള്‍ സമ്മേളനത്തിന്റെ ആദ്യ ദിവസങ്ങളില്‍ പരിഗണിക്കാനെടുക്കേണ്ടെന്നാണ് പാര്‍ലിമെന്ററികാര്യ മന്ത്രാലയത്തിന്റെ തീരുമാനം. അടുത്ത മാസം 13 വരെയാണ് സമ്മേളനം നീണ്ടു നില്‍ക്കുക.

രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം തകര്‍ക്കാനായി നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങളായാണ് ഉത്തരാഖണ്ഡിലെയും അരുണാചല്‍ പ്രദേശിലെയും സംസ്ഥാന സര്‍ക്കാറുകളുടെ അസ്ഥിരതയെ പ്രതിപക്ഷം വിലയിരുത്തുന്നത്. ജനാധിപത്യം കശാപ്പു ചെയ്യുന്ന ഇത്തരം നടപടികള്‍ക്കെതിരെ കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും ജനതാദള്‍ യുവും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ച് നിലകൊള്ളും. ഈ നീക്കം പാര്‍ലിമെന്റ് സമ്മേളനത്തെ പ്രക്ഷുബ്ധമാക്കുമെന്നുറപ്പാണ്. കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ സംസ്ഥാന നിയമസഭകള്‍ മരവിപ്പിച്ച് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ ഘട്ടങ്ങള്‍ അക്കമിട്ട് നിരത്തിയാകും ഭരണപക്ഷം ഈ ആക്രമണത്തെ പ്രതിരോധിക്കുക.
1951 മുതല്‍ 111 തവണയാണ് രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതെന്ന് ബി ജെ പി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇതില്‍ 91ഉം ബി ജെ പി അധികാരത്തില്‍ ഇല്ലാത്തപ്പോഴാണെന്നും ഇവര്‍ വാദിക്കുന്നു. സമ്മേളനം സുഗമമായി നടത്താന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സഹകരണം തേടി ഇന്നലെ ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ സര്‍വകക്ഷി യോഗം വിളിച്ചിരുന്നു. അതിനിടെ, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി മുതിര്‍ന്ന നേതാക്കളുമായി പാര്‍ലിമെന്റ് സമ്മേളനത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്തു. ഉത്തരാഖണ്ഡ് വിഷയത്തില്‍ ഒന്നാം ദിവസം തന്നെ ചോദ്യോത്തര വേള നിര്‍ത്തിവെച്ച് ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. സമ്മേളനത്തിന്റെ ആദ്യ ആഴ്ചയില്‍ തന്നെ വരള്‍ച്ചാ സാഹചര്യം പ്രത്യേകമായി ചര്‍ച്ചക്കെടുക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. പഠാന്‍കോട് ആക്രമണവുമായി ബന്ധപ്പെട്ട് പാക് സംഘത്തിന്റെ വരവടക്കമുള്ള വിഷയങ്ങള്‍ ചൂടേറിയ ചര്‍ച്ചയാകും. ഇശ്‌റത്ത് ജഹാന്‍ കേസും ചര്‍ച്ചയില്‍ വരും. ഉത്തരഖണ്ഡ് വിഷയത്തിനു പുറമെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുപ്പമുള്ള വ്യവസായി ഗൗതം അദാനിയുടെ സഹോദരന്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുള്ള കള്ളപ്പണ നിക്ഷേപം സംബന്ധിച്ച പാനമ രേഖകള്‍, മദ്യവ്യവസായും രാജ്യസഭാ അംഗവുമായ വിജയ് മല്യയുടെ ഒളിച്ചോട്ടം, വിവിധ സംസ്ഥാനങ്ങളിലെ കൊടും വരള്‍ച്ച എന്നീ വിഷയങ്ങള്‍ പ്രതിപക്ഷം ഉന്നയിക്കും.
അതേസമയം തന്നെ കഴിഞ്ഞ സമ്മേളനത്തില്‍ നീട്ടിവെച്ച് ധാരാളം ബില്ലുകള്‍ പാസ്സാക്കിയെടുക്കാനുണ്ട്. മുമ്പു തീരുമാനിക്കപ്പെട്ടതില്‍ റിയല്‍ എസ്റ്റേറ്റ് ബില്‍ മാത്രമാണ് കഴിഞ്ഞസഭ പാസാക്കിയത്. ജിഎസ്ടി ബില്ലിനെ കോണ്‍ഗ്രസ് ഉപാധികളോടെ പിന്തുണയ്ക്കുന്നതിന് ധാരണയായിട്ടുണ്ട്, എന്നാല്‍ സര്‍ക്കാര്‍ ഉപാധികള്‍ക്ക് വയങ്ങുമൊയെന്ന് നിശ്ചയമില്ല. രാജ്യസഭയില്‍ കോണ്‍ഗ്രസ് എതിര്‍ത്തില്ലെങ്കില്‍ ബില്‍ പാസാകും.

LEAVE A REPLY

Please enter your comment!
Please enter your name here