Connect with us

National

പ്രധാനമന്ത്രിക്കു മുന്നില്‍ വികാരാധീനനായി ചീഫ് ജസ്റ്റിസ്

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുന്നില്‍ വികാരാധീനനായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍. കേസുകള്‍ കുന്നുകൂടുന്ന സാഹചര്യത്തില്‍ ജസ്റ്റിസുമാരുടെ എണ്ണം 21,000 ത്തില്‍ നിന്നും 40,000 ആയി ഉയര്‍ത്തുന്ന കാര്യം പ്രധാനമന്ത്രി സന്നിഹിതനായ മീറ്റിങ്ങില്‍ അവതരിപ്പിക്കവേയാണ് ചീഫ് ജസ്റ്റിസ് വികാരാധീനനായത്. എല്ലാ ഭാരവും ജുഡീഷ്യറിയുടെ മുകളിലേക്കു കയറ്റിവയ്ക്കാന്‍ ശ്രമിക്കരുത്. കേസുകള്‍ കെട്ടിക്കിടക്കുന്നതിനു ജുഡീഷ്യറിയെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല.

ജഡ്ജിമാരുടെ ഒഴിവുകള്‍ അടിയന്തരമായി നികത്തണം. ജുഡീഷ്യല്‍ സംവിധാനം ഫലപ്രദമല്ലെങ്കില്‍ വിദേശ നിക്ഷേപം മേക് ഇന്‍ ഇന്ത്യ പദ്ധതികള്‍ പോലെ തന്നെ പ്രധാനപ്പെട്ടതാണ് ജഡ്ജിമാരുടെ എണ്ണം വര്‍ദ്ധിപ്പിക്കല്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ ഹൈക്കോടതി ജഡ്ജിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റു രാജ്യങ്ങളിലെ ജഡ്ജിമാരുടെ പ്രവര്‍ത്തനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവര്‍ക്കു മുകളിലായിരിക്കും നമ്മുടെ ജഡ്ജിമാര്‍. ആവശ്യത്തിനു ജഡ്ജിമാര്‍ ഇപ്പോഴും നമുക്കില്ല. ഇന്ത്യന്‍ ജഡ്ജിമാര്‍ 2600 കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ അമേരിക്കന്‍ ജഡ്ജിമാര്‍ വെറും 81 കേസുകളാണ് തീര്‍പ്പാക്കുന്നത്. നമ്മുടെ കീഴ്‌ക്കോടതികളിലെ ജഡ്ജിമാര്‍ രണ്ട് കോടി കേസുകളാണ് ദിവസവും കൈകാര്യം ചെയ്യുന്നതെന്നും ജഡ്ജിമാരുടെ ഒഴിവുനികത്തുന്നതില്‍ സര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്നും ഠാക്കൂര്‍ പറഞ്ഞു.

അതേസമയം, ഠാക്കൂര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് എത്രയും വേഗം പരിഹാരം ഉണ്ടാക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനല്‍കി. ആവശ്യത്തിലധികം നിയമങ്ങള്‍ നമുക്കുണ്ട്. ഇതില്‍ ആവശ്യമില്ലാത്തവയും ഉണ്ട്. ഇത്തരത്തിലുള്ളവ നീക്കം ചെയ്യണമെന്നും പ്രധാനമന്ത്രി ചടങ്ങില്‍ ആവശ്യപ്പെട്ടു.

Latest