മണലൂരില്‍ മനക്കോട്ട കെട്ടി ഇരുപക്ഷവും

Posted on: April 24, 2016 3:33 pm | Last updated: April 24, 2016 at 3:33 pm

തൃശൂര്‍ ജില്ലയിലെ ആകെയുള്ള 13 മണ്ഡലങ്ങളില്‍ ഏറ്റവും വിസ്തൃതിയുള്ള മണ്ഡലമാണ് മണലൂര്‍. യു ഡി എഫിന്റെ കോട്ടയെന്നാണ് മണലൂരിനെ വിശേഷിപ്പിക്കുന്നത്. മൂന്ന് തവണ മാത്രം എല്‍ ഡി എഫിനെ പിന്തുണച്ച മണലൂര്‍, 14 തിരഞ്ഞെടുപ്പുകളിലും യു ഡി എഫ് പ്രതിനിധികളെയായിരുന്നു വെന്നിക്കൊടി പാറിച്ചത്. പാര്‍ട്ടി നേതൃനിരയിലെ കരുത്തരെയാണ് ഇരുമുന്നണികളും ബി ജെ പിയും മണ്ഡലത്തില്‍ ഇത്തവണ മത്സരത്തിന് ഇറക്കിയിരിക്കുന്നത്.

കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ മണലൂരിന്റെ മണ്ണില്‍ നിന്നും ജനവിധി തേടുമെന്ന് സീറ്റ് വിഭജന ചര്‍ച്ചകള്‍ നടന്നപ്പോള്‍ അഭ്യൂഹം പരന്നിരുന്നു. എന്നാല്‍ അവസാന നിമിഷം ഡി സി സി പ്രസിഡന്റായ ഒ അബ്ദുര്‍റഹ്മാന്‍ കുട്ടിക്ക് യു ഡി എഫ് സ്ഥാനാര്‍ഥിപ്പട്ടം ലഭിക്കുകയായിരുന്നു. നിലവില്‍ യു ഡി എഫ് ഭരിക്കുന്ന മണ്ഡലം നിലനിര്‍ത്താനാണ് ഡി സി സി പ്രസിഡന്റിനെ തന്നെ ഇവിടെ നിന്നും മത്സരിപ്പിക്കുന്നതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഇതേ മണ്ഡലത്തില്‍ നിന്നും മത്സരിച്ച് എം എല്‍ എയായ മുരളി പെരുനെല്ലിയെ ഒരിക്കല്‍ കൂടി ഇറക്കി മണ്ഡലം പിടിച്ചെടുക്കാനാണ് എല്‍ ഡി എഫ് തന്ത്രങ്ങള്‍ മെനയുന്നത്. കര്‍ഷക സംഘം ജില്ലാ സെക്രട്ടറി കൂടിയായ ഇദ്ദേഹത്തിന് കര്‍ഷകരുടെ വോട്ടുകള്‍ അനായാസം പിടിച്ചെടുക്കാനാകുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു. 2006ല്‍ മുരളി പെരുനെല്ലി യു ഡി എഫില്‍ നിന്ന് പിടിച്ചെടുത്ത മണ്ഡലം 481 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് 2011ല്‍ സി പി എം ജില്ലാ സെക്രട്ടറിയായിരുന്ന ബേബി ജോണ്‍ കോണ്‍ഗ്രസിലെ പി എ മാധവനോട് അടിയറവ് പറഞ്ഞത്.

ബി ജെ പി സ്ഥാനാര്‍ഥിയായി ജനവിധി തേടുന്ന പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്റെ പ്രകടനം ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നതാണ്. മാറി മാറി മണ്ഡലം ഭരിക്കുന്ന ഇടത്- വലത് മുന്നണികള്‍ ഒരു വികസനവും കൊണ്ടുവന്നിട്ടില്ലെന്ന പ്രചാരണമാണ് പ്രധാനമായും ബി ജെ പി നടത്തുന്നത്.—
അരിമ്പൂര്‍, അന്തിക്കാട്, മണലൂര്‍, വെങ്കിടങ്ങ്, മുല്ലശ്ശേരി, പാവറട്ടി, തൈക്കാട്, എളവള്ളി എന്നീ എട്ട് പഞ്ചായത്തുകളെ ഉള്‍പ്പെടുത്തിയാണ് മണലൂര്‍ മണ്ഡലം 1957ല്‍ നിലവില്‍ വന്നത്. എന്നാല്‍ 2011ല്‍ നടന്ന പുനര്‍നിര്‍ണയത്തില്‍ അന്തിക്കാട് പഞ്ചായത്തിനെ മണലൂര്‍ മണ്ഡലത്തില്‍ നിന്നും ഒഴിവാക്കി.

വാടാനപ്പള്ളി, കണ്ടാണശ്ശേരി, ചൂണ്ടല്‍ പഞ്ചായത്തുകളെ പുതുതായി കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഗുരുവായൂര്‍ നഗരസഭയില്‍ ഒന്ന് മുതല്‍ ഒമ്പത് വരെ ബൂത്തുകളിലായി ഉള്‍പ്പെടുത്തിയ പഴയ തൈക്കാട് പഞ്ചായത്തും മണലൂര്‍ മണ്ഡലത്തില്‍ തന്നെയാണ്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പഴയ തൈക്കാട് പഞ്ചായത്തിലെ ഏഴ് ബൂത്തുകള്‍ യു ഡി എഫും രണ്ടെണ്ണം എല്‍ ഡി എഫും സ്വന്തമാക്കി. നിലവിലുള്ള ഒമ്പത് പഞ്ചായത്തുകളില്‍ പാവറട്ടി ഒഴികെ എട്ട് പഞ്ചായത്തുകളുടെയും ഭരണചക്രം തിരിക്കുന്നത് എല്‍ ഡി എഫാണ്.
കേരളത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രിയാകാന്‍ ജോസഫ് മുണ്ടശ്ശേരിക്ക് അവസരം നല്‍കിയ മണ്ഡലമെന്ന സവിശേഷതയും മണലൂരിനുണ്ട്.

1957ല്‍ പ്രഥമ തിരഞ്ഞെടുപ്പിലാണ് ജോസഫ് മുണ്ടശ്ശേരിയെ നിയമസഭയിലെത്തിച്ചത്. സി പി ഐ പ്രതിനിധിയായി മത്സരിച്ച ജോസഫ് മുണ്ടശ്ശേരി, എതിരാളിയായ കോണ്‍ഗ്രസിലെ എം സുകുമാരനെ 1950 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. പ്രഥമ നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലം ഇടതിനോടൊപ്പം നിന്നെങ്കിലും 1960ല്‍ വീണ്ടും അങ്കത്തിനിറങ്ങിയ ജോസഫ് മുണ്ടശ്ശേരിയെ മണലൂര്‍ കൈവിട്ടു. 2614 വോട്ടിന്റെ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസിലെ കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടാണ് മണ്ഡലത്തെ യു ഡി എഫ് കോട്ടയാക്കിയത്. തുടര്‍ന്ന് നടന്ന നാല് നിയമസഭാ തിരഞ്ഞെടുപ്പുകളിലും യു ഡി എഫ് മണലൂരിനെ വിജയ കിരീടമണിയിച്ചു. 1965ല്‍ ഐ എം വേലായുധനും 1967, 1970, 1977 എന്നീ വര്‍ഷങ്ങളില്‍ എന്‍ ഐ ദേവസ്സികുട്ടിയുമാണ് കോണ്‍ഗ്രസിന് വേണ്ടി മത്സരിച്ച് മണലൂരിനെ യു ഡി എഫ് കോട്ടയാക്കി നിലനിര്‍ത്തിയത്.

ഇടത് പക്ഷത്തിന് വേണ്ടി രംഗത്തിറങ്ങിയ പ്രമുഖരായ ബി വെല്ലിംഗ്ടണ്‍, വര്‍ഗീസ് മേച്ചേരി, എ വി ആര്യന്‍, എം വി ജയചന്ദ്രന്‍ എന്നിവരാണ് ഇക്കാലയളവില്‍ തോല്‍വിയുടെ കൈപ്പുനീര്‍ കുടിച്ചത്.
1980ല്‍ എ കെ ആന്റണി, ഇന്ദിര കോണ്‍ഗ്രസുമായി ഇടഞ്ഞപ്പോള്‍ ഇടത് പിന്തുണയോടെ മണലൂരില്‍ നിന്നും ജനവിധി തേടിയ വി എം സുധീരന്‍ ചരിത്രം തിരുത്തിയെഴുതി. തുടര്‍ച്ചയായി മൂന്ന് തവണ എം എല്‍ എ പട്ടം നേടിയ എന്‍ ഐ ദേവസ്സി കുട്ടിയില്‍ നിന്നും 7932 വോട്ടിന്റെ ഭൂരിപക്ഷത്തോടെയായിരുന്നു സുധീരന്‍ മണ്ഡലം ഇടത് പക്ഷത്തോട് ചേര്‍ത്ത് പിടിച്ചത്.

തുടര്‍ന്ന് 1982, 1987, 1991 എന്നീ വര്‍ഷങ്ങളില്‍ സുധീരന്‍ കോണ്‍ഗ്രസിന് വേണ്ടി മത്സരിച്ചപ്പോഴും മണ്ഡലം സുധീരന്റെ കൈയിലമര്‍ന്ന് യു ഡി എഫ് കോട്ട വീണ്ടും കെട്ടിപ്പടുത്തു. സി പി എമ്മിന് വേണ്ടി കളത്തിലിറങ്ങിയ എ എസ് എന്‍ നമ്പീശന്‍, പി സി ജോസഫ്, കെ എഫ് ഡേവിസ് എന്നിവരാണ് സുധീരനോട് പടവെട്ടി തോറ്റത്.
1996ല്‍ ഇടത് സ്വതന്ത്രനായി മത്സരിച്ച സി ജി ശാന്തകുമാറിനെ റോസമ്മ ചാക്കോയും 2001ല്‍ സി പിഎമ്മിന് വേണ്ടി കളത്തിലിറങ്ങിയ എന്‍ ആര്‍ ബാലനെ എം കെ പോള്‍സണും മലര്‍ത്തിയടിച്ച് മണ്ഡലത്തെ യു ഡി എഫ് കോട്ടയാക്കി നിലനിര്‍ത്തി. 2006ല്‍ സി പി എം പ്രതിനിധിയായി മത്സരിച്ച മുരളി പെരുനെല്ലിയാണ് മണ്ഡലത്തെ വീണ്ടും എല്‍ ഡി എഫിന് അനുകൂലമാക്കിയത്. യു ഡി എഫിന് വേണ്ടി വീണ്ടും ജനവിധി തേടിയ എം കെ പോള്‍സനെ 7720 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മുരളി പെരുനെല്ലി പരാജയപ്പെടുത്തിയത്.

2011ലെ മണ്ഡലം പുനര്‍നിര്‍ണയ ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് വേണ്ടി മത്സരിച്ച കോണ്‍ഗ്രസിലെ പി എ മാധവന്‍ മണ്ഡലത്തെ വീണ്ടും കൈപ്പിടിയിലൊതുക്കി.2014ലെ ലോക്‌സഭാ തിരഞ്ഞടുപ്പില്‍ എല്‍ ഡി എഫിന് വേണ്ടി അങ്കത്തിനിറങ്ങിയ സി പി ഐയിലെ സി എന്‍ ജയദേവന്‍ മണലൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് 6928 വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടിയത്.
ജനുവരി ഒന്ന് വരെയുള്ള കണക്കുകള്‍ പ്രകാരം 99,162 പുരുഷന്മാരും 1,10,980 സ്ത്രീകളുമുള്‍പ്പെടെ 2,10,142 വോട്ടര്‍മാരാണ് മണ്ഡലത്തിന്റെ ഭാവി നിര്‍ണയിക്കാനിരിക്കുന്നത്.