Connect with us

Articles

ഇവിടെ രാജ്യസ്‌നേഹികളെ നിര്‍മിച്ചുകൊടുക്കപ്പെടും

Published

|

Last Updated

ചരിത്രത്തെയും വിദ്യാഭ്യാസത്തെയുമൊക്കെ കാവിവത്കരിക്കാനുള്ള നടപടികള്‍ വിഘ്‌നം കൂടാതെ തുടരുന്നുണ്ട് നരേന്ദ്ര മോദി സര്‍ക്കാര്‍. ഹിന്ദുത്വ അജന്‍ഡകളുമായി ഒരു തരത്തിലുള്ള ബന്ധം നിലനിര്‍ത്താതിരുന്ന ചരിത്രപുരുഷന്‍മാര്‍ തങ്ങളുടെ ചേരിയിലാണെന്നും അവരുടെ ആശയങ്ങളെ തങ്ങള്‍ കൂടി പിന്തുടരുന്നുണ്ടെന്നും വരുത്തിത്തീര്‍ക്കാനും ശ്രമം നടക്കുന്നു. ഹിന്ദുത്വ അജന്‍ഡകളെ, അതിനോട് ആഭിമുഖ്യം പുലര്‍ത്താതിരിക്കുന്ന ജനവിഭാഗങ്ങളില്‍ക്കൂടി എത്തിക്കുക എന്ന ഉദ്ദേശ്യത്തിലാണ് ഇത്തരം നീക്കങ്ങള്‍. എ ബി വാജ്പയി പ്രധാനമന്ത്രിയായി 1998 മുതല്‍ 2004 വരെ അധികാരത്തിലിരുന്ന എന്‍ ഡി എ സര്‍ക്കാറുകളുടെ കാലത്തും കാവിവത്കരണ ശ്രമങ്ങള്‍ നടന്നിരുന്നു. ബി ജെ പിക്ക് ലോക്‌സഭയില്‍ ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കുകയും നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനത്ത് എത്തുകയും ചെയ്തതോടെ അവക്ക് വേഗം കൂടി. നിയമപ്രകാരം സ്ഥാപിതമായ ഇതര സംവിധാനങ്ങളെക്കൂടി സംഘ്പരിവാറിന്റെ ചൊല്‍പ്പടിയില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്കും ആക്കം കൂടിയിരിക്കുന്നു.
സ്വതന്ത്ര അന്വേഷണ ഏജന്‍സിയെന്ന് കരുതപ്പെടുന്ന (കൂട്ടിലെ തത്തയെന്ന് കോടതി തന്നെ വിശേഷിപ്പിച്ചിട്ടുണ്ടെങ്കിലും) സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (സി ബി ഐ) പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കാനും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനും രാഷ്ട്രീയ സ്വയം സേവക് സംഘിലെ ഒരു നേതാവിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് അഭ്യൂഹം. ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല, അങ്ങനെയൊരാളെ ചുമതപ്പെടുത്തിയെന്ന് സര്‍ക്കാറോ ആര്‍ എസ് എസോ പറയില്ലെന്നതു കൊണ്ടുതന്നെ സ്ഥിരീകരിക്കാന്‍ സാധ്യവുമല്ല. ആര്‍ എസ് എസ്സിലെ ഒരു നേതാവ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച്, വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നുവെന്ന് സി ബി ഐയും പറയാനിടയില്ല. എന്നാല്‍ സംഗതി വെറും അഭ്യൂഹമല്ലെന്ന് സ്ഥിരീകരിക്കും വിധത്തിലാണ് സി ബി ഐക്കും മേലെ രൂപവത്കരിക്കപ്പെട്ട നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ ഐ എ) യുടെ ഇപ്പോഴത്തെ പ്രവര്‍ത്തനം. പ്രതിരോധവകുപ്പിന്റേതും ഭിന്നമല്ല.
ഒന്നും രണ്ടും മലേഗാവ് സ്‌ഫോടനങ്ങള്‍, സംഝോത എക്‌സ്പ്രസ്സിനു നേര്‍ക്കുണ്ടായ ആക്രമണം, അജ്മീര്‍ ദര്‍ഗയിലും ഹൈദരാബാദിലെ മക്ക മസ്ജിദിലുമുണ്ടായ സ്‌ഫോടനങ്ങള്‍ എന്നിവക്കൊക്കെ പിറകില്‍ ഹിന്ദുത്വ ഭീകരവാദ ശൃംഖലകളാണെന്ന് സ്വാമി അസിമാനന്ദിന്റെ കുറ്റസമ്മതമൊഴിയില്‍ പറഞ്ഞിരുന്നു. കുറ്റസമ്മതമൊഴി രേഖപ്പെടുത്തുന്നതിന് മുമ്പ് ആലോചിക്കാനുള്ള സമയം മജിസ്‌ട്രേറ്റ് അസിമാനന്ദിന് നല്‍കിയിരുന്നു. ബാഹ്യസമ്മര്‍ദങ്ങള്‍ക്ക് വിധേയനായല്ല മൊഴി നല്‍കുന്നത് എന്ന് അസിമാനന്ദ് മജിസ്‌ട്രേറ്റ് മുമ്പാകെ അറിയിച്ചിട്ടുമുണ്ട്. ഈ ആക്രമണങ്ങളൊക്കെ ആര്‍ എസ് എസ്സിന്റെ ഉയര്‍ന്ന നേതാക്കളുടെ അറിവോടെ നടത്തിയതാണെന്നും ഗൂഢാലോചനയില്‍ സംഘ് നേതാവ് ഇന്ദ്രേഷ് കുമാര്‍ പങ്കാളിയായെന്നും അസിമാനന്ദ് പറഞ്ഞിരുന്നു. ഇതില്‍ 67 പേരുടെ ജീവനെടുത്ത (ഇതില്‍ ഭൂരിഭാഗവും പാക്കിസ്ഥാന്‍ സ്വദേശികളാണ്) സംഝോത എക്‌സ്പ്രസിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ വിചാരണ പുരോഗമിക്കുകയാണ്. എന്‍ ഐ എ തന്നെ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് വിചാരണ.
മലേഗാവ് സ്‌ഫോടനത്തിന് പിന്നില്‍ കേണല്‍ ശ്രീകാന്ത് പുരോഹിതും അഭിനവ് ഭാരത് എന്ന സംഘടനയുടെ നേതാവ് കുടിയായ പ്രജ്ഞാ സിംഗുമൊക്കെയാണെന്ന് കണ്ടെത്തിയത് ഹേമന്ദ് കര്‍ക്കറെ തലവനായിരിക്കെ മഹാരാഷ്ട്ര പോലീസിലെ ഭീകരവിരുദ്ധ വിഭാഗമാണ്. അന്ന് അധികാരത്തിലിരുന്ന യു പി എ സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരം അന്വേഷണം ഏറ്റെടുത്ത എന്‍ ഐ എ, കേസില്‍ ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റപത്രം വൈകാതെ സമര്‍പ്പിക്കുമെന്നുമാണ് വിശദീകരണം. മലേഗാവ് സ്‌ഫോടനക്കേസില്‍ ആദ്യം അറസ്റ്റിലായ ന്യൂനപക്ഷവിഭാഗക്കാരായ ചെറുപ്പക്കാര്‍ക്ക്, അസിമാനന്ദയുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലും ഹേമന്ദ് കര്‍ക്കറെയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിച്ച് കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലും കോടതി പിന്നീട് ജാമ്യം നല്‍കി. എന്നാല്‍ ഇവരെ കുറ്റവിമുക്തരാക്കപ്പെട്ടിട്ടില്ല. കുറ്റവിമുക്തരാക്കുന്നതിനെ എതിര്‍ക്കുന്നില്ലെന്ന് എന്‍ ഐ എ പറയുന്നുണ്ടെങ്കിലും ഇതുവരെ അതിന്റെ നടപടിക്രമങ്ങളിലേക്ക് അവര്‍ കടന്നിട്ടില്ല.
ഈ പിന്‍വവരങ്ങളുടെ അടിസ്ഥാനത്തില്‍ വേണം നരേന്ദ്ര മോദിയാലും അമിത് ഷായാലും ഭരിക്കപ്പെടുന്ന (ആര്‍ എസ് എസ്സിന്റെ ഏതെങ്കിലും നേതാവിന് ഇതിന്റെ ചുമതലയുണ്ടോ എന്ന് അറിയില്ല) എന്‍ ഐ എ ഇപ്പോള്‍ നടത്തുന്ന മറ്റു ശ്രമങ്ങളെ കാണാന്‍. സംഝോത എക്പ്രസിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ ലശ്കറെ ത്വയ്യിബയുടെ നേതാവായ ആരിഫ് ഖസ്മനിയുടെ പങ്ക് എന്ത് എന്ന് യൂണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയോട് ചോദിച്ച് കാത്തിരിക്കുകയാണ് എന്‍ ഐ എ. 2006ല്‍ മുംബൈയില്‍ ട്രെയിനുകളിലുണ്ടായ സ്‌ഫോടന പരമ്പരയിലും സംഝോത എക്‌സ്പ്രസ് ആക്രമണത്തിലും ഖസ്മനിക്ക് പങ്കുണ്ടെന്ന് 2009ല്‍ അമേരിക്കന്‍ ഏജന്‍സികള്‍ അറിയിച്ചിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ തേടുന്നത്.
അസിമാനന്ദയുടെ കുറ്റസമ്മതമൊഴിയും അതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ കുറ്റപത്രവും അതിന്‍മേല്‍ നടക്കുന്ന വിചാരണയുമൊക്കെ ഓര്‍മയിലിരിക്കെ തന്നെയാണ് ഖസ്മനിയുടെ പങ്കിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എന്‍ ഐ എ തേടുന്നത് എന്ന് അതിന്റെ ഡയറക്ടര്‍ ജനറല്‍ ശരദ് കൂമാര്‍ പറയുന്നു. സര്‍വീസില്‍ നിന്ന് വിരമിച്ച ശരദ് കുമാറിന് രണ്ട് വര്‍ഷത്തേക്ക് കാലാവധി നീട്ടി നല്‍കിയിട്ടുണ്ട് നരേന്ദ്ര മോദി സര്‍ക്കാര്‍. എന്‍ ഐ എയുടെ തലപ്പത്തേക്ക് നിയമിക്കാന്‍ പാകത്തിലുള്ളവര്‍ കുറ്റിയറ്റുപോയതുകൊണ്ടാണ് കാലാവധി നീട്ടിനില്‍കിയത് എന്ന് കരുതുക വയ്യ. അപ്പോള്‍ പിന്നെ ചില കാര്യങ്ങള്‍ നടപ്പാക്കിയെടുക്കുക എന്നതാകണം ലക്ഷ്യം. അതിന് ശ്രമിച്ചിവരികയാണ് ശരദ് കുമാര്‍. അസിമാനന്ദയുടെ കുറ്റസമ്മതമൊഴിയേക്കാള്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ ഏജന്‍സികള്‍ മുമ്പെന്നോ നല്‍കിയ വിവരം അദ്ദേഹത്തിന് ഇപ്പോഴും പ്രധാനമാകുന്നത് അതുകൊണ്ടാണ്. ഖസ്മനിയുടെ പങ്ക് സംശയിക്കേണ്ടതുണ്ടെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ആവര്‍ത്തിച്ചാല്‍, അതേക്കുറിച്ച് കൂടി അന്വേഷിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി വിചാരണ നിര്‍ത്തിവെക്കണമെന്ന് എന്‍ ഐ എ ആവശ്യപ്പെട്ടേക്കാം, അത്ഭുതപ്പെടേണ്ട.
സമാനവും കുറേക്കൂടി ഗൗരവം അര്‍ഹിക്കുന്നതുമാണ് പ്രതിരോധ മന്ത്രാലയത്തില്‍ അരങ്ങേറുന്ന അത്ഭുതങ്ങള്‍. മലേഗാവ് സ്‌ഫോടനങ്ങളില്‍ ആരോപണവിധേയനും ഹിന്ദുത്വ ഭീകരവാദ ശൃംഖലയിലെ മുഖ്യകണ്ണിയെന്ന് കരുതുന്നയാളുമായ കേണല്‍ ശ്രീകാന്ത് പുരോഹിതിന്, സൈന്യത്തില്‍ നിന്ന് വേണ്ട രേഖകളൊക്കെ നല്‍കാന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ ഉത്തരവിട്ടിരിക്കുന്നു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതും മറ്റ് ഉദ്യോഗസ്ഥരെ ബാധിക്കുന്നതുമായ വിവരങ്ങളുണ്ടെങ്കില്‍ അവ ഒഴിവാക്കി ഫയലുകള്‍ നല്‍കാനാണ് പ്രതിരോധ മന്ത്രിയുടെ നിര്‍ദേശം. താന്‍ നിരപരാധിയാണെന്ന് അവകാശപ്പെട്ടും രാജ്യത്തെ നിസ്വാര്‍ഥമായി സേവിച്ച തന്നെ കേസില്‍ക്കുടുക്കി ഉപദ്രവിക്കുകയാണെന്ന് കുറ്റപ്പെടുത്തിയും സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടും കേണല്‍ പുരോഹിത് അടുത്തിടെ പ്രതിരോധ മന്ത്രിക്ക് കത്തയച്ചിരുന്നു. സംഝോത എക്‌സ്പ്രസ് ആക്രമണത്തില്‍ ലശ്കര്‍ നേതാവിന്റെ പങ്കിനെക്കുറിച്ചുള്ള വിവരങ്ങള്‍ എന്‍ ഐ എ മേധാവി തേടിയതിന്റെ പിറകെ. കത്ത് കിട്ടിയയുടന്‍, കേണല്‍ ആവശ്യപ്പെട്ട രേഖകള്‍ അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഉതകുന്നതെങ്കില്‍ ഉടന്‍ കൈമാറാന്‍ പരീക്കര്‍ ഉത്തരവിടുകയായിരുന്നു.
വിചാരണക്കിടെ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഇത്തരം രേഖകള്‍ വിളിച്ചുവരുത്തണമെന്ന് കോടതിയോട് കേണല്‍ പുരോഹിതിന് ആവശ്യപ്പെടാം. രാജ്യത്തെ ഒരു നീതിന്യായ സംവിധാനവും ഈ ആവശ്യം നിരാകരിക്കില്ല. സംഝോതയില്‍ വിചാരണ നടക്കുകയാണ്, അതില്‍ കേണല്‍ പുരോഹിത് പ്രതിയല്ലെന്നാണ് എന്‍ ഐ എ പറയുന്നത്. ഇതില്‍ പുരോഹിതിന് പങ്കുണ്ടെന്ന് സംശയിക്കാന്‍ കാക്ക കാലിന്റെ തണലോളം പോന്ന തെളിവ് പോലും കിട്ടിയിട്ടില്ലെന്ന് കാലാവധി നീട്ടിക്കിട്ടിയ ശരദ് കുമാര്‍ ആവര്‍ത്തിക്കുന്നു. മലേഗാവിലാകട്ടെ കുറ്റപത്രം ഇനിയും സമര്‍പ്പിക്കാനിരിക്കുന്നതേയുള്ളൂ. പിന്നെ ഏത് കേസിലെ വിചാരണയില്‍ ഹാജരാക്കുന്നതിനാണ് പ്രതിരോധമന്ത്രാലയം തിരക്കിട്ട് കേണല്‍ പുരോഹിതിന് രേഖകള്‍ കൈമാറുന്നത്.
മലേഗാവ് മുതല്‍ മക്ക മസ്ജിദ് വരെ ഇടങ്ങളിലുണ്ടായ സ്‌ഫോടനങ്ങളെ പൊതുവില്‍ രാജ്യത്തിനു നേര്‍ക്കുള്ള യുദ്ധമായാണ് വിശേഷിപ്പിക്കാറ്. ആ വിശേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇവയിലടക്കം(പിന്നീട് ഒഴിവാക്കപ്പെട്ടു, ഇനിയും ചേര്‍ക്കപ്പെട്ടേക്കാം) പ്രതിചേര്‍ക്കപ്പെട്ട മുസ്‌ലിം ചെറുപ്പക്കാരെ, ടാഡ മുതല്‍ യു എ പി എ വരെയുള്ള നിയമങ്ങള്‍ ചുമത്തി ജാമ്യം പോലും നല്‍കാതെ ജയിലുകളില്‍ അടച്ചത്. അവരാരെങ്കിലും തങ്ങളുടെ നിപരാധിത്വം തെളിയിക്കാന്‍ ഏതെങ്കിലുമൊരു സര്‍ക്കാര്‍ ഓഫീസിലെ രേഖ ചോദിച്ചാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നല്‍കുമോ? ബന്ധുവിന്റെ മരണമുണ്ടായപ്പോള്‍ നാട്ടില്‍പ്പോകുന്നതിന് പരോള്‍ ആവശ്യപ്പെട്ടപ്പോള്‍ നാട്ടിലിറങ്ങിയാല്‍ ക്രമസമാധാനപ്രശ്‌നമുണ്ടാകുമെന്ന് റിപ്പോര്‍ട്ടെഴുതിയ ഭരണ സംവിധാനമുണ്ട് ഈ നാട്ടില്‍. കേണല്‍ ശ്രീകാന്ത് പുരോഹിതിന്റെ കാര്യത്തില്‍ മാത്രം പരീക്കര്‍ക്ക് എന്താണിത്ര തിടുക്കം? ആര്‍ എസ് എസ്സിന്റെ ഉയര്‍ന്ന തലങ്ങളിലേക്ക് നീളാന്‍ ഇടയുള്ള ഹിന്ദുത്വ ഭീകരവാദ ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇല്ലാതാക്കാനുള്ള നടപടികള്‍ ഇനിയും വൈകിക്കൂടെന്ന് സംഘപരിവാരം തീരുമാനിച്ചിട്ടുണ്ടാകണം.
മലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതികള്‍ക്ക് ആനുകൂല്യം ലഭിക്കും വിധത്തിലുള്ള സമീപനം കോടതിയില്‍ സ്വീകരിക്കണമെന്ന് എന്‍ ഐ എ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടതായി പബ്ലിക് പ്രോസിക്യൂട്ടര്‍ രോഹണി സല്യാന്‍ പറഞ്ഞത് ഒരു വര്‍ഷം മുമ്പാണ്. കേണല്‍ പുരോഹിതിനെയും പ്രജ്ഞാ സിംഗിനെയും ഹിന്ദുത്വ ഭീകരവാദ ശൃംഖലയിലെ കണ്ണികളെന്ന് ആരോപിക്കപ്പെടുന്ന മറ്റുള്ളവരെയും രക്ഷിച്ചെടുക്കാന്‍ പാകത്തില്‍ അയഞ്ഞുകൊടുക്കണമെന്നാണ് പ്രോസിക്യൂഷനോട് ശരദ് കുമാറിന്റെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. തൊലിപ്പുറമെയുള്ള ഇത്തരം ചികിത്സകള്‍ കേസുകളില്‍ ആരോപണവിധേയരായിരിക്കുന്നവരെ രക്ഷപ്പെടുത്താന്‍ സഹായിച്ചേക്കും. എന്നാല്‍ ശൃംഖലയുടെ കണ്ണികള്‍ സംഘപരിവാരത്തിന്റെ നേതൃതലത്തോളം നീണ്ടു കിടക്കുന്നുവെന്ന ആരോപണത്തെ ഇല്ലാതാക്കില്ല. അതില്ലാതാക്കണമെങ്കില്‍ സംഝോത ആക്രമണത്തിന്റെ ഉത്തരവാദിത്വത്തിലൊരു ലശ്കറെ ത്വയ്യിബക്കാരനുണ്ടാകണം, ഇപ്പോള്‍ കുറ്റാരോപിതരായിരിക്കുന്നവര്‍ തികഞ്ഞ “രാജ്യ സ്‌നേഹി”കളാണെന്ന് തെളിയിക്കപ്പെടണം. അതിനുള്ള ശ്രമങ്ങളാണ് എന്‍ ഐ എയും പ്രതിരോധ മന്ത്രാലയവുമൊക്കെ നടത്തുന്നത്. രാജ്യദ്രോഹികളെ സൃഷ്ടിക്കാന്‍ പ്രയാസമില്ലാത്ത ഭരണകൂടത്തിന് രാജ്യ സ്‌നേഹികളെ സൃഷ്ടിക്കാനും പ്രയാസമുണ്ടാകില്ല. ഗുജറാത്ത് പോലീസിലെ മാതൃക പിന്തുടര്‍ന്ന് കേണല്‍ ശ്രീകാന്ത് പുരോഹിത് സൈന്യത്തില്‍ തിരിച്ചെത്തുകയും നഷ്ടപ്പെട്ട സ്ഥാനക്കയറ്റങ്ങളൊക്കെ വാങ്ങിയെടുക്കുകയും ചെയ്യുന്ന കാലത്തിനായി കാത്തിരിക്കുക. സാക്ഷികളുടെ കൂറുമാറ്റം സംഘഗാനം പോലെയാകുകയും ചെയ്യുമ്പോള്‍ ആ കാലം അത്ര അകലെയല്ല.

 

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest